കൊച്ചി: എഫ്എസിടിയിൽ വളം നിർമ്മാണത്തിന് അത്യാവശ്യമായ ഫോസ്്‌ഫോറിക് ആസിഡ് ലഭ്യമല്ലതായാതോടെ ഫാക്ടംഫോസ് ഉൽപ്പദനം ഏറെക്കുറേ നിലച്ചു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വളം ഏറ്റവും ആവശ്യമായ ഘട്ടത്തിലാണ് ഈ പ്രതിസന്ധി. യുദ്ധവും സംഘർഷവും ഇന്ധന മേഖലയിൽ എന്നപോലെ വളം നിർമ്മാണ മേഖലയേയും ബാധിക്കുകയാണ്.
ഫോസ്‌ഫോറിക് ആസിഡിന് ആവശ്യമായ ഫോസ്‌ഫേറ്റ് ലഭ്യമല്ലാതായതോടെ ഫാക്ടിന്റെ ഉദ്യോഗമണ്ഡൽ സെക്ടർ ഏറെക്കുറേ നിശ്ചലമാണ്. കൊച്ചിയിലെ യൂണിറ്റിൽ ഒരു സ്ട്രീം മാത്രമാണ് പ്രവർത്തിക്കുന്നത്. അതേസമയം അമോണിയ ഉൽപ്പാദനം പരമാവധിയിലെത്തിയിട്ടുണ്ട്. ഉദ്യോഗമണ്ഡലിന്റെ സംഭരണ ശേഷി കഴിഞ്ഞിരിക്കുന്നു.
ഫോസ്‌ഫോറിക് ആസിഡ് നിർമ്മിക്കാനുള്ള അസംസ്‌കൃത ഫോസ്‌ഫേറ്റ് ഫാക്ടിന് ലഭ്യമായിക്കൊണ്ടിരുന്നത് മൊറോക്കോയിൽനിന്ന് ഇറക്കുമതിവഴിയായിരുന്നു. മൊറോക്കോയാണ് ഇതിന്റെ കുത്തകക്കാർ. അവർ നിശ്ചയിക്കുന്ന വിലയ്‌ക്ക് അവർ പറയുമ്പോൾ നമ്മൾ ഇറക്കുമതി ചെയ്യുക എന്ന നയമാണ് ഫാക്ടിന്റെ തുടക്കകാലം മുതൽ തുടരുന്നത്. ഈ വിഷയത്തിൽ മറ്റൊരു വഴിയെക്കുറിച്ച് ഇതുവരെ ഫാക്ട് ആലോചിച്ചിട്ടില്ല. മൊറോക്കൊയിലെ ഔദ്യോഗിക ഫോസ്‌ഫേറ്റ് കമ്പനിയുമായി ദീർഘകാല കരാറിൽ ഏർപ്പെട്ടിരിക്കുകയാണ്. 1980 കൾ മുതൽ ഇതാണ് വ്യവസ്ഥ. അതായത് അര നൂറ്റാണ്ടായി ഈ രീതി തുടരുന്നു. ഫാക്ടിന് പ്രതിസന്ധി ഉണ്ടായ ഒരു ഘട്ടത്തിലും ഫോസ്ഫറിക് ആസിഡിന്റെ കുത്തക ഇടപാടുകാരുമായുള്ള ഈ കരാർ ചർച്ചാ വിഷയമായിട്ടില്ല. മറ്റു പല കാര്യങ്ങളും ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിനെ സമീപിച്ചപ്പോഴും ഈ ദീർഘകാല കരാർ വിഷയം വന്നിട്ടില്ല. ഇന്ധനക്കാര്യത്തിലുൾപ്പെടെ ചൂഷണത്തിനു വിധേയമാകുന്ന എല്ലാ കരാറുകളിലും നിന്ന് വിടുതൽ നേടുന്ന മോദി സർക്കാരിന്റെ മുന്നിൽ ഈ വിഷയം ഫാക്ട് അവതരിപ്പിച്ചിട്ടുമില്ല. ഫാക്ടിന്റെ പുനരുജ്ജീവനത്തിന് 1009.08 കോടി രൂപ മോദി സർക്കാർ നൽകിയത് 2025 ജനുവരിയിലാണ്.
എന്നാൽ, മൊറോക്കൊയുമായി കരാർ ഇരിക്കെ ഫോസ്‌ഫേറ്റ് നൽകുന്ന ജോർദാൻ, ടുനീഷ്യ, സെനഗൽ, ബൽജിയം തുടങ്ങിയ രാജ്യങ്ങളിലെ കമ്പനികളിൽനിന്ന് ഫാക്ട് കുറഞ്ഞ തോതിൽ അസംസ്‌കൃത ഫോസ്‌ഫേറ്റ് വാങ്ങി. എന്നാൽ ഇവയ്‌ക്ക് മൊറോക്കോയിൽനിന്നു ലഭിക്കുന്നതിന്റെ ഗുണമേന്മയില്ല. പക്ഷേ, കരാറിരിക്കെ ഈ ഇടപാടു നടത്തിയതിന്റെ പേരിലാണോ എന്നും ഉറപ്പില്ല, യുദ്ധത്തിന്റെ പേരു പറഞ്ഞാണ് മൊറോക്കോ ഇപ്പോൾ അസംസ്‌കൃത ഫോസ്‌ഫേറ്റ് നൽകാത്തത്. ചോദിക്കുന്നത് മുമ്പ് നൽകിയതിന്റെ നാലിരട്ടി വിലയുമാണ്.
എന്തായാലും ഫാക്ട് ഇപ്പോൾ ഫാക്ടംഫോസ് ഉൽപ്പാദിപ്പിക്കുന്നില്ല. ഇറാനും അമേരിക്കയും തമ്മിലുള്ള പ്രശ്‌നം വീണ്ടും രൂക്ഷമാകുന്ന സ്ഥിതിക്ക് കപ്പൽ വഴിയുള്ള ചരക്ക് നീക്കം തടസപ്പെടുകയും ചെയ്യും. അതിനിടെ ബദൽ മാർഗ്ഗത്തിന് ഫാക്ട് കേന്ദ്ര സർക്കാർ സഹായം തേടുമോ എന്നാണ് കണ്ടറിയേണ്ടത്.
















