പത്തനംതിട്ട: 13 കാരിയുടെ വ്യാജ പോക്‌സോ പരാതിയുടെ പേരില്‍ ഇരുപതുകാരനെ കസ്റ്റഡിയിലെടുത്ത് പോലീസുകാര്‍ ക്രൂരമായ മൂന്നാംമുറയ്‌ക്ക് ഇരയാക്കിയെന്ന സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് ഡി.ജി.പിക്ക് കൈമാറി. ആരോപണവിധേയരായ പോലീസുദ്യോഗസ്ഥര്‍ക്കെതിരെ വരുംദിവസങ്ങളില്‍ കടുത്ത വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് സൂചന.
കൂടല്‍ എസ്.ഐ ജയ്‌മോഹന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പത്തനാപുരത്തെ വാടകവീട് വളഞ്ഞ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ കൊണ്ടുപോയി ക്രൂരമര്‍ദനത്തിനിരയാക്കുകയായിരുന്നു.
ചെറുപ്പത്തിലേ ഹൃദയത്തിന് തകരാറുള്ള യുവാവ് അടുത്തിടെയാണ് ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയ കഴിഞ്ഞ് ആരോഗ്യം വീണ്ടെടുത്ത് വന്നിരുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ വിവരമറിയിച്ചിട്ടും പോലീസ് ക്രൂരത തുടരുകയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.
നിലത്തിരുത്തി കാല്‍വെള്ളയില്‍ വടികൊണ്ട് അടിക്കുകയും ബൂട്ടിട്ട് ചവിട്ടുകയും ചെയ്തു. മുടിയില്‍ പിടിച്ചുവലിച്ച് ഉയര്‍ത്തുകയും ഇരുചെവികളിലും പിടിച്ച് ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു.
വ്യാജ പരാതിയില്‍ നിരപരാധിയായ യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവം വിവാദമായതോടെ ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി കെ. ജി. അനീഷിനോട് അടിയന്തര അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയായിരുന്നു.
















