
കനത്ത മഴയില്‍ ആലപ്പുഴ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്ര പരിസരം വെള്ളത്തില്‍ മുങ്ങിയ നിലയില്‍
പ്രളയ ദുരന്തത്തിനിടെ ഭരണദുരന്തവും അനുഭവിക്കേണ്ട അവസ്ഥയിലാണ് മലയാളികള്‍. കേരളത്തില്‍ പൊതുവേയും, ചില ജില്ലകളില്‍ രൂക്ഷമായും അനുഭവപ്പെടുന്ന മഴക്കെടുതികള്‍ ജനങ്ങളെ ദുരിതത്തിലാഴ്‌ത്തുമ്പോള്‍ ഇതിന്റെ ഗൗരവം ഉള്‍ക്കൊള്ളാതെ സംസ്ഥാന സര്‍ക്കാര്‍ പെരുമാറുന്നതാണ് വിമര്‍ശനം ക്ഷണിച്ചുവരുത്തിയിട്ടുള്ളത്. ജനങ്ങളില്‍ വലിയൊരു വിഭാഗം ദുരിതക്കയത്തില്‍ ആണ്ടുമുങ്ങുമ്പോള്‍ അവരോട് സഹതാപം പുലര്‍ത്താതെയും, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി ഏകോപിപ്പിക്കാതെയും മുഖ്യമന്ത്രി വി.ഡി.സതീശന്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഹെലികോപ്റ്ററില്‍ യാത്ര നടത്തിയെന്നും, വിരുന്നു സല്‍ക്കാരത്തില്‍ പങ്കെടുത്തുവെന്നുമാണ് പ്രധാന വിമര്‍ശനം. ഈ രണ്ടു കാര്യങ്ങളിലും മുഖ്യമന്ത്രി നല്‍കുന്ന വിശദീകരണവും ന്യായീകരണവും തൃപ്തികരമല്ല. കുറഞ്ഞപക്ഷം സംസ്ഥാനത്തിന്റെ ഭരണാധികാരി പുലര്‍ത്തേണ്ട ഔചിത്യം കാണുന്നുമില്ല.
മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹെലികോപ്റ്റര്‍ യാത്രയെയും വിരുന്നു സല്‍ക്കാരത്തെയും വിമര്‍ശിക്കുന്ന സിപിഎമ്മും ഇടതുമുന്നണി ഘടകകക്ഷികളും പക്ഷേ, മലര്‍ന്നു കിടന്ന് തുപ്പുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണകാലത്ത് പ്രകൃതിദുരന്തങ്ങളിലെ രക്ഷാപ്രവര്‍ത്തനം, മാവോയിസ്റ്റ് വേട്ട, അടിയന്തര സാഹചര്യങ്ങളില്‍ വിഐപികളുടെ യാത്ര, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടുള്ള അടിയന്തര യാത്രകള്‍ തുടങ്ങിയവയ്‌ക്കായാണ് ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തത്. പക്ഷേ തനിക്ക് സൗകര്യം പോലെ പറന്നുനടക്കാന്‍ ഈ ഹെലികോപ്റ്റര്‍ ഉപയോഗിക്കുകയാണ് പിണറായി വിജയന്‍ ചെയ്തത്. പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ പോലും സര്‍ക്കാര്‍ ചെലവില്‍ ഈ ഹെലികോപ്റ്ററിലാണ് പിണറായി പോയത്.
യഥാര്‍ത്ഥത്തില്‍ ഇതൊരു വലിയ ധൂര്‍ത്തായിരുന്നു. പ്രതിമാസം 80 ലക്ഷം രൂപയാണ് ഹെലികോപ്റ്ററിന്റെ വാടക. ഈ മാസം അവസാനമാണ് കരാര്‍ അവസാനിക്കുന്നത്. ഒരു മാസം 25 മണിക്കൂര്‍ ഉപയോഗിക്കാം. 25 മണിക്കൂറിലധികം പറന്നാല്‍ അധികമായി ഉപയോഗിക്കുന്ന സമയത്തിന് കൂടുതല്‍ തുക നല്‍കണം. ഈ ധൂര്‍ത്തിനെ നിശിതമായി വിമര്‍ശിച്ചയാളാണ് അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശന്‍. അതേയാള്‍ മുഖ്യമന്ത്രിയായപ്പോള്‍ ഇതേ വിമര്‍ശനം കേള്‍ക്കേണ്ടി വരുന്നു എന്നത് എന്തൊരു വിരോധാഭാസമാണ്!
എല്‍ഡിഎഫിന്റെ ഭരണകാലത്ത് പിണറായി വിജയനെ സിപിഎമ്മുകാര്‍ ന്യായീകരിച്ചത് പോലെയാണ് ഇപ്പോള്‍ കോണ്‍ഗ്രസുകാര്‍ സതീശനെ വെള്ളപൂശുന്നത്. ആഡംബരത്തിന്റെയും ധൂര്‍ത്തിന്റെയും കാര്യത്തില്‍ ഇക്കൂട്ടര്‍ ഒരേ തൂവല്‍ പക്ഷികളാണ് എന്നര്‍ത്ഥം.
ഹെലിക്കോപ്റ്റര്‍ വാടകയ്‌ക്കെടുത്തത് ധൂര്‍ത്തിന്റെ അങ്ങേയറ്റം എന്നു പറഞ്ഞയാള്‍ അതേ കാര്യം പറഞ്ഞ് തന്റെ ആകാശയാത്രയെ ന്യായീകരിക്കുന്നത് പരിഹാസ്യമാണ്. സര്‍ക്കാരിന്റെ ദൈനംദിന ചെലവുകള്‍ക്കുള്ള പണം പോലും കണ്ടെത്താനാവാത്ത സാഹചര്യത്തിലും മാസം 80 ലക്ഷം രൂപ ചെലവില്‍ മുഖ്യമന്ത്രിയുടെ യാത്രയ്‌ക്ക് ഹെലികോപ്റ്റര്‍ വാടകയ്‌ക്ക് എടുത്തെന്നായിരുന്നുവല്ലോ പ്രതിപക്ഷ നേതാവായിരുന്ന സതീശന്റെ വിമര്‍ശനം. ഇത് വിസ്മരിച്ചുകൊണ്ടാണ് കാലം മാറുമ്പോള്‍ കാറിന് പകരം ഹെലികോപ്റ്ററിലൊക്കെ സഞ്ചരിക്കേണ്ടിവരുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ന്യായീകരിക്കുന്നത്. ഇടതു ദുര്‍ഭരണത്തിനെതിരെ വോട്ടുചെയ്ത ജനങ്ങളോടുള്ള വെല്ലുവിളിയാണിത്.
പത്ത് വര്‍ഷത്തെ ഭരണത്തില്‍ സഹികെട്ടാണ് പിണറായി വിജയന്റെ സര്‍ക്കാരിനെ ജനങ്ങള്‍ താഴെയിറക്കിയത്. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ കെടുകാര്യസ്ഥത വലിയ ജനരോഷം ക്ഷണിച്ചുവരുത്തുകയുണ്ടായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പോലും സിപിഎമ്മുകാര്‍ കയ്യിട്ടുവാരി. ഇതിനൊക്കെ മാറ്റംവരുത്തുമെന്ന അവകാശവാദവുമായാണ് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയത്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയ്‌ക്ക് യുഡിഎഫ് ഭരണത്തിലും മാറ്റം വന്നിട്ടില്ല. പിണറായിയുടെ ധാര്‍ഷ്ട്യം സതീശനിലേക്ക് പകര്‍ന്നിരിക്കുന്നു. ഇടതും വലതും രണ്ടല്ലെന്നും, ദുരന്ത കാലത്തുപോലും ജനങ്ങള്‍ക്കൊപ്പം നില്‍ക്കാത്തവരാണ് ഇവരെന്നും ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുകയാണ്.