കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയുടെ മാറ്റ് പരിശോധിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ വികസന സമിതി ദേവസ്വം മന്ത്രി കെ. മുരളീധരന് നിവേദനം നല്‍കി.
ശബരിമല ഉള്‍പ്പെടെയുള്ള വിവിധ ക്ഷേത്രങ്ങളില്‍ നടന്ന സ്വര്‍ണ കവര്‍ച്ചയ്‌ക്ക് നേതൃത്വം നല്‍കിയവരാണ് ഏറ്റുമാനൂര്‍ ദേവസ്വം ഓഫീസിലും പ്രവര്‍ത്തിച്ചിരുന്നത്. ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ചീഫ് വിജിലന്‍സ് ഓഫീസര്‍ പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചുവെങ്കിലും, കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ സത്യാവസ്ഥ മനസ്സിലാക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്ന് നിവേദനത്തില്‍ പറയുന്നു.
ക്ഷേത്രാചാരങ്ങള്‍ക്കും ജനാഭിലാഷത്തിലും വിരുദ്ധമായിട്ടാണ് അവിടെ നിലനിന്നിരുന്ന അയ്യപ്പന്‍കോവില്‍ പൊളിച്ചു മാറ്റി അതേ സ്ഥാനത്ത് പില്‍ഗ്രിം സെന്റര്‍ തുടങ്ങുവാനുള്ള നടപടി സ്വീകരിച്ചത്. ഭക്തജനങ്ങളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പില്‍ഗ്രിം സെന്ററിന്റെ പണി തല്‍ക്കാലം നിര്‍ത്തിവച്ചിട്ടുണ്ട്. ഉത്സവ സമയത്ത് ആന എഴുന്നള്ളിപ്പിന് വിഘാതം സൃഷ്ടിക്കുന്ന രീതിയില്‍ സെന്റര്‍ അവിടെത്തന്നെ സ്ഥാപിക്കുവാനുള്ള നടപടിയില്‍ നിന്നും ദേവസ്വം ബോര്‍ഡ് പിന്മാറണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.














