India

കേരളത്തിലെ കശുവണ്ടി വ്യവസായം; പുനരുദ്ധാരണ പാക്കേജിന് കേന്ദ്ര അംഗീകാരം

Published by
അനീഷ് അയിലം

ന്യൂദല്‍ഹി: സംസ്ഥാനം മുന്നോട്ടുവച്ച കശുവണ്ടി വ്യവസായ മേഖലയിലെ പുനരുദ്ധാരണ പാക്കേജിന് തത്വത്തില്‍ അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍. കശുവണ്ടി പുനരുദ്ധാരണ പാക്കേജിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഉറപ്പ് നല്‍കിയെന്ന് മന്ത്രി ഷിബുബേബി ജോണ്‍. അടിയന്തരമായി പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ നിര്‍ദേശം.

കേരളത്തിലെ കശുവണ്ടി സംസ്‌കരണ മേഖലയെ ഇന്‍ഡസ്ട്രിയല്‍ സിക് സെക്ടറായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായാണ് മന്ത്രി ഷിബു ബേബി ജോണും എംപി എന്‍.കെ. പ്രേമചന്ദ്രനും ധനമന്ത്രിക്ക് നിവേദനം നല്‍കിയത്. നാളീകേരം, ചന്ദനം, കശുവണ്ടി എന്നിവയ്‌ക്കായി ഒരു പാക്കേജ് കഴിഞ്ഞ ബജറ്റില്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അതിനായി എത്രയും വേഗം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ധനമന്ത്രി ആവശ്യപ്പെടുകയായിരുന്നു.

തമിഴ്നാട്, കര്‍ണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളെ കൂടി ഉള്‍പ്പെടുത്തിയാണ് പാക്കേജ് പ്രഖ്യാപിക്കുന്നതെങ്കിലും കേരളത്തിലെ വ്യവസായ പുനരുദ്ധാരണം കൂടി കണക്കിലെടുക്കുമെന്നും അതനുസരിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിവേദക സംഘത്തോട് നിര്‍ദേശിച്ചു. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതനുസരിച്ച് അതിവേഗം പാക്കേജിന് അംഗീകാരം നല്‍കാമെന്നും ധനമന്ത്രി ഉറപ്പ് നല്‍കി. കശുവണ്ടി വ്യവസായത്തിന്റെ പുനരുജ്ജീവനത്തിനായി 1000 കോടി രൂപയുടെ പ്രത്യേക ഫണ്ട് അനുവദിക്കണമെന്നായിരുന്നു നിവേദനത്തിലെ ആവശ്യം. പ്രത്യേക എംഎസ്എംഇ പാക്കേജ്, നിലവിലുള്ള വായ്‌പകള്‍ പുനക്രമീകരിക്കുക, സമഗ്ര പാക്കേജ് നടപ്പിലാക്കുന്നത് വരെ വായ്‌പകള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തുക, തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി കൊല്ലം ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഏകദേശം 850 സ്വകാര്യ കശുവണ്ടി സംസ്‌കരണ യൂണിറ്റുകളില്‍ 90 ശതമാനവും പൂട്ടിപ്പോയി. സാമ്പത്തിക ബാധ്യതകള്‍ താങ്ങാനാവാതെ ആറ് കശുവണ്ടി സംരംഭകരാണ് ആത്മഹത്യ ചെയ്തത്.

പുനരുദ്ധാരണ പാക്കേജിന് കേന്ദ്രസര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചതോടെ കേരളത്തിലെ കശുവണ്ടി വ്യവസായ മേഖലയില്‍ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടാകുക.

പ്രതീക്ഷിച്ചതിലുമേറെ അനുകൂല സമീപനം; വിശദമായ പ്രൊപ്പോസല്‍ ഉടന്‍ തയാറാക്കി സമര്‍പ്പിക്കും: മന്ത്രി ഷിബു ബേബി ജോണ്‍

പുനരുദ്ധാരണ പാക്കേജിലൂടെ കശുവണ്ടി വ്യവസായത്തില്‍ കേരളത്തിന് നഷ്ടപ്പെട്ട ആഗോള തലത്തിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനാകും. കശുവണ്ടി വ്യവസായ മേഖലയിലെ വിദഗ്ധരടങ്ങിയ സമിതിയെക്കൊണ്ട് ഉടന്‍ തന്നെ വിശദമായ പ്രൊപ്പോസല്‍ തയാറാക്കി സമര്‍പ്പിക്കും.

പ്രതീക്ഷിച്ചതിലുമേറെ അനുകൂല സമീപനമാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്. ഈ സമീപനം ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്.

പുനരുദ്ധാരണ പാക്കേജ് വരുന്നതോടെ കശുവണ്ടിയുടെ ഉത്പാദനം അടക്കം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികളും കൂടുതല്‍ ശക്തമായും ശാസ്ത്രീയമായും നടത്താനാകും. ഈ മാസം തന്നെ പ്രൊപ്പോസല്‍ നല്‍കും.

Recent Posts