ഹരാരെ: സിംബാബ്‌വെ പര്യടനത്തിനെത്തിയ ഭാരതത്തിന് ഇന്ന് ആദ്യ അങ്കം. ഐപിഎല്‍ ക്രിക്കറ്റിലൂടെ ഏവരുടെയും മനസ്സിലിടം പിടിച്ച 15കാരന്‍ വൈഭവ് സൂര്യവംശി ഇന്ന് ആദ്യമായി ഭാരത കുപ്പായത്തില്‍ കളിക്കാനിറങ്ങിയേക്കും. സിംബാബ്‌വെ പര്യടനത്തില്‍ മൂന്ന് മത്സര ട്വന്റി20 പരമ്പര മാത്രമാണുള്ളത്. ക്യാപ്റ്റന്‍ എന്ന നിലയില്‍ കരിയറിലെ ആദ്യ വിജയത്തിനായാണ് ഭാരത നായകന്‍ ശ്രേയസ് അയ്യര്‍ തയ്യാറെടുക്കുന്നത്.
ശ്രേയസ്സ് ക്യാപ്റ്റനായ ശേഷം ഒരു മത്സരത്തില്‍ പോലും ഭാരതത്തിന് ജയിക്കാനായിട്ടില്ല. ഇംഗ്ലണ്ടിലും അയര്‍ലന്‍ഡിലുമായി നടന്ന എല്ലാ മത്സരങ്ങളിലും ഭാരതം പരാജയപ്പെട്ടിരുന്നു. ഇതിനെതിരെ ബിസിസിഐയില്‍ നിന്ന് വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഈ സാഹചര്യത്തിലാണ് ഭാരതം വീണ്ടുമൊരു ട്വന്റി20 പരമ്പരയ്‌ക്ക് ഒരുങ്ങുന്നത്.
പരമ്പരയിലെ മൂന്ന് മത്സരങ്ങളും ഹരാരെയിലാണ് നടക്കുക.
സിംബാബ്‌വെ പര്യടനത്തിനുള്ള ഭാരത ടീമില്‍ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് മാത്രം നടന്ന ലോകകപ്പില്‍ സഞ്ജുവിന്റെ മികവിലാണ് ഭാരതം വീണ്ടും ജേതാക്കളായത്. ടൂര്‍ണമെന്റിന്റെ താരം കൂടിയായി തെരഞ്ഞെടുക്കപ്പെട്ട സഞ്ജുവിനെ ഒഴിവാക്കിയതില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു.
ഓപ്പണറായി സഞ്ജു ഒഴിവാക്കപ്പെടുന്നതോടെയാണ് വൈഭവിന് അവസരം ലഭിക്കുന്നത്. 13-ാം വയസില്‍ ഐപിഎല്ലില്‍ അരങ്ങേറിയ വൈഭവ് തകര്‍പ്പന്‍ പ്രകടനം കാഴ്‌ച്ചവച്ചുകൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. താരം ഇന്ന് കളിക്കാനിറങ്ങിയാല്‍ ഭാരതത്തിനായി ട്വന്റി20 കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാകും വൈഭവ്.
ഇന്ന് വൈകീട്ട് 4.30നാണ് മത്സരം ആരംഭിക്കുക. ഗൗതം ഗംഭീറിന്റെ അഭാവത്തില്‍ വിവിഎസ് ലക്ഷ്മണ്‍ ആണ് ഭാരത ടീമിന്റെ പ്രധാന പരിശീലകന്‍. പരമ്പരയിലെ രണ്ടാം മത്സരം ശനിയാഴ്‌ച്ചയും മൂന്നാമത്തെയും അവസാനത്തെയും മത്സരം ഞായറാഴ്‌ച്ചയും നടക്കും.















