World

ചരിത്രമായി ന്യൂസിലന്‍ഡ് സന്ദര്‍ശനം; ഭാരതത്തിന്റേത് വികസനത്തിന്റെ പുതിയ മാതൃക: പ്രധാനമന്ത്രി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഓക്ലന്‍ഡ് (ന്യൂസിലന്‍ഡ്): ഭാരതം ലോകത്തിന് വികസനത്തിന്റെ ഒരു പുതിയ മാതൃക കാട്ടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓക്ലന്‍ഡില്‍ നടന്ന ‘കിയ ഓറ മോദി’ പരിപാടിയില്‍ പ്രവാസി ഭാരതീയരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഭാരതവും ന്യൂസിലന്‍ഡും തമ്മില്‍ നിരവധി സമാനതകള്‍ ഉണ്ട്, അതില്‍ ഏറ്റവും പ്രധാനം സ്വന്തം പൈതൃകമാണ്. ഭാരതവും ന്യൂസിലന്‍ഡും പൈതൃകത്തില്‍ അഭിമാനം കൊള്ളുകയും ആഘോഷിക്കുകയും ചെയ്യുന്നു. ഉദാഹരണങ്ങള്‍ സഹിതം മോദി വിശദീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സൗഹൃദം, പങ്കിട്ട മൂല്യങ്ങള്‍, പ്രതിബദ്ധത എന്നിവയില്‍ അധിഷ്ഠിതമാണെന്ന് മോദി ചൂണ്ടിക്കാട്ടി. ഭാരത് മാതാ കീ ജയ്, വന്ദേമാതരം, മോദി മോദി  വിളികള്‍ക്കിടയിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.

നാല്‍പ്പത് വര്‍ഷത്തിനിടെ ആദ്യമായി ഒരു ഭാരത പ്രധാനമന്ത്രി ന്യൂസിലന്‍ഡില്‍ നടത്തിയ സന്ദര്‍ശനം ചരിത്രപരമായ നാഴികക്കല്ലെന്ന് പരിപാടിയില്‍ പങ്കെടുത്ത ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്സണ്‍ വിശേഷിപ്പിച്ചു. നരേന്ദ്ര മോദിക്ക് കീഴില്‍ ഭാരതം ദ്രുതഗതിയിലുള്ള സാമ്പത്തിക പരിവര്‍ത്തനത്തിന് വിധേയമാകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഭാരതം രൂപപ്പെടുത്തും, ഈ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളില്‍ ഒരാളാണ് മോദി.

പതിനായിരത്തിലധികം വരുന്ന ഭാരതീയ സമൂഹത്തെ സാക്ഷിയാക്കി, ഇന്ത്യ കൈവരിച്ച സാങ്കേതിക മുന്നേറ്റങ്ങളെ പ്രധാനമന്ത്രി പ്രകീർത്തിച്ചു. ​”ഇന്ന് ഭാരതത്തില്‍ യുപിഐ വഴി ഓരോ മാസവും കോടിക്കണക്കിന് ഡിജിറ്റൽ ഇടപാടുകളാണ് നടക്കുന്നത്. ഡ്രോൺ സാങ്കേതികവിദ്യയിലും ബഹിരാകാശ സമ്പദ്‌വ്യവസ്ഥയിലും രാജ്യം വൻ നേട്ടങ്ങൾ കൈവരിക്കുകയാണ്” പ്രധാനമന്ത്രി പറഞ്ഞു.

ഭാരതത്തിന്റെയും ന്യൂസിലന്‍ഡിന്റെയും ഭാവി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ വികസിത ഭാരതത്തിലേക്കുള്ള യാത്രയ്‌ക്ക് വേഗത കൂട്ടുമെന്നും ഇരു രാജ്യങ്ങളിലെയും വ്യാപാരികൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നും സൂചിപ്പിച്ചു. ബഹിരാകാശ മേഖലയിലടക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം ദൃശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“നമ്മുടെ വ്യാപാര കരാറിലും ഇതേ മനോഭാവം പ്രതിഫലിക്കുന്നു. ഈ കരാർ വികസിത ഭാരതത്തിലേക്കുള്ള നമ്മുടെ യാത്രയെ ത്വരിതപ്പെടുത്തും. ഭാരതവും ന്യൂസിലന്‍ഡിലും വ്യാപാരികൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കും” പതിനായിരത്തിലധികം ഭാരതീയരെ സാക്ഷിയാക്കി മോദി പ്രഖ്യാപിച്ചു.

സ്വീകരണ ചടങ്ങിൽ പങ്കെടുത്ത ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സൺ, സർക്കാർ ഉദ്യോഗസ്ഥർ, ലേബർ പാർട്ടി അംഗങ്ങൾ എന്നിവർക്ക് അദ്ദേഹം നന്ദി അറിയിച്ചു. ഇവരുടെ സാന്നിധ്യം ഉഭയകക്ഷി ബന്ധത്തിന് കൂടുതൽ ദൃഢത നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു

ന്യൂസിലൻ്റിലെ ഭാരതീയ സമൂഹത്തെ തദ്ദേശവാസികൾ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ടെന്ന് നിഖിൽ രവിശങ്കർ, ആനന്ദ് സത്യാനന്ദ, ക്രിക്കറ്റ് താരം രച്ചിൻ രവീന്ദ്ര തുടങ്ങിയ പ്രമുഖരെ പരാമർശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. തെരുവുകളിൽ പോലും ഇന്ത്യൻ നഗരങ്ങളെ ബഹുമാനിക്കുന്ന സംസ്കാരമാണ് ന്യൂസിലന്‍ഡിനുള്ളത്.

ന്യൂസിലന്‍ഡ് സമൂഹത്തിൽ സ്ത്രീകൾ നൽകുന്ന വലിയ സംഭാവനകളെ അഭിനന്ദിച്ച അദ്ദേഹം, ഭാരതവും ഇന്ന് സ്ത്രീകൾക്കായി പുതിയ അവസരങ്ങൾ തുറന്നുനൽകുകയാണെന്ന് വ്യക്തമാക്കി. സമ്പദ്‌വ്യവസ്ഥയ്‌ക്കും പരിസ്ഥിതിക്കും നൽകുന്ന അതേ പ്രാധാന്യം ഭാരത പൈതൃക സംരക്ഷണത്തിനും നൽകുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അഫ്ഗാനിസ്ഥാനിൽ പ്രതിസന്ധി ഉണ്ടായപ്പോൾ ഗുരു ഗ്രന്ഥ് സാഹിബിലെ പവിത്രമായ സരൂപം അങ്ങേയറ്റം ആദരവോടെ ഭാരതത്തിലേക്ക് എത്തിച്ചത് ഇതിന് തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

​ഇരു രാജ്യങ്ങളും തമ്മിലുള്ള കായിക ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കാൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, ഭാരതത്തിനും ന്യൂസിലന്‍ഡിനും ഇടയിലുള്ള സൗഹൃദത്തിന്റെയും വിശ്വാസത്തിന്റെയും സഹകരണത്തിന്റെയും പാലമായി ഇന്ത്യൻ സമൂഹം തുടർന്നും പ്രവർത്തിക്കണമെന്ന് അഭ്യർഥിച്ചു.

ന്യൂസിലന്‍ഡ് സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി ഭാരതത്തിലേക്ക് മടങ്ങി. പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്സണ്‍ വിമാനത്താവളത്തില്‍ നേരിട്ടെത്തി അദ്ദേഹത്തിന് യാത്രയയപ്പ് നല്‍കി.

Recent Posts