Kerala

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെതിരെ കടുത്ത വിമര്‍ശനവുമായി വീണ്ടും കെ.സി വേണുഗോപാല്‍ പക്ഷം നേതാക്കള്‍. തൊട്ടുപിന്നാലെ സതീശന്‍ പക്ഷക്കാരനായ രാജു പി നായര്‍ ഇവര്‍ക്കെതിരെ പ്രതിരോധം തീര്‍ത്ത് രംഗത്തെത്തി. കെഎസ്യു സംസ്ഥാന അധ്യക്ഷനെ കാണാന്‍ മുഖ്യമന്ത്രി സമയം നല്‍കിയില്ലെന്ന ആക്‌ഷേപവുമായാണ് കോണ്‍ഗ്രസ് വക്താവ് വി ആര്‍ അനൂപ് സതീശനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. പല്ലി വാല് മുറിക്കുന്നത് പോലെ ഭൂതകാലം ഉപേക്ഷിക്കാന്‍ മുഖ്യമന്ത്രിക്കും തങ്ങള്‍ക്കും കഴിയില്ലെന്നും അനൂപ് പറഞ്ഞു. ഹിന്ദു ഐക്യവേദിക്ക് കിട്ടുന്ന പരിഗണനയെങ്കിലും കെഎസ്യു അധ്യക്ഷന് ലഭിക്കണമെന്നും അദ്‌ദേഹം ആവശ്യപ്പെട്ടു.
മോഹഭംഗം സംഭവിച്ച ചിലര്‍ പാര്‍ട്ടിയുടെ മുഖമായിരുന്നു കൊണ്ട് സംഘപരിവാറിന്റെയും സിപിഎമ്മിന്റെയും പണി എടുക്കുകയാണെന്നാണ് രാജു പി നായര്‍ ഇതിനെതിരെ പ്രതികരിച്ചത്. ഇത്തരം വിമര്‍ശനങ്ങള്‍ നിഷ്‌കളങ്കമല്ലെന്നും, മാധ്യമങ്ങളുടെ തോളില്‍ കയറിയിരുന്ന് ചെവി കടിക്കുന്നവര്‍ ആരുടെ ‘വക്താക്കള്‍’ ആണെന്ന് സ്വയം ചിന്തിക്കണമെന്നും രാജു പി നായര്‍ ഫേസ്ബുക്കില്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ ഏതെങ്കിലും തീരുമാനവുമായി ബന്ധപ്പെട്ട് പരാതിയുണ്ടെങ്കില്‍ ആദ്യം ഉന്നയിക്കേണ്ടത് മുഖ്യമന്ത്രിയോടോ, കെ.പി.സി.സി. പ്രസിഡന്റിനോടോ ആണെന്നും അദ്‌ദേഹം പറഞ്ഞു.

മുഖ്യമന്ത്രി കസേരയ്‌ക്കു വേണ്ടിയുള്ള മല്‍സരത്തില്‍ തോറ്റു പിന്‍മാറേണ്ടിവന്നതിന്‌റെ പകയില്‍ കെ.സി വേണുഗോപാല്‍ പക്ഷം തുടക്കംമുതല്‍ സതീശനെതിരെ ഒളിഞ്ഞും തെളിഞ്ഞും ആക്രമണം അഴിച്ചുവിടുകയാണ്. അതിന്‌റെ തുടര്‍ച്ചയാണ് പുതിയ വാക്‌പോര്. ഒരു കാരണവശാലും സ്വസ്ഥമായി ഭരിക്കാന്‍ അനുവദിക്കില്ലെന്ന ശാഠ്യത്തിലാണ് കെസി വേണുഗോപാല്‍ ക്യാമ്പ്. അണുവിട വഴങ്ങില്ലെന്ന കര്‍ക്കശ നിലപാടില്‍ സതീശനും നില്‍ക്കുന്നു.

Recent Posts