അയോധ്യ പട്ടാഭിഷേകത്തിന്റെ ആഘോഷത്തില്‍ മുഴുകിയ രാത്രിയായിരുന്നു അത്. അപ്പോഴാണ് മന്ഥരയുടെ വാക്കുകളില്‍ സ്വാധീനിക്കപ്പെട്ട കൈകേയി, ദശരഥന്‍ പണ്ടൊരിക്കല്‍ നല്‍കിയ രണ്ടു വരങ്ങള്‍ ആവശ്യപ്പെട്ടത്. ആദ്യവരംഭരതനെ രാജാവാക്കണം. രണ്ടാമത്തേത് രാമന്‍ പതിനാലു വര്‍ഷം വനവാസത്തിന് പോകണം. ആ വാക്കുകള്‍ കേട്ട ദശരഥന്‍ തകര്‍ന്നുപോയി. ഒരച്ഛന്റെ ഹൃദയവും ഒരു രാജാവിന്റെ വാക്കും. ആ ആന്തരസംഘര്‍ഷം അദ്ദേഹത്തെ തളര്‍ത്തി.
രാമനെ കാണാന്‍ പോലും കഴിയാതെ വിഷണ്ണനായ ദശരഥന്റെ അവസ്ഥ മനസ്സിലാക്കിയ രാമന്‍, കൈകേയിയില്‍ നിന്ന് സത്യം അറിഞ്ഞു. അത്ഭുതമോ പ്രതിഷേധമോ ഇല്ലാതെ അദ്ദേഹം വനവാസം സ്വീകരിച്ചു. പിതാവിന്റെ വാക്കിന് മങ്ങലേല്‍ക്കരുത് എന്ന ഒറ്റചിന്ത മാത്രമായിരുന്നു രാമന്റെ മനസ്സില്‍.
ജീവിതം ചിലപ്പോള്‍ ഒരു നിമിഷംകൊണ്ട് മാറിമറിയും. ഇന്നലെ ഉറപ്പായിരുന്നത് ഇന്ന് ഇല്ലാതാകാം. അത്തരം നിമിഷങ്ങളില്‍ സാഹചര്യങ്ങളെ കുറ്റപ്പെടുത്തുന്നതിനേക്കാള്‍ നമ്മുടെ സ്വഭാവം കാത്തുസൂക്ഷിക്കുകയാണ് ഏറ്റവും വലിയ വിജയം. രാമന്റെ മഹത്വം സിംഹാസനം നേടുന്നതിലല്ല; സിംഹാസനം നഷ്ടമായപ്പോഴും ധര്‍മ്മം കൈവിടാതിരുന്നതിലാണ്.
രാമസ്പര്‍ശം: ജീവിതത്തെ മാറ്റുന്നത് പലപ്പോഴും ഒരു തീരുമാനമാണ്; മനുഷ്യനെ ഉയര്‍ത്തുന്നത് ആ തീരുമാനത്തോടുള്ള അവന്റെ പ്രതികരണവും..രാമസ്പര്‍ശം: വിനയമുള്ള ശക്തിയാണ് ഏറ്റവും വലിയ ശക്തി.
















