ന്യൂദല്‍ഹി: ഭാര്യയുടെ ആവശ്യപ്രകാരം സോനം വാങ്ചുകിനെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ നിന്ന് ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. ഇതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും വ്യക്തമാക്കിയതോടെ ഉച്ചയോടെ ആശുപത്രി മാറ്റി. അവിടെ മെഡിക്കല്‍ സംഘത്തിന്റെ ചികിത്സാ നിര്‍ദേശങ്ങള്‍ക്ക് വഴങ്ങണമെന്ന് വാങ്ചുകിനോട് കോടതി നിര്‍ദ്ദേശിച്ചു.
നിരാഹാര സമരം തുടരുന്നതിനാല്‍ തുടര്‍ച്ചയായ മേല്‍നോട്ടം ആവശ്യമാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
‘മേദാന്ത ആശുപത്രി അധികൃതര്‍ വൈദഗ്ധ്യമുള്ള ഡോക്ടര്‍മാരുടെ സംഘം രൂപീകരിക്കുകയും വാങ്ചുകിന്‌റെ ആരോഗ്യസ്ഥിതി നിരന്തരം നിരീക്ഷിക്കുകയും അംഗീകൃത മെഡിക്കല്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് മരുന്നുകള്‍ നല്‍കുകയും ചെയ്യണ’മെന്ന് കോടതി നിര്‍ദ്ദേശിച്ചു.
ഭാര്യ ഗീതാഞ്ജലിക്ക് ഇഷ്ടമുള്ളപ്പോള്‍ ഭര്‍ത്താവിനെ സന്ദര്‍ശിക്കാമെന്നും കോടതി വ്യക്തമാക്കി.
















