
ചണ്ഡീഗഡ്: അയോധ്യയിലെ ബാബരി മസ്ജിദ് തകർത്ത സംഭവവുമായി ബന്ധപ്പെട്ട അന്വേഷണ കമ്മിഷന് നേതൃത്വം നൽകിയ മുൻ ജഡ്ജി ജസ്റ്റിസ് മന്മോഹൻ സിങ് ലിബർഹാൻ അന്തരിച്ചു (Justice MS Liberhan). 87 വയസായിരുന്നു. ഞായറാഴ്ച ചണ്ഡീഗഡിലായിരുന്നു അന്ത്യം. തിങ്കളാഴ്ചയാണ് സംസ്കാര ചടങ്ങുകൾ നടക്കുകയെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് രോഹിത് സുഡ് അറിയിച്ചു.
1964-ൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിൽ അഭിഭാഷകനായാണ് ജസ്റ്റിസ് ലിബർഹാൻ നിയമരംഗത്ത് പ്രവേശിച്ചത്. 1970 ഓഗസ്റ്റിൽ പഞ്ചാബ്-ഹരിയാന ബാർ കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1987 വരെ വിവിധ ചുമതലകൾ വഹിച്ചു. 1976 ജനുവരി മുതൽ 1983 ജൂൺ വരെ ബാർ കൗൺസിൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 1987 ഫെബ്രുവരി 11ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജഡ്ജിയായി നിയമിതനായ ലിബർഹാൻ പിന്നീട് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി.
1997 ജൂലൈ 7നായിരുന്നു നിയമനം. തുടർന്ന് 1998 ഫെബ്രുവരി 28ന് ആന്ധ്രപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും അദ്ദേഹം ചുമതലയേറ്റു. 1992 ഡിസംബർ 16നാണ് അയോധ്യയിലെ ബാബരി മസ്ജിദ് തകർത്ത സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ അന്വേഷിക്കാൻ കേന്ദ്ര സർക്കാർ രൂപീകരിച്ച ഏകാംഗ അന്വേഷണ കമ്മിഷന്റെ അധ്യക്ഷനായി ജസ്റ്റിസ് ലിബർഹാനെ നിയമിച്ചത്.
രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ അന്വേഷണ കമ്മിഷനുകളിൽ ഒന്നായിരുന്നു ലിബർഹാൻ കമ്മിഷൻ. 17 വർഷത്തിലേറെ നീണ്ട അന്വേഷണത്തിന് ശേഷം 2009ൽ കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചു. ബാബരി മസ്ജിദ് തകർത്ത സംഭവവുമായി ബന്ധപ്പെട്ട രാഷ്‌ട്രീയ, സംഘടനാ തലത്തിലുള്ള വിവിധ വിഷയങ്ങളാണ് റിപ്പോർട്ടിൽ പരിശോധിച്ചത്.