ന്യൂദല്‍ഹി: സ്ഥിര നിയമനം നടത്തുന്ന അഗ്നിവീറുകളുടെ എണ്ണം ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. ആദ്യ ബാച്ച് അഗ്നിവീറിന്റെ (അംഗ്നിപഥ് പദ്ധതി) നാല് വര്‍ഷത്തെ കാലാവധി അവസാനിക്കാനിരിക്കേയാണ് ഇത്. നിലവില്‍ 25 ശതമാനം അഗ്നിവീറുകളേയാണ് നിലവില്‍ സൈന്യത്തിലേക്ക് സ്ഥിര നിയമനം നടത്തുന്നത്. ബാക്കിയുള്ളവര്‍ ആനുകൂല്യങ്ങളോടെ വിരമിക്കും.
ആദ്യ ബാച്ചിന്റെ കാലാവധി അവസാനിക്കാറായപ്പോള്‍ 25 ശതമാനം സ്ഥിര നിയമനം എന്ന പരിധി ഉയര്‍ത്തി, കൂടുതല്‍ അഗ്നിവീറുകളെ നിലനിര്‍ത്താന്‍ സേനാ വിഭാഗങ്ങള്‍ പ്രതിരോധ മന്ത്രാലയത്തിന് ശിപാര്‍ശ നല്‍കി. സാങ്കേതിക വൈദഗ്ധ്യവും പ്രവര്‍ത്തന പരിചയവും സേനയില്‍ നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് കര, നാവിക, വ്യോമസേനകള്‍ പുതിയ നിര്‍ദേശം മുന്നോട്ടുവെച്ചത്.
സേവനം പൂര്‍ത്തിയാക്കുന്ന അഗ്നിവീരന്മാരില്‍ 75 ശതമാനം പേരെ സ്ഥിരനിയമനം നടത്തണമെന്നാണ് നാവികസേനയുടെ ശിപാര്‍ശ. 50 ശതമാനം പേരെ നിലനിര്‍ത്തണമെന്ന് കര- വ്യോമസേനകളും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മിലിട്ടറി അഫയേഴ്‌സുമായി (ഡിഎംഎ) ചര്‍ച്ച നടത്തിയ ശേഷമാകും പ്രതിരോധ മന്ത്രാലയം അന്തിമ തീരുമാനം കൈക്കൊള്ളുക.
17നും 21നും ഇടയില്‍ പ്രായമുള്ള യുവാക്കളെ കര-നാവിക-വ്യോമസേന എന്നിവയിലേക്ക് നാല് വര്‍ഷത്തേക്ക് റിക്രൂട്ട് ചെയ്യുന്നതാണ് അഗ്നിപഥ് പദ്ധതി.
കാലാവധി പൂര്‍ത്തിയാക്കിയ 25 ശതമാനം അഗ്നിവീറുകളെ യോഗ്യത മെഡിക്കല്‍ ഫിറ്റ്‌നസ് തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് സേനയില്‍ സ്ഥിരപ്പെടുത്തുന്നത്. ഇവര്‍ക്ക് 15 വര്‍ഷത്തോളം സൈന്യത്തില്‍ തുടരാം.
വിരമിക്കുന്ന അഗ്നിവീറുകള്‍ക്ക് കേന്ദ്ര സായുധ പോലീസ് സേന, തീര സംരക്ഷണ സേന. 16 പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും(ഡിപിഎസ്‌യു) എന്നിവിടങ്ങളില്‍ സംവരണം വാഗ്ദാനം ചെയ്തിട്ടുണ്ട്.
















