
കോട്ടയം: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ആര്‍.വി. ബാബുവിനെതിരെ കേസെടുത്തത്, യുഡിഎഫ് സര്‍ക്കാരിന് മത ഭീകരവാദ സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചതിലുള്ള ഉപകാര സ്മരണയും, മതഭീകര സംഘടനകളെ പ്രീതിപ്പെടുത്താനുള്ള ഗൂഢതന്ത്രവുമാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ഉപാധ്യക്ഷന്‍ ഇ. എസ്. ബിജു.
ലഹരിക്കേസുകളിലെ പ്രതികളില്‍ ഭൂരിഭാഗവും ഒരു പ്രത്യേക മത വിഭാഗത്തില്‍ നിന്നുള്ളവരാണെന്ന ആര്‍. വി. ബാബുവിന്റെ പരാമര്‍ശത്തിനെതിരെയാണ് കേസ്. അഞ്ച് വര്‍ഷത്തെ മയക്കുമരുന്നു കേസുകളിലെ പ്രതിപ്പട്ടിക പരിശോധിച്ചാല്‍ ഇത് ബോധ്യമാകും. ഇതേകാര്യം മുന്‍മന്ത്രി കെ.ടി. ജലീല്‍ പൊതുവേദിയില്‍ പ്രസംഗിച്ചപ്പോള്‍ മൗനംപാലിച്ച പോലീസാണ് ഇപ്പോള്‍ ബാബുവിനെതിരെ കേസെടുത്തത്. യുഡിഎഫ് സര്‍ക്കാരിന്റെ യജമാനന്മാരായ മുസ്ലിം ലീഗിനെയും ഇതര ഇസ്ലാമിക മതമൗലികവാദ പ്രസ്ഥാനങ്ങളെയും പ്രീതിപ്പെടുത്താനാണിത്.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഓണ്‍ലൈനിലും അല്ലാതെയും നിരവധി ഹിന്ദുവിരുദ്ധ വിഷയങ്ങള്‍ ഉയര്‍ന്നപ്പോള്‍ കേസെടുക്കാതെ നിസ്സംഗത പുലര്‍ത്തിയ പോലീസ്, പിഡിപി നേതാവിന്റെ പരാതിയില്‍ ബാബുവിനെതിരെ ഉത്സാഹപൂര്‍വം കേസെടുത്തത് ഇതിന്റെ തെളിവാണ്.
വിഷുവിന് ശ്രീകൃഷ്ണനെ അവഹേളിച്ച് പോസ്റ്ററുകളിറക്കിയ റസ്റ്റോറന്റുകള്‍ക്കെതിരെ കേസെടുക്കാന്‍ തയാറാകാത്ത പോലീസാണിത്.
യുഡിഎഫ് സര്‍ക്കാര്‍ ഹിന്ദുക്കളെ രണ്ടാംതരം പൗരന്മാരായി കാണാനാണ് ശ്രമിക്കുന്നതെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും. മയക്കുമരുന്ന് മാഫിയക്കെതിരെ ഓപ്പറേഷന്‍ തൂഫാന്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ പ്രതിസ്ഥാനത്തു വരുന്ന ന്യൂനപക്ഷ വിഭാഗത്തിന്റെ എതിര്‍പ്പ് മറികടക്കാനുള്ള ഗൂഢതന്ത്രമാണ് ആര്‍. വി. ബാബുവിനെതിരെയുള്ള കേസ്. ഹിന്ദു നേതാക്കളെ നിഷ്‌ക്രിയരാക്കാമെന്ന വ്യാമോഹത്തിന് ഹിന്ദുസമൂഹം ശക്തമായ തിരിച്ചടി നല്‍കുമെന്ന് ബിജു മുന്നറിയിപ്പ് നല്‍കി.