
ബറേലി : വഖഫ് ബോർഡിലെ ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഓൾ ഇന്ത്യ മുസ്ലീം ജമാഅത്തിന്റെ ദേശീയ പ്രസിഡന്റ് മൗലാന ഷഹാബുദ്ദീൻ റസ്വി കത്ത് നൽകി. സുന്നി സെൻട്രൽ വഖഫ് ബോർഡിന്റെയും ഷിയ വഖഫ് ബോർഡിന്റെയും കാലത്ത് നടന്നതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകളെക്കുറിച്ചും വഖഫ് സ്വത്തുക്കൾ വിറ്റതിനെക്കുറിച്ചും ഉന്നതതല അന്വേഷണം നടത്തണമെന്നാണ് ആവശ്യം.
രാമക്ഷേത്ര സംഭാവന മോഷണത്തേക്കാൾ ഗുരുതരമാണ് ഈ വിഷയം എന്നും ഷഹാബുദ്ദീൻ റസ്വി പറഞ്ഞു.മുൻ സർക്കാരുകളുടെ കാലത്ത് വഖഫ് സ്വത്തുക്കളുടെ നടത്തിപ്പിൽ വലിയ തോതിലുള്ള ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും വഖഫ് ഭൂമി ദുരുപയോഗം ചെയ്യപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.
ശരിയായ അന്വേഷണം നടത്തിയാൽ രാമക്ഷേത്ര മോഷണ കേസിനേക്കാൾ വലിയ ഒരു അഴിമതി പുറത്തുവരും. ബറേലിയിൽ മാത്രം വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നിട്ടുണ്ട് . വഖഫ് ഭൂമികൾ ആളുകൾ സ്വന്തം നേട്ടത്തിനായി ഉപയോഗിച്ചു. ദരിദ്രരായ മുസ്ലീങ്ങൾ, സ്ത്രീകൾ, കുട്ടികൾ, ദരിദ്രർ, നിരാലംബരായവർ എന്നിവരെ സഹായിക്കുന്നതിനാണ് വഖഫ് ഭൂമി നൽകുന്നത് .
ഈ ഭൂമിയിൽ നിന്നുള്ള വരുമാനം ഈ ആളുകൾക്ക് വേണ്ടി ചെലവഴിക്കേണ്ടതായിരുന്നു, പക്ഷേ അത് നടക്കുന്നില്ല. ഇന്നും ദരിദ്രരായ മുസ്ലീങ്ങൾ യാചിച്ചാണ് ജീവിക്കേണ്ടത്. എന്നാൽ ചില വ്യക്തികൾ വഖഫ് ഭൂമിയിൽ നിന്ന് കോടിക്കണക്കിന് രൂപ സമ്പാദിക്കുന്നുണ്ട് . സമാജ്‌വാദി പാർട്ടി സർക്കാരുകളുടെ കാലത്താണ് വഖഫ് ഭൂമിയുടെ നിയമവിരുദ്ധമായ വാങ്ങലും വിൽപ്പനയും ഏറ്റവും കൂടുതൽ വർദ്ധിച്ചത് . സമാജ്‌വാദി പാർട്ടി സർക്കാർ രൂപീകരിച്ചപ്പോഴെല്ലാം, സുന്നി സെൻട്രൽ വഖഫ് ബോർഡിന്റെയും ഷിയ വഖഫ് ബോർഡിന്റെയും ഉത്തരവാദിത്തപ്പെട്ടവർ സർക്കാർ സംരക്ഷണത്തിലുള്ള വഖഫ് ഭൂമി വിറ്റിട്ടുണ്ട്.
സമാജ്‌വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവ് മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ മകൻ അഖിലേഷ് യാദവ് 2012 മുതൽ 2017 വരെ മുഖ്യമന്ത്രിയായിരുന്നു. സമാജ്‌വാദി പാർട്ടിയുടെ ഈ നാല് കാലാവധികളിലും അസം ഖാനാണ് ന്യൂനപക്ഷകാര്യം, വഖഫ്, ഹജ്ജ് എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തത്.
അസം ഖാൻ തിരഞ്ഞെടുത്തവരെ മാത്രമേ വഖഫ് ബോർഡിന്റെ ചെയർമാനായും അംഗങ്ങളായും നിയമിച്ചിട്ടുള്ളൂ . ഈ കാലയളവിൽ ബോർഡ് ഏകപക്ഷീയമായി പ്രവർത്തിച്ചു . നിരവധി ക്രമക്കേടുകളും നടന്നിട്ടുണ്ടെന്നാണ് ഷഹാബുദ്ദീൻ റിസ്‌വി പറയുന്നത്.