ന്യൂദല്‍ഹി: ഭാരത വംശജനും നാസ ആസ്‌ട്രോനോട്ടുമായ ഡോ. അനില്‍ മേനോന്റെ അന്താരാഷ്‌ട്ര ബഹിരാകാശ കേന്ദ്രത്തിലേക്കുള്ള യാത്ര ലൈവായി കാണാം.
14ന് രാവിലെ 9.45ന് (ഭാരത സമയം രാത്രി 8.17) നാണ് റഷ്യയിലെ ബൈക്കനൂര്‍ സപേസ് സ്‌റ്റേഷനില്‍ നിന്ന് അനില്‍ മേനോന്‍ അടക്കമുള്ളവരെ വഹിച്ച് റോസ്‌കോസ്‌മോസ് സോയൂസ് എംഎസ് 29 ബഹിരാകാശ പേടകം വിക്ഷേപിക്കുന്നത്. നാസയുടെ യൂ ട്യൂബ് ചാനലില്‍ ഇത് ലൈവായി കാണിക്കുന്നുണ്ട്. ആമസോണ്‍ പ്രൈമിലും ലൈവുണ്ട്.
ഭൂമിയെ രണ്ടു തവണ വലം വെച്ച് പേടകം അന്താരാഷ്‌ട്ര ബഹിരാകാശ സ്‌റ്റേഷനില്‍( ഐഎസ്എസ്) ഡോക് ചെയ്യും. ഭാരത സമയം രാത്രി 11.26നാകും ഡോക്കിങ്ങ്. അന്ന കികിന,പ്രോട്ടര്‍ ഡുബ്രോവ് എന്നിവരാണ് അനില്‍ മേനോന്റെ സഹയാത്രികര്‍. അനില്‍ മേനോന്‍ അടക്കം ഇന്ന് യാത്ര തിരിക്കുന്ന മൂന്നു പേരും എട്ടുമാസമാണ് ഐഎസ്എസില്‍ താമസിക്കുക. അടുത്ത ഏപ്രിലില്‍ ഇവര്‍ മടങ്ങും.
ഭാരത വംശജന്‍ അനില്‍ മേനോന്‍ അടക്കം 14ന് യാത്ര തിരിക്കുന്ന ആസ്‌ട്രോനോട്ടുകള്‍ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) ഡോക്ക് ചെയ്ത് അധികം വൈകാതെ സ്‌പേസ് സ്റ്റേഷനില്‍ ഇപ്പോഴുള്ള നാസ ആസ്‌ട്രോനോട്ടുകളായ ജസീക്ക മീര്‍, ജാക്ക് ഹഥാവേ, ക്രിസ് വില്യംസ്, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ആസ്‌ട്രോനോട്ട് സോഫി അഡെനോട്ട്, റോസ്‌കോസ്‌മോസ് കോസ്‌മോനോട്ടുകളായ സെര്‍ജി കുഡ് സ്വര്‍ച്ച്‌കോവ്, സെര്‍ജി മൈക്കേവ്, ആന്‍ഡ്രി ഫെഡ്‌യായേവ് എന്നിവര്‍ക്കൊപ്പം ചേരും.
സെമി കണ്ടക്ടര്‍ ക്രിസ്റ്റലുകളുടെ ഉത്പാദനം, അള്‍ട്രാ സൗണ്ട് എന്നിവയുടെ പരീക്ഷണങ്ങള്‍ നടത്തും. ബഹിരാകാശത്തില്‍ വച്ച് മനുഷ്യരുടെ രക്തയോട്ടവും പഠിക്കും.
ഭൂമിയില്‍ നിന്ന് കേവലം 400 കിമി മാത്രം ഉയരത്തില്‍ ഭൂമിയെ വലംവെയ്‌ക്കുന്ന ഐഎസ്എസില്‍ 2000 മുതല്‍ സ്ഥിരം താമസക്കാരുണ്ട്. അനവധി ഗവേഷണങ്ങളും ഇതില്‍ നടക്കുന്നുണ്ട്. 49കാരനായ അനില്‍ മേനോന്‍ എമര്‍ജന്‍സി മെഡിസിന്‍ ഡോക്ടറാണ്. യുഎസ് വ്യോമസേനയിലെ കേണലാണ്.
ഭാര്യ അന്ന വില്‍ഹെമും ആസ്‌ട്രോനോട്ടാണ്. പൊളാരിസ് ഡോണ്‍ ദൗത്യത്തില്‍ അവരും 2024 സപ്തംബറില്‍ ബഹിരാകാശത്ത് പോയിട്ടുണ്ട്.
















