ന്യൂദല്‍ഹി: ഏഴ് ചെക്ക് കേസുകളില്‍ ബോളിവുഡ് നടന്‍ രാജ്പാല്‍ യാദവിന് ദല്‍ഹി ഹൈക്കോടതി മൂന്ന് മാസം തടവ് ശിക്ഷ . യാദവ് ഓരോ കേസിലും 1.05 കോടി രൂപ പിഴ അടയ്‌ക്കാനും ഭാര്യ രാധ രാജ്പാല്‍ യാദവ് ഓരോ കേസിലും 5 ലക്ഷത്തിലധികം രൂപ പിഴ അടയ്‌ക്കാനും കോടതി ഉത്തരവിട്ടു. ഏഴ് കേസുകളിലും മൂന്ന് മാസം വീതമാണ് തടവ്. എന്നാല്‍ ശിക്ഷകള്‍ ഒരേസമയം അനുഭവിച്ചാല്‍ മതി. സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ യാദവിന് രണ്ട് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
മുരളി പ്രോജക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഫയല്‍ ചെയ്ത കേസുകളിലാണ് ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ്മയുടെ വിധി. ‘ഒത്തുതീര്‍പ്പ് പാലിക്കാന്‍ പല അവസരങ്ങള്‍ നല്‍കിയിട്ടും അദ്ദേഹം വാക്കു പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന്’ കോടതി നിരീക്ഷിച്ചു.
















