ശ്രീരാമനും ലക്ഷ്മണനും യൗവനത്തിലേക്ക് കടന്ന കാലം. അപ്പോഴാണ് മഹര്‍ഷി വിശ്വാമിത്രന്‍ അയോധ്യയിലെത്തി ഒരു അഭ്യര്‍ഥന ഉന്നയിച്ചത്. തന്റെ യാഗങ്ങള്‍ രാക്ഷസന്മാര്‍ നിരന്തരം തടസ്സപ്പെടുത്തുകയാണെന്നും അവയെ സംരക്ഷിക്കാന്‍ രാമനെയും ലക്ഷ്മണനെയും കൂടെ അയക്കണമെന്നും അദ്ദേഹം ദശരഥനോട് ആവശ്യപ്പെട്ടു. മക്കളെ വിട്ടയക്കാന്‍ ആദ്യം മടിച്ച ദശരഥനെ മഹര്‍ഷി വസിഷ്ഠന്‍ ഉപദേശിച്ചു. ഗുരുവിന്റെ വാക്ക് മാനിച്ച് രാജാവ് സമ്മതിച്ചു. അങ്ങനെ രാജകൊട്ടാരത്തിന്റെ സുരക്ഷിതത്വത്തില്‍ നിന്ന് രാമന്റെ ജീവിതയാത്ര ആരംഭിച്ചു.
വിശ്വാമിത്രന്‍ രാമനെ ആയുധവിദ്യ മാത്രം പഠിപ്പിച്ച ഗുരുവായിരുന്നില്ല. രാജധാനിക്കു പുറത്തുള്ള ലോകവും അതിലെ വെല്ലുവിളികളും ധര്‍മ്മസംരക്ഷണത്തിന്റെ ഉത്തരവാദിത്തവും അദ്ദേഹം രാമനെ അനുഭവിപ്പിച്ചു. ഒരു ഗുരുവിന്റെ ദൗത്യം അറിവ് പകര്‍ന്നുനല്‍കുന്നതു മാത്രമല്ല.ശിഷ്യനെ ജീവിതത്തിനായി ഒരുക്കുക എന്നതാണ് പ്രധാനം.
ഒരിക്കല്‍ കൊട്ടാരത്തിന്റെ സുരക്ഷിതത്വം വിട്ട് ഉത്തരവാദിത്തത്തിന്റെ വഴിയിലേക്ക് ഇറങ്ങേണ്ടി വരും. ആ യാത്രയെ ഭയക്കാതെ സ്വീകരിക്കുമ്പോഴാണ് വ്യക്തിത്വം രൂപപ്പെടുന്നത്.
രാമസ്പര്‍ശം: ജീവിതത്തിലെ ഏറ്റവും വലിയ പാഠങ്ങള്‍ പലപ്പോഴും ക്ലാസ് മുറികളില്‍ നിന്നല്ല, യാത്രകളിലൂടെയാണ് ലഭിക്കുന്നത്.
















