ന്യൂദല്‍ഹി: ദല്‍ഹി കലാപ ഗൂഢാലോചന കേസിലെ മുഖ്യ പ്രതികളിലൊരാളായ അത്തര്‍ ഖാന് ദല്‍ഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചു. സഹപ്രതിയായ ഒവൈസ് സുല്‍ത്താന്‍ ഖാനില്‍ നിന്ന് കണ്ടെടുത്ത ചാറ്റുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ അത്തര്‍ ഖാന്‍ പ്രധാന ഗൂഢാലോചനക്കാരനാണെന്ന് വ്യക്തമാക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. ആളുകളുടെ മരണത്തിന് കാരണമായതില്‍ ഖാന് പ്രഥമദൃഷ്ട്യാ പങ്കുണ്ട്. ഇയാള്‍ രാജ്യം വിടാന്‍ സാധ്യതയുള്ള ആളാണെന്നതും വിലയിരുത്തിയാണ് ജസ്റ്റിസുമാരായ പ്രതിഭ എം സിംഗ് , മധു ജെയിന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ജാമ്യം നിഷേധിച്ചത്.
‘ഈ ഘട്ടത്തില്‍ ഖാനെ ജാമ്യത്തില്‍ വിട്ടയക്കുന്നത് ഫലത്തില്‍ അയാള്‍ സാക്ഷികളെ ഭീഷണിപ്പെടുത്താനും വിചാരണ തടസ്സപ്പെടുത്താനും ഇടയാക്കും. അക്രമത്തില്‍ ഏര്‍പ്പെടരുതെന്ന് സഹപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രതി അത് കേട്ടില്ല. കലാപത്തിനിടെ കൊലകള്‍ക്കായി ഗൂഢാലോചന നടത്തിയ മുഖ്യ ആസൂത്രകനായി തന്നെ ഇയാളെ കാണണമെന്ന് ‘ ബെഞ്ച് പറഞ്ഞു.
ദല്‍ഹി പോലീസിനു വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു ഹാജരായി.
















