അഹമ്മദാബാദ്: അഹമ്മദാബാദ് സ്‌ഫോടനപരമ്പരക്കേസിലെ 38 പ്രതികൾക്ക് പ്രത്യേക കോടതി വിധിച്ച വധശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചു. ഇവരിൽ മൂന്നുപേർ മലയാളികളാണ്. കോട്ടയം ഈരാറ്റുപേട്ട പീടിക്കൽ അബ്ദുൾ കരീമിന്റെ മക്കളായ ശിബിലി (47), ശാദുലി (45), മലപ്പുറം കൊണ്ടോട്ടി സ്വദേശി സൈനുദ്ദീന്റെ മകൻ ഇ.ടി. ഷറഫുദ്ദീൻ (43) എന്നിവരാണ് വധശിക്ഷാപ്പട്ടികയിലുള്ള മലയാളികൾ. ആലുവ കുഞ്ഞനിക്കര പെരുന്തല്ലി മുഹമ്മദ് അൻസാറിനാണ് (45) ജീവപര്യന്തം തടവ്.
ഇന്ത്യൻ മുജാഹിദ്ദീൻ ആസൂത്രണംചെയ്ത 2008 ജൂലായ് 26-ലെ സ്‌ഫോടനപരമ്പരകളിൽ 56 പേർക്കാണ് ജീവൻ നഷ്ടമായത്. 246 പേർക്ക് പരിക്കേറ്റു. 2022 ഫെബ്രുവരി 18-ന് അഹമ്മദാബാദിലെ പ്രത്യേക കോടതി ജഡ്ജി എ.ആർ. പട്ടേൽ 49 പേർക്ക് നൽകിയ ശിക്ഷ ഡിവിഷൻ ബെഞ്ച് പൂർണമായി ശരിവെച്ചിരിക്കുകയാണ് .
















