കൊച്ചി: ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര വനിതാ ബ്രിക്‌സ് സമ്മേളനത്തില്‍ കേരളത്തില്‍ നിന്ന് ഡോ. എം.കെ. ബിന്ദു പങ്കെടുക്കും. വിദ്യാഭ്യാസ വികാസ് കേന്ദ്രം മഹിളാ സംയോജികയും, എടത്തല എംഇഎസ്. ട്രെയിനിങ് കോളജ് പ്രൊഫസറുമാണ് ബിന്ദു. പഠനവൈകല്യമുള്ള കുട്ടികളുടെയും ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളുടെയും കൗണ്‍സിലറായും പ്രവര്‍ത്തിച്ചുവരുന്നു.
നാളെ കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്തിലാണ് സമ്മേളനം. 20 രാജ്യങ്ങളില്‍ നിന്നുള്ള വനിതാ പ്രതിനിധികള്‍ പങ്കെടുക്കും. ദേശീയതലത്തില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികളും സമ്മേളനത്തിന്റെ ഭാഗമാകും. ‘താഴെത്തട്ടിലെ വനിതാ ശാക്തീകരണം’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചര്‍ച്ചയില്‍ ഡോ. ബിന്ദു പങ്കെടുക്കും. വിദ്യാഭ്യാസം, വനിതാ ശാക്തീകരണം, സാമൂഹിക സേവനം എന്നീ മേഖലകളിലെ ദീര്‍ഘകാല പ്രവര്‍ത്തന പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ അന്താരാഷ്‌ട്ര വേദിയിലേക്കുള്ള ക്ഷണം.











