രംഗം ഒന്ന്: സമയം ഇളംമഞ്ഞ് പൊഴിയുന്ന പുലര്‍വേള. സ്ഥലം ഒന്നര നൂറ്റാണ്ട് മുമ്പുള്ള പരമേശ്വരം ഗ്രാമം. ഗ്രാമത്തിലെ ആദ്യ വിദ്യാലയമായ പരമേശ്വര വിദ്യാനികേതനത്തില്‍ ദൂരദേശങ്ങളിലെ വിദ്യാര്‍ത്ഥികളെ സ്വന്തം ചെലവില്‍ താമസിപ്പിച്ച് പഠിപ്പിക്കുന്ന മുഖ്യ അധ്യാപകന്‍ പരമേശ്വരന്‍ പിള്ളയാശാന്‍. ഗ്രാമത്തിലെ ആരാധ്യനായതിനാല്‍ ജ്ഞാനി ആശാനെന്ന് നാട്ടുകാര്‍ ബഹുമാനത്തോടെ വിളിക്കുന്ന ആശാനു സമീപം കുട്ടികള്‍ വിദ്യ അഭ്യസിക്കുന്നു. താമസിച്ചുപഠിക്കുന്നവരും, ദിവസവും വന്നുപോകുന്നവരുമായവര്‍ ഇക്കൂട്ടത്തിലുണ്ട്. സംസ്‌കൃതം, കഥകളി, ആയുര്‍വേദം എന്നിവയാണ് മുഖ്യ പാഠ്യവിഷയം.
രംഗം രണ്ട്: പരമേശ്വരം ഗ്രാമത്തിലുള്ള ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും വെങ്കിടേശ്വര സുപ്രഭാത കീര്‍ത്തനം അന്തരീക്ഷത്തിലൂടെ ഒഴുകി പരക്കുന്നു. ക്ഷേത്രക്കാവിനു സമീപമുള്ള താമരക്കുളത്തില്‍ നീര്‍പ്പക്ഷികള്‍ നീന്തിത്തുടിക്കുന്നു. സമീപത്തെ കാവില്‍ ജ്ഞാനിയാശാനെ യോഗീശ്വരനായി കുടിയിരുത്തി ദിവസവും പൂജയും വിളക്കുവയ്‌പും നടത്തിവരുന്ന നാട്ടുകാര്‍ പ്രാര്‍ത്ഥനാ നിരതരായി നില്‍ക്കുന്നു.
രംഗം മൂന്ന്: പരമേശ്വരന്‍പിള്ളയാശാന്റെ മൂത്തപുത്രന്‍ കൃഷ്ണപിള്ളയുടെ ആണ്‍കുഞ്ഞിന്റെ നാമകരണച്ചടങ്ങ്. തന്റെ അച്ഛന്റെ പേരുതന്നെ കൃഷ്പിള്ള മകന്റെ ചെവിയില്‍ മൂന്നുതവണ ചൊല്ലിവിളിക്കുന്നു. പരമേശ്വരന്‍.
രംഗം നാല്: പരമേശ്വരന്‍ എന്ന കുഞ്ഞ് വളര്‍ന്ന് യുവാവായി. ‘കന്യാകുമാരി മുതല്‍ കപിലവസ്തുവരെ’ ഷോഡശ സംസ്‌കാരങ്ങളുടെ പൊരുളന്വേഷിച്ച് നടന്നു. ഇരുപത്തിയൊന്‍പതാം വയസില്‍ വൈദികചടങ്ങുകളോടെ വിവാഹിതനായി സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. വര്‍ഷങ്ങള്‍ക്കുശേഷം കോഴിക്കോടെത്തി കേസരി വാരികയുടെ പത്രാധിപരായി. അപ്പോഴേക്കും സാധുശീലന്‍ പരമേശ്വരന്‍പിള്ള എന്നായി പേര്. കന്യാകുമാരി വിവേകാനന്ദ സ്മാരക നിര്‍മാണത്തിനായി കര്‍മ്മമേഖല പൂര്‍ണമായും സമര്‍പ്പിച്ച് സംന്യാസം സ്വീകരിച്ച് സ്വാമി പരമേശ്വരാനന്ദ സരസ്വതിയായി പരിവര്‍ത്തനം ചെയ്യപ്പെടുന്നു.
പാരമ്പര്യത്തിന്റെ പ്രവാഹം
കേന്ദ്രസര്‍ക്കാരിലെ ജോലി വലിച്ചെറിഞ്ഞ് ഭാരതീയ സംസ്‌കാരത്തിനുവേണ്ടി സ്വയം സമര്‍പ്പിച്ച സ്വാമി പരമേശ്വരാന്ദയുടെ മൂത്ത മകനാണ് പ്രസിദ്ധ സിനിമാ നിരൂപകനും സംവിധായകനും സാഹിത്യകാരനുമായ പി. വിജയകൃഷ്ണന്‍. സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നത് വിജയകൃഷ്ണന്‍ പരമേശ്വരന്‍. അറിവുകള്‍ പകര്‍ന്നുനല്‍കുന്ന പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചയാണ് ശരിയായ അര്‍ത്ഥത്തില്‍ മലയാളത്തിലെ ആദ്യ സിനിമാ നിരൂപകനായ വിജയകൃഷ്ണന്‍. വേരുകളിലൂടെ ഒഴുകി നിറയുന്ന രസമാണ് കല്‍പ്പവൃക്ഷത്തിന്റെ കാമ്പിലെ വീര്യം. അതുതന്നെയാണ് വിജയകൃഷ്ണന്റെ പ്രവര്‍ത്തന വിജയവും.
സിനിമാ നിരൂപകനാകണമെന്ന് ഒരിക്കലും ചിന്തിച്ചിരുന്ന ആളായിരുന്നില്ല. സിനിമ സമൂഹത്തെ നശിപ്പിക്കുന്ന ഒന്നായിട്ടാണ് അച്ഛന്‍ കണ്ടിരുന്നത്. എന്നാല്‍ സിനിമാ വിരോധിയായ അച്ഛന്‍ തന്നെയാണ് ആദ്യമായി സിനിമ കാണിക്കാന്‍ കൊണ്ടുപോയത്. നാലാം ക്ലാസിലെ അവധിക്കാലത്ത് അച്ഛന്റെ ജോലിസ്ഥലമായ കോഴിക്കോട് വച്ച്. സീതാരാമ കല്യാണമാണ് അന്ന് കണ്ടത്. പിന്നീട് ബംഗാളി ചിത്രമായ ഭഗിനി നിവേദിതയും കാണാന്‍ കൊണ്ടുപോയി. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ട്യൂഷന്‍ ക്ലാസ് കട്ട് ചെയ്ത് നാട്ടുകാര്‍ക്കൊപ്പം ‘ചെമ്മീന്‍’ കാണാന്‍ പോയി. എല്ലാവരും പ്രശംസകൊണ്ട് ചൊരിയുന്ന ചിത്രമായിരുന്നു ദേശീയ അവാര്‍ഡ് നേടിയ ചെമ്മീന്‍. എന്നാല്‍ ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ അന്തിയൂര്‍ക്കോണം സ്‌കൂളില്‍ തന്റെ അധ്യാപകനായിരുന്ന മലയിന്‍കീഴ് വായനശാലയിലെ ലൈബ്രേറിയന്‍ സിനിമയിലെ പോരായ്‌മകള്‍ മറ്റ് സിനിമകളുമായി താരതമ്യം ചെയ്ത് പറയുന്നതുകേട്ടു. സിനിമാ ആസ്വാദനത്തില്‍ സ്വന്തമായ അഭിപ്രായം പറയാന്‍ പ്രേരണയായത് ഈ സംഭവമായിരുന്നു.
പത്താംക്ലാസ് ജയിച്ചപ്പോള്‍ സംസ്‌കൃത കോളജില്‍ ചേര്‍ന്നത് മലയാളസാഹിത്യം നന്നായി കൈകാര്യം ചെയ്യാന്‍ സംസ്‌കൃതത്തിന്റെ അടിത്തറവേണമെന്നതിനാലാണ്. സ്‌കൂള്‍ ടോപ്പറായിരുന്ന താന്‍ പ്രീഡിഗ്രിക്ക് ഫസ്റ്റ്ഗ്രൂപ്പോ സെക്കന്‍ഡ് ഗ്രൂപ്പോ എടുക്കുമെന്നാണ് എല്ലാവരും കരുതിയത്. ചില അധ്യാപകരുടെ ക്ലാസ് ബോറഡിച്ചതോടെ രാവിലെ ക്ലാസ് കട്ട് ചെയ്ത് പബ്ലിക് ലൈബ്രറിയില്‍ വായനയില്‍ മുഴുകി. ഉച്ചയ്‌ക്ക് ശേഷം പല ഭാഷകളിലെ ചലച്ചിത്രങ്ങള്‍ കണ്ട് സമയം ചെലവഴിച്ചു.
തുടര്‍ന്ന് വായന സിനിമയുമായി ബന്ധപ്പെട്ട പുസ്തകങ്ങളായി. കലാപരമായ സിനിമയും ജനകീയ സിനിമയും ഒന്നായിക്കൊള്ളണമെന്നില്ലെന്ന് തിരിച്ചറിവുണ്ടായി. നല്ല സിനിമ തേടിപ്പിടിച്ച് കാണാനുള്ള ശ്രമം തുടങ്ങിയതിങ്ങനെയാണ്. പട്ടം കല്‍പ്പന തിയേറ്ററില്‍ സത്യജിത് റേയുടെ സിനിമ പ്രദര്‍ശിപ്പിക്കുന്ന വിവരം അറിഞ്ഞ് തലേദിവസമേ എത്തി. ഹോസ്റ്റലില്‍ താമസിക്കുന്ന സുഹൃത്തിന്റെ മുറിയില്‍ അധികൃതര്‍ അറിയാതെ തങ്ങി രാവിലെ പോയി സിനിമ കണ്ടു. മറ്റൊരുദിവസം ടാഗോര്‍ തിയേറ്ററില്‍ ചിത്രലേഖ എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്നതറിഞ്ഞ് മെമ്പര്‍ഷിപ്പില്ലെങ്കിലും അവിടെയെത്തി. മുന്‍വശത്ത് കാവല്‍ക്കാരില്ലാതെ തുറന്നുകിടന്ന വാതിലിലൂടെ അകത്തുപ്രവേശിച്ച് സീറ്റ് തരപ്പെടുത്തി. ഇതറിഞ്ഞ സുഹൃത്തിന്റെ നിര്‍ദ്ദേശം സ്വീകരിച്ചാണ് പിന്നീട് സ്വന്തമായൊരു ഫിലിം സൊസൈറ്റി തുടങ്ങിയത്. അങ്ങനെ തലസ്ഥാനത്ത് നിരവധി കലാമൂല്യമുള്ള സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. ടിക്കറ്റു വില്‍ക്കുന്നതിനിടയില്‍ സിനിമാരംഗത്തെ നിരവധി പ്രമുഖരെ പരിചയപ്പെട്ടു. കെ.പി. കുമാരനുമായുള്ള പരിചയം ‘അതിഥി’യുടെ അസിസ്റ്റന്റ് ഡയറക്ടറാകാനിടയാക്കി. എട്ടുപത്തുപേരുടെ ജോലി ഒറ്റയ്‌ക്ക് ചെയ്യേണ്ടിവന്നു. സിനിമ എന്നത് ഒരു കോളം വാര്‍ത്തയ്‌ക്കപ്പുറം പ്രധാനപ്പെട്ട ഒരു ലേഖനമായി വരുന്നത് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വിജയകൃഷ്ണനെഴുതിയ ‘കാണാനും വായിക്കാനും’ എന്ന ലേഖനമാണ്. കവര്‍സ്റ്റേറിയായി വന്നു. അത് വലിയൊരു മാറ്റമായിരുന്നു. അതോടെ മുഖ്യധാരാ മാധ്യമങ്ങളിലെ പൊതു ഇടം സിനിമയ്‌ക്ക് നല്‍കിത്തുടങ്ങി. ദേശാഭിമാനിയിലൂടെ ആയിരുന്നു വിജയകൃഷ്ണന്‍ സിനിമാ നിരൂപണം എഴുതിത്തുടങ്ങിയത്.

തെളിഞ്ഞ ഭാഷയും വിലയിരുത്തലുകളും
മൂല്യവത്തായതുമാത്രമേ എല്ലാക്കാലത്തും അവശേഷിക്കൂ എന്നാണ് വിജയകൃഷ്ണന്റെ വിമര്‍ശന മതം. ഫാഷനായി കൊണ്ടുനടക്കുന്ന പലതും മണ്ണടിയാം. കലയിലും സാഹിത്യത്തിലും സംസ്‌കാരത്തിലും ഇതുതന്നെയാണ് നടക്കുക. സിനിമയിലെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിലൂടെയും കടുത്ത വിമര്‍ശനങ്ങളിലൂടെയും വിജയകൃഷ്ണന്‍ എന്നും ശ്രദ്ധേയനാണ്. സിനിമകളെ അവ പുറത്തിറങ്ങിയ കാലഘട്ടവുമായും, മുന്‍കാല ക്ലാസിക്കുകളുമായും താരതമ്യം ചെയ്താണ് വിലയിരുത്തുന്നത്. ചലച്ചിത്രങ്ങളെ പുരാണങ്ങളുമായും ഉപനിഷത്തുകളുമായും മിത്തുകളുമായും ബന്ധിപ്പിച്ചു കൊണ്ടുള്ള അപഗ്രഥനരീതി വിമര്‍ശനത്തിലെ പ്രത്യേകതയാണ്. മനസിലെ നൈര്‍മല്യമാണ് ഭാഷ. വിമര്‍ശനത്തിലും സാഹിത്യസൃഷ്ടികളിലും അനാവശ്യമായ സാങ്കേതിക പദാവലികള്‍ ഒഴിവാക്കി സാധാരണ വായനക്കാരനും മനസിലാകുന്ന ഭാഷയാണ് വിജയകൃഷ്ണന്‍ ഉപയോഗിക്കുന്നത്.
സര്‍ഗാത്മക വസന്തകാലം
1952 നവംബര്‍ അഞ്ചിന് പരമേശ്വരപിള്ളയുടെയും വിജയമ്മയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ചു. ചെറുകഥകളും നോവലുകളും രചിച്ചു കൊണ്ടാണ് സാഹിത്യവസന്തത്തിലേക്ക് കടന്നു വന്നത്. 1986 ല്‍ നിധിയുടെ കഥ എന്ന ചിത്രത്തിലൂടെ വിജയകൃഷ്ണന്‍ സംവിധാനരംഗത്ത് അരങ്ങേറ്റം കുറിച്ചു. ഈ സിനിമയിലൂടെയാണ് സന്തോഷ് ശിവന്‍ ക്യാമറാമാനായി തുടക്കംകുറിച്ചത്. 1982 ല്‍ മികച്ച ചലച്ചിത്രഗ്രന്ഥത്തിന് (ചലച്ചിത്ര സമീക്ഷ) ദേശീയ പുരസ്‌കാരം. 84, 85, 86 വര്‍ഷങ്ങളില്‍ മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാന പുരസ്‌കാരം (ചലച്ചിത്രത്തിന്റെ പൊരുള്‍, മാറുന്ന പ്രതിച്ഛായകള്‍, കറുപ്പും വെളുപ്പും വര്‍ണങ്ങളും), 1989 ല്‍ കുട്ടികളുടെ ചലച്ചിത്രത്തിന് ഫിലിം ക്രിട്ടിക്സ് പുരസ്‌കാരം (കമണ്ഡലു), 91 ല്‍ മികച്ച ചലച്ചിത്രഗ്രന്ഥത്തിന് സംസ്ഥാന പുരസ്‌കാരം (കാലത്തില്‍ കൊത്തിയ ശില്‍പ്പങ്ങള്‍), 95 ല്‍ കുട്ടികളുടെ നോവലിന് ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്‌കാരം (ഭൂതത്താന്‍കുന്ന്), 2005 ല്‍ മികച്ചചലച്ചിത്രരചനയ്‌ക്ക് സംസ്ഥാന പുരസ്‌കാരം (ക്ലാസിക്കുകള്‍ കോമാളി നാടകങ്ങളാകുന്നത്), 2011 ല്‍ കോഴിക്കോടന്‍ പുരസ്‌കാരം (തിരക്കഥയും സിനിമയും) തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചു. നിരവധി നോവലുകളുടെയും ബാലസാഹിത്യകൃതികളുടെയും രചയിതാവും ആറ് സിനിമകളുടെ സംവിധായകനുമാണ്. ലോക സിനിമയിലെ മാസ്റ്റര്‍പീസുകളെയും സംവിധായകരെയും മലയാളിക്ക് പരിചയപ്പെടുത്തുന്നതിലും വിജയകൃഷ്ണന്റെ കൃതികള്‍ മുഖ്യപങ്കുവഹിച്ചു.
സിനിമയിലും സാഹിത്യത്തിലും കേമന്മാര്‍ തങ്ങളാണെന്ന മലയാളിയുടെ വിചാരം ശരിയല്ലെന്നും, ഇത്തരം സങ്കുചിത ചിന്ത വളര്‍ച്ചയ്‌ക്ക് തടസമാകുമെന്നും പറയുമ്പോഴും ലോകസിനിമയെക്കുറിച്ചുള്ള അവബോധത്തില്‍ മലയാളി മുമ്പിലാണെന്നും, മലയാളത്തില്‍ നല്ല പ്രേക്ഷകരുണ്ടെന്നും വിജയകൃഷ്ണന്‍ വ്യക്തമാക്കുന്നു.

സീരിയലുകള്‍, പുസ്തകങ്ങള്‍
തിരുവനന്തപുരം ദൂരദര്‍ശനില്‍ സീരിയലുകളുടെ തുടക്കകാലത്ത് ശ്രദ്ധേയമായ സീരിയലുകള്‍ സംവിധാനം ചെയ്തു. മികച്ച ടിവി സീരിയലുകള്‍, ഡോക്യുമെന്ററി തുടങ്ങി വിവിധ വിഭാഗങ്ങളിലായി ആറുതവണ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് കരസ്ഥമാക്കി. ഒരിടത്ത് ഒരിക്കല്‍, കഥാസംഗ്രഹം, ചമയം, ഏക് ഫോര്‍ ഓകെ, പട്ടോലപ്പൊന്ന് തുടങ്ങിയവയായിരുന്നു അക്കാലത്ത് ചെയ്ത പ്രധാന സീരിയലുകള്‍. വിവിധ വിഭാഗങ്ങളിലായി 52 പുസ്തകങ്ങള്‍ രചിച്ചു. അന്‍പത്തിയൊന്നാമത്തെ പുസ്തകമായ ശിവപുരത്തെ ശാന്തിക്കാരന്‍ എന്ന ഓര്‍മ്മപുസ്തകത്തിന് 2025 ലെ ഫൊക്കാന അവാര്‍ഡ് ലഭിച്ചു. വൈക്കം മുഹമ്മദ് ബഷീറിന് തന്നെക്കുറിച്ചെഴുതിയ കൃതികളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് വിജയകൃഷ്ണന്റെ ‘ഇരുട്ടില്‍ ഉറങ്ങാതിരിക്കുന്ന ഒരാള്‍’ എന്ന പുസ്തകമായിരുന്നു. ശ്രാദ്ധവാഹക സംഘം, ഒസ്യത്ത്, അനുയായി, ബാലികേറാമല, ഹംസങ്ങള്‍ പറന്നവഴി തുടങ്ങി കേസരി വാരികയില്‍ എഴുതിക്കൊണ്ടിരിക്കുന്ന പോര്‍മുഖം വരെ നിരവധി നോവലുകളും മറ്റ് സര്‍ഗാത്മക രചനകളും നിര്‍വഹിച്ചിട്ടുണ്ട്.
സിനിമയുടെ സമഗ്രചരിത്രം രചിച്ചുകഴിഞ്ഞ വിജയകൃഷ്ണന്‍ ചരിത്രപരവും സര്‍ഗാത്മകവുമായ രചനയില്‍ കൂടുതല്‍ സമയം ചെലവഴിക്കാനാണ് ഇനിയുള്ള കാലം ലക്ഷ്യമിടുന്നത്. സാഹിത്യം കച്ചവടച്ചരക്കായ കാലം ഇന്നത്തേതുപോലെ മറ്റൊന്നില്ല. മൂല്യത്തെക്കാള്‍ വിവാദങ്ങളും കേസും റീലും സൃഷ്ടിച്ച് കച്ചവടം വര്‍ധിപ്പിക്കാന്‍ പ്രസാധകര്‍ മത്സരിക്കുന്നു. ഏതാനും എഴുത്തുകാരെ മാത്രം പ്രോത്സാഹിപ്പിക്കുന്ന നയമാണ് പ്രസാധകരുടേത്. മൂല്യമില്ലാത്ത കൃതിയാണെങ്കിലും അത്തരക്കാരെ ചില പ്രസാധകര്‍ വാഴിക്കുന്നതായും വിജയകൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നു.
അറിവിന്റെയും തപസിന്റെയും പാരമ്പര്യത്തില്‍ നിന്ന് തുടങ്ങിയ കലാ-സാംസ്‌കാരിക യാത്രയില്‍ തപസ്യ കലാസാഹിത്യവേദിയുടെ സംസ്ഥാന അധ്യക്ഷന്‍ എന്ന ചുമതല ഏറ്റെടുത്ത് തന്റെ സര്‍ഗസപര്യ കൂടുതല്‍ ഉത്തരവാദിത്തത്തോടെ നിര്‍വഹിക്കാനൊരുങ്ങുകയാണ് വിജയകൃഷ്ണന്‍. ഭാര്യ: ആശ. മകന്‍ ഇംഗ്ലീഷ് നോവലിസ്റ്റും സിനിമാ സംവിധായകനുമായ യദു വിജയകൃഷ്ണന്‍, മകള്‍ എഴുത്തുകാരിയും അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ.ശ്രുതി വിജയകൃഷ്ണന്‍.
















