രാവണന്‍ സീതയെ ആകാശമാര്‍ഗം ലങ്കയിലേക്ക് കൊണ്ടുപോകുമ്പോഴാണ് വൃദ്ധനായ കഴുകരാജാവ് ജടായു ആ കാഴ്ച കാണുന്നത്. ദശരഥ മഹാരാജാവിന്റെ സുഹൃത്തായിരുന്ന ജടായു, സീതയെ തന്റെ പുത്രവധുവിനെപ്പോലെയാണ് കണ്ടത്. വാര്‍ധക്യം ശരീരത്തെ തളര്‍ത്തിയിരുന്നെങ്കിലും ധര്‍മ്മബോധം അദ്ദേഹത്തെ പിന്നോട്ടടിച്ചില്ല. രാവണന്റെ രഥത്തിനുനേരെ പറന്നുചെന്ന് സീതയെ മോചിപ്പിക്കാന്‍ അദ്ദേഹം പോരാടി.
കഠിനമായ യുദ്ധത്തില്‍ ജടായു രാവണന്റെ രഥം തകര്‍ത്തു, കുതിരകളെ വീഴ്‌ത്തി. ഒടുവില്‍ കോപാകുലനായ രാവണന്‍ തന്റെ വാളുകൊണ്ട് ജടായുവിന്റെ ചിറകുകള്‍ ഛേദിച്ചു. ഗുരുതരമായി പരിക്കേറ്റ് നിലത്തുവീണ ജടായു, അവസാന ശ്വാസംവരെ രാമനെ കാത്തിരുന്നു. സീതയെ രാവണന്‍ തെക്കോട്ടാണ് കൊണ്ടുപോയതെന്ന് അദ്ദേഹം രാമനോട് പറഞ്ഞു. പിതാവിന്റെ സുഹൃത്തിന് സ്വന്തം കൈകളാല്‍ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ച രാമന്‍, ജടായുവിന് ഉന്നതഗതി ലഭിക്കട്ടെയെന്ന് പ്രാര്‍ത്ഥിച്ചു.
ജടായു ജയിച്ചില്ല; പക്ഷേ അദ്ദേഹം തോറ്റതുമില്ല. ധര്‍മ്മത്തിന്റെ പക്ഷത്ത് അവസാനശ്വാസംവരെ നിലകൊള്ളുന്ന ജീവിതം ഒരിക്കലും പരാജയമല്ല.
രാമസ്പര്‍ശം: സത്യത്തിന്റെ പക്ഷത്ത് അവസാന നിമിഷംവരെ നിലകൊള്ളുന്ന ധൈര്യമാണ് വിജയത്തേക്കാള്‍ മഹത്തായത്.
















