Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ

മലയാള സാഹിത്യത്തിലെ ബൃഹദാഖ്യാനങ്ങളില്‍ ഒന്നാണ് പ്രൊഫ. തുറവൂര്‍ വിശ്വംഭരന്റെ മഹാഭാരത പുനര്‍വായനകള്‍. അതിവിശിഷ്ടമായ ഒരു ഗ്രന്ഥത്തിലൂടെയും 'ഭാരത ദര്‍ശനം' എന്ന പേരില്‍ അമൃത ടിവി ചാനലില്‍ നടത്തിയ സംവാദ പരിപാടിയിലൂടെയും മഹാഭാരത കഥയുടെ ചരിത്രവും ദര്‍ശനവും ധാര്‍മിക ചിന്തയുമൊക്കെ ഈ മഹാപണ്ഡിതന്‍ സവിസ്തരം പ്രതിപാദിക്കുകയുണ്ടായി. മൂവായിരത്തിലേറെ എപ്പിസോഡുകളിലായി വ്യാപിച്ചു കിടക്കുന്ന ഭാരത ദര്‍ശനത്തെ അവലംബിച്ചു തയ്യാറാക്കിയ ഒരു ലേഖന പരമ്പര ഈ ലക്കം മുതല്‍ ആരംഭിക്കുന്നു

Published by
കെ. പി. വേണുഗോപാല്‍

ന്ദ്രവംശത്തിലെ ശന്തനുമഹാരാജാവിന്റെ കാലം മുതല്‍ പരീക്ഷിത്തിന്റെ മകനായ ജനമേജയന്റെ കാലം വരെയുള്ള മഹാകഥയുടെ ഇതിഹാസമാണല്ലോ മഹാഭാരതം. ഇരുനൂറ്റിയന്‍പത് വര്‍ഷം നീണ്ടുനിന്ന രാജകീയവും ധാര്‍മ്മികവും പ്രബോധനാത്മകവും ജ്ഞാനസംഹിതാപരവുമായ ഒരു മഹാകഥയുടെ അത്ഭുതകരമായ ആഖ്യാനമാണ് ഈ മഹാകാവ്യം. ജനമേജയ മഹാരാജാവ് നടത്തിയ സര്‍പ്പസത്രത്തിന് ഈ ഇതിഹാസത്തില്‍ വലിയ പ്രാധാന്യമുണ്ട്.

മഹാഭാരതയുദ്ധത്തിന് ശേഷം പാണ്ഡവപക്ഷത്ത് ശേഷിച്ചവരില്‍ ഒരാള്‍ അഭിമന്യു പുത്രനായ പരീക്ഷിത്തായിരുന്നു. രാജാവായിരിക്കെ ശൃംഗി എന്ന മുനികുമാരന്റെ ശാപം മൂലം തക്ഷകദംശനമേറ്റ് പരീഷിത്ത് ഇഹലോകവാസം വെടിഞ്ഞു. തുടര്‍ന്ന് രാജാവായ പരീക്ഷിത്തിന്റെ പുത്രന്‍ ജനമേജയന്‍ അച്ഛനെ ദംശിച്ചുകൊന്ന തക്ഷകനോടും സമസ്ത സര്‍പ്പങ്ങളോടും പ്രതികാരം ചെയ്യാന്‍ ദൃഢനിശ്ചയം ചെയ്തു. ഇതിനായി പന്ത്രണ്ട് വര്‍ഷം നീണ്ടുനിന്ന സര്‍പ്പസത്രം ജനമേജയ രാജാവ് നടത്തി. ഈ സത്രം ഹിംസയുടെ സത്രം കൂടിയായിരുന്നു.

ആരുടേയും കരളലിയിപ്പിക്കുന്ന സംഭവങ്ങളാണ് ജനമേജയന്‍ നടത്തിയ സത്രവേദിയില്‍ കണ്ടത്. സര്‍പ്പസത്രവേദിയിലെ അഗ്നികുണ്ഡത്തിലേക്ക് ആവാഹനം ചെയ്യപ്പെട്ട സര്‍പ്പങ്ങള്‍ നിലവിളിയോടെ വന്ന് വീണുകൊണ്ടിരുന്ന കാഴ്ച അത്യന്തം ദയനീയമായിരുന്നു. ആവാഹന ക്രിയകള്‍മൂലം വാസുകി ഉള്‍പ്പെടെ വലിയ സര്‍പ്പങ്ങള്‍ പോലും അഗ്നിയില്‍ ഹോമിക്കപ്പെടുന്ന സ്ഥിതി സംജാതമായി. ഈ സന്ദര്‍ഭത്തില്‍ നാഗാമാതാക്കളില്‍ ഒരാളും വാസുകിയുടെ അമ്മയുമായ ജരല്‍ക്കാരു പ്രശ്‌നപരിഹാരത്തിനായി തന്റെ പുത്രനായ ആസ്തികനെ സര്‍പ്പവേദിയിലേക്ക് അയച്ചു. ബാക്കിയുള്ള സര്‍പ്പങ്ങളെയെങ്കിലും വിമോചിപ്പിച്ച് വംശത്തെ നിലനിര്‍ത്തുക എന്ന ദൗത്യവുമായി ആസ്തികന്‍ ജനമേജയ രാജാവിന്റെ സവിധത്തിലെത്തി.

ആസ്തികന്‍ ഒരു പേരാണെങ്കിലും അതിന് വലുതായ അര്‍ത്ഥതലമുണ്ട്. ഈശ്വര സാക്ഷാത്കാരം നേടിയ ആള്‍ എന്നാണ് ഈ പേരിന്റെ അര്‍ത്ഥം. ഈശ്വരന്റെ അഖണ്ഡമായ ശക്തിയെ, ഊര്‍ജ്ജത്തെ സാക്ഷാത്കരിച്ച ആസ്തികന് ആ ശക്തിയെ പ്രയോഗിക്കാനുള്ള കഴിവുമുണ്ട്. അധര്‍മ്മത്തിന് ഒരിക്കലും വഴങ്ങാതിരിക്കലാണ് ഈ അഖണ്ഡശക്തി. ധര്‍മ്മത്തിന്റെ പരിപൂര്‍ണ്ണ ശക്തികൂടിയാണ് ഇത്. ബ്രഹ്‌മശക്തി എന്ന സാങ്കേതിക സംജ്ഞകൊണ്ട് വിശേഷിക്കപ്പെടുന്നതും ഇത് തന്നെയാണ്. സര്‍പ്പസത്ര വേദിയിലെത്തിയ ഋഷിത്വമുള്ള സര്‍പ്പമായ ആസ്തികന്‍ ജനമേജയ രാജാവിനോട് സര്‍പ്പസത്രം അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ചു. നിങ്ങളുടെ പ്രതികാരം തീര്‍ക്കുന്നതിന് തക്കതായ തരത്തിലുള്ള വധങ്ങള്‍ നിങ്ങള്‍ നടത്തിക്കഴിഞ്ഞതായും, നിങ്ങളുടെ പ്രതികാരത്തിന്റെ അതിര്‍ത്തി അവസാനിച്ചതായും ആസ്തികന്‍ പറഞ്ഞു. അതുകൊണ്ട് സത്രം ഉടന്‍ നിര്‍ത്തണമെന്നായിരുന്നു ആസ്തികന്റെ ആവശ്യം.

ഈ സമയത്ത് ഭഗവാന്‍ വേദവ്യാസ മഹര്‍ഷിയുടെ ആദ്യശിഷ്യനായ വൈശമ്പായനനും ആസ്തികനെ പിന്തുണച്ചുകൊണ്ട് സത്രം നിര്‍ത്തണമെന്ന് അഭ്യര്‍ത്ഥിച്ചു. വൈശമ്പായനന്‍ പിന്തുണച്ചുവെന്ന് പറഞ്ഞാല്‍ ഭഗവാന്‍ വേദവ്യാസന്‍ തന്നെ ഇതിനെ പിന്തുണച്ചു എന്നര്‍ത്ഥം. ആസ്തികന്റെ അമര്‍ഷം അവന്റെ ഊര്‍ജ്ജപ്രസരം, അവന്റെ വാക്കിലെ സത്യത്തിന്റെ ശക്തി ഇതെല്ലാം കണ്ട് സന്തോഷത്തോടെ നിശബ്ദനായി സദസ്സില്‍ ഭഗവാന്‍ വേദവ്യാസന്‍ ഇരിക്കുന്നുണ്ടായിരുന്നു. ആസ്തികന്റെ അപേക്ഷ അംഗീകരിച്ച് ഹിംസ നിര്‍ത്താനും സര്‍പ്പസത്രം അവസാനിപ്പിക്കാനും ജനമേജയ രാജാവ് തീരുമാനിച്ചു.

സര്‍പ്പസത്രം അവസാനിപ്പിച്ചതിനുശേഷം വൈശമ്പായനനോട് ജനമേജയന്‍ ഒരു അഭ്യര്‍ത്ഥന നടത്തി. എനിക്കും ഇവിടെ കൂടിയിരിക്കുന്ന ബ്രാഹ്‌മണര്‍ക്കും ഋഷിമാര്‍ക്കും പണ്ഡിതന്മാര്‍ക്കും മറ്റ് മഹാജനങ്ങള്‍ക്കുമെല്ലാം ഒരു ആഗ്രഹമുണ്ട്. അങ്ങ് അത് നിവര്‍ത്തിച്ചുതരണമെന്നായിരുന്നു ജനമേജയ രാജാവിന്റെ അഭ്യര്‍ത്ഥന. സര്‍വ്വജ്ഞനും ത്രികാലജ്ഞനും ജ്ഞാനത്തിന്റെ സീമകള്‍ കണ്ടിട്ടുള്ളവനുമായ പരാശരപുത്രന്‍ ഭഗവാന്‍ വേദവ്യാസന്‍ മഹത്തായ ഒരു ഇതിഹാസം രചിച്ചിട്ടുണ്ടെന്ന് ഞങ്ങള്‍ കേള്‍ക്കുന്നു. അങ്ങയേയും അങ്ങയുടെ സതീര്‍ത്ഥ്യരേയും ഈ ഇതിഹാസം ഭഗവാന്‍ അഭ്യസിപ്പിച്ചിട്ടുള്ളതായും ഞങ്ങള്‍ കേള്‍ക്കുന്നു. അതുകൊണ്ട് ഈ മഹാഭാരതകഥ കേട്ടാല്‍കൊള്ളാമെന്ന ആഗ്രഹം ഞങ്ങള്‍ക്കുണ്ട്.

ഇത് കേട്ടയുടന്‍ ഭഗവാന്‍ വേദവ്യാസന്‍ താന്‍ രചിച്ച കൃതി തന്റെ സാന്നിധ്യത്തില്‍ പ്രപഞ്ചനം ചെയ്യുന്നത് കേള്‍ക്കാന്‍ താല്‍പര്യം കാണിക്കാതെ അവിടെ നിന്നും നിഷ്‌ക്രമിച്ചു. ഇതോടെ മഹാഭാരതകഥ പറയാനുള്ള സന്ദര്‍ഭമായി. അങ്ങനെയാണ് മഹാഭാരതമെന്ന ഇതിഹാസം അവിടെ സന്നിഹിതരായിരുന്നവര്‍ക്ക് മുന്‍പാകെ വൈശമ്പായനന്‍ വിവരിക്കുന്നത്.
വൈശമ്പായനന്‍ ഈ കഥ പറയുമ്പോള്‍ ലോമഹര്‍ഷണന്‍ എന്ന സൂതന്റെ പുത്രനായ ഉഗ്രശ്രവസ്സ് അവിടെ ഉണ്ടായിരുന്നു. കഥപറഞ്ഞ് ശ്രോതാക്കളില്‍ രോമാഞ്ചം ഉണ്ടാക്കുവാന്‍ കഴിയുന്നവനാണ് ലോമഹര്‍ഷണന്‍. രാജാവിനെ പ്രകീര്‍ത്തിക്കുന്ന ജോലി ചെയ്തിരുന്ന സൂതന്മാര്‍ വലിയ പണ്ഡിതന്മാര്‍ കൂടിയായിരുന്നു.

ഉഗ്രശ്രവസ്സ് ഉഗ്രമായ ശ്രവണ ശക്തിയോട് കൂടിയവനാണ്. മനസ്സില്‍ പറഞ്ഞാലും കേള്‍ക്കാന്‍ കഴിവുള്ളവനാണ്. ഒരു കഥ കേട്ടാല്‍ ആ കഥ മാത്രമല്ല ആ കഥ രചിച്ചയാളിന്റെ മനസ്സും ആ കഥയ്‌ക്ക് പാത്രമായ കഥാപാത്രങ്ങളുടെ മനസ്സും ആ കഥ സംഭവിച്ച രാഷ്‌ട്രത്തിന്റെ മനസ്സും അറിയുന്നവനാണ് ഉഗ്രശ്രവസ്സ്. ഒരു കഥയെ അതിന്റെ വൈകാരിക തലത്തില്‍ ആസ്വാദനത്തോടുകൂടി അത് കേള്‍ക്കുന്നയാളിന്റെ ഹൃദയത്തിലേക്ക് ആപതിപ്പിക്കാന്‍ കഴിയുന്ന കഥനവൈഭവമുള്ള ആള്‍കൂടിയാണ് ഉഗ്രശ്രവസ്സ്.

ജനമേജയ രാജാവിന്റെ സദസ്സിലിരുന്ന് വൈശമ്പായനന്‍ പറഞ്ഞതെല്ലാം മനസ്സിലാക്കിയ ഉഗ്രശ്രവസ്സ് അവിടെ നിന്നും പുറപ്പെട്ട് പുണ്യസ്ഥലങ്ങളിലും തീര്‍ത്ഥങ്ങളിലും സഞ്ചരിച്ച് നൈമിഷാരണ്യത്തിലെത്തി. കുലപതിയായ ശൗനകന്റെ 12 വര്‍ഷം നീണ്ടുനില്‍ക്കുന്ന സത്രത്തില്‍ പങ്കുകൊള്ളാനായിരുന്നു ഉഗ്രശ്രവസ്സ് അവിടെ എത്തിയത്.

നൈമിഷാരണ്യത്തിലെത്തിയ ഉഗ്രശ്രവസ്സിനെ എല്ലാവരും ചേര്‍ന്ന് സ്വീകരിച്ച് സല്‍ക്കരിച്ചിരുത്തി. നൈമിഷാരണ്യത്തിലെ സത്രത്തില്‍ പങ്കെടുത്തിരുന്ന ഋഷിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉഗ്രശ്രവസ്സിനോട് ഒരു അഭ്യര്‍ത്ഥന ചെയ്തു. ‘പരാശരാത്മജനായ വ്യാസന്‍ രചിച്ചതും ജനമേജയനോട് വൈശമ്പായനന്‍ പറഞ്ഞകൊടുത്തതും നാല് വേദങ്ങളുടെ സത്ത് ഉള്‍ക്കൊള്ളുന്നതും സുരബ്രഹ്‌മര്‍ഷികള്‍ ശ്ലാഘിക്കുന്നതും സൂക്ഷ്മാര്‍ത്ഥ ന്യായങ്ങള്‍ ചേര്‍ന്നതും വേദമാര്‍ഗ്ഗത്തിന്റെ പൊരുള്‍ അറിഞ്ഞതുമായ മഹാഭാരതകഥ അങ്ങ് അരുള്‍ ചെയ്താലും’ എന്നായിരന്നു ഈ മഹാത്മാക്കളുടെ അഭ്യര്‍ത്ഥന. അവരുടെ ആഗ്രഹം നിവര്‍ത്തിച്ചുകൊണ്ട് വൈശമ്പായനില്‍ നിന്നും കേട്ട് ഉള്‍ക്കൊണ്ട മഹാഭാരതകഥ നൈമിഷാരണ്യത്തില്‍ സന്നിഹിതരായിരുന്നവര്‍ക്ക് മുന്‍പാകെ വള്ളിപുള്ളി വിടാതെ ഉഗ്രശ്രവസ്സ് വിവരിച്ചു.

ഭഗവാന്‍ വ്യാസന്‍ തെളിയിച്ച അമൂല്യമായ വിജ്ഞാനസമ്പത്താണ് നൈമിഷാരണ്യത്തിലെ സത്രത്തില്‍ പങ്കെടുത്തിരുന്നവര്‍ക്കായി ഉഗ്രശ്രവസ്സ് പകര്‍ന്ന് നല്‍കിയത്. ഭഗവാന്‍ വേദവ്യാസന്റെ കഥാകഥന രീതിയുടെ ആവിഷ്‌കാരപ്രകാശനത്തിന്റെ സവിശേഷത ഈ അവതരണത്തില്‍ നമുക്ക് ദര്‍ശിക്കാം.

 

Recent Posts