Kerala

എല്‍ നിനോ: അടുത്ത വര്‍ഷം മത്തിയുടെ ലഭ്യത കുറയും- സിഎംഎഫ്ആര്‍ഐ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: സമുദ്ര ഉഷ്ണതരംഗങ്ങള്‍ക്ക് കാരണമാകുന്ന എല്‍ നിനോ പ്രതിഭാസം മൂലം അടുത്ത വര്‍ഷം മത്തിയുടെ ലഭ്യതയില്‍ വന്‍തോതില്‍ കുറവുണ്ടായേക്കുമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ).

ഒക്ടോബര്‍- നവംബര്‍ മാസങ്ങളില്‍ ശക്തിപ്പെടുമെന്ന് കരുതുന്ന എല്‍ നിനോയുടെ പ്രത്യാഘാതം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അടുത്ത വര്‍ഷം ഏപ്രില്‍ മെയ് മാസങ്ങളില്‍ പ്രകടമാകുമെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു. ദേശീയ മത്സ്യകര്‍ഷക ദിനത്തില്‍ സിഎംഎഫ്ആര്‍ഐ സംഘടിപ്പിച്ച മത്സ്യ കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളെ അപേക്ഷിച്ച് മത്തിയുടെ ലഭ്യത ഇപ്പോള്‍ കൂടുതലാണ്. എന്നാല്‍ എല്‍ നിനോ സംഭവിക്കുകയാണെങ്കില്‍ അടുത്ത വര്‍ഷം മത്തി ലഭ്യതയെ സാരമായി ബാധിക്കും. കടലിലെ താപതരംഗങ്ങളും താപവ്യതിയാനങ്ങളും മത്തി ഉള്‍പ്പെടെയുള്ള ചെറിയ ഉപരിതല മീനുകളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. ഇത് രാജ്യത്താകെ സമുദ്രമത്സ്യ ലഭ്യതയില്‍ ഇടിവുണ്ടാകാന്‍ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ച്ചയായ സമുദ്രതാപനം പവിഴപ്പുറ്റുകളുടെ നാശത്തിനും അതുവഴി ചെമ്പല്ലി പോലുള്ള പവിഴപ്പുറ്റുകളെ ആശ്രയിച്ചു കഴിയുന്ന മത്സ്യങ്ങളുടെ സ്വാഭാവിക പ്രജനനത്തെയും ലഭ്യതയെയും ബാധിക്കും- സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ പറഞ്ഞു.

ചടങ്ങില്‍ ഡോ. ഇമെല്‍ഡ ജോസഫ്, ഡോ. ബോബി ഇഗ്നേഷ്യസ്, ഡോ. രമ മധു, ഡോ. ഷോജി ജോസഫ്, ഡോ. സുരേഷ് ബാബു പി.പി, ഡോ. സാജു ജോര്‍ജ്, ഡോ. അനുരാജ് എ, ഡോ. അംബരീഷ് പി. ഗോപ് തുടങ്ങിയവര്‍ സംസാരിച്ചു.

Recent Posts