
കോഴിക്കോട് : മെഡിക്കൽ കോളേജിന് സമീപം പുലർച്ചെയുണ്ടായ ശക്തമായ മഴയിൽ വീട് തകർന്നു വീണു. വെള്ളിപറമ്പ് സ്വദേശി നൗഷാദിന്റെ വീടിന്റെ അടുക്കളയും ബാത്റൂമും വർക്ക് ഏരിയയുമാണ് പൂർണ്ണമായും തകർന്നു വീണത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ഉഗ്രശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്ന നാല് പേർ സിറ്റ്ഔട്ടിന്റെ ഭാഗത്തേക്ക് ഓടി മാറിയതിനാൽ വൻ ദുരന്തവും ആളപായവും ഒഴിവായി.
വീട്ടുപകരണങ്ങൾ പൂർണ്ണമായും മണ്ണിൽ പുതഞ്ഞ നിലയിലാണ്. വീടിന് അടിയിലുള്ള മണ്ണ് ഇടിഞ്ഞു താഴേക്ക് വീഴുന്നതിനാൽ ബാക്കി ഭാഗങ്ങളും അപകടഭീഷണിയിലാണ്. ഇനിയും മഴ പെയ്താൽ വീട് പൂർണ്ണമായും തകരുമെന്ന ആശങ്കയുണ്ട്. തൊട്ടപ്പുറത്തെ വീടിന്റെ മതിലിനോട് ചേർന്നുള്ള ഭാഗവും ഇടിഞ്ഞിട്ടുണ്ട്.
ഓട്ടോറിക്ഷ ഓടിച്ച് ജീവിക്കുന്ന സാധാരണക്കാരനാണ് വീടുടമയായ നൗഷാദ്. വിവരമറിഞ്ഞ് വാർഡ് മെമ്പറും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.