India

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: അന്താരാഷ്‌ട്ര വിമാനയാത്രക്കാര്‍ക്കായി സജ്ജീകരിച്ച എയര്‍ സുവിധ 2.0 പോര്‍ട്ടലിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ച് കേന്ദ്രവ്യോമയാന മന്ത്രാലയം. ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍ നിര്‍മിച്ച്, സ്വയം സാക്ഷ്യപ്പെടുത്തിയ ഫോമുകള്‍ സമര്‍പ്പിക്കുന്ന യാത്രക്കാരെ പേയ്‌മെന്റ് ഗേറ്റ്വേകളിലേക്ക് തിരിച്ചുവിട്ട് വ്യാജമായി പണം തട്ടാന്‍ ശ്രമിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കേന്ദ്രമന്ത്രാലയത്തിന്റെ ഈ നടപടി.

എയര്‍ സുവിധ 2.0 സേവനം പൂര്‍ണമായും സൗജന്യമാണ്. ഇത് വഴി സെല്‍ഫ് ഡിക്ലറേഷന്‍ ഫോം സമര്‍പ്പിക്കുന്നതിന് യാതൊരുവിധ ഫീസും ആവശ്യമില്ല. ഔദ്യോഗിക പോര്‍ട്ടല്‍ വഴി മാത്രം ഫോം സമര്‍പ്പിക്കുക. ഔദ്യോഗിക വെബ്സൈറ്റ് വിലാസം: https://airsuvidha.civilaviation.gov.in/

യാത്രക്കാര്‍ വ്യക്തിവിവരങ്ങളോ യാത്രയുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളോ പങ്കുവെക്കുന്നതിന് മുന്‍പും വെബ്സൈറ്റുകള്‍ വഴി പണമിടപാടുകള്‍ നടത്തുന്നതിന് മുന്‍പും വെബ്സൈറ്റ് വിലാസം കൃത്യമാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. എയര്‍ സുവിധ 2.0 സേവനങ്ങള്‍ ലഭ്യമാക്കുമെന്ന അവകാശവാദവുമായി പ്രവര്‍ത്തിക്കുന്ന വ്യാജ വെബ്‌സൈറ്റുകളില്‍ വീഴരുതെന്നും മുന്നറിയിപ്പുണ്ട്. സേവനങ്ങള്‍ക്കായി ഔദ്യോഗികപോര്‍ട്ടല്‍ മാത്രം ഉപയോഗിക്കണം. ഔദ്യോഗിക വിവരങ്ങള്‍ക്കും അറിയിപ്പുകള്‍ക്കുമായി സര്‍ക്കാര്‍ സ്രോതസുകളെ മാത്രം ആശ്രയിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

Recent Posts