ന്യൂഡൽഹി : ലോക പൈതൃക സ്ഥലമായ പ്രംബാനൻ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ഇന്തോനേഷ്യയ്‌ക്കൊപ്പം ഇന്ത്യയും കൈകോർക്കുന്നു. ജൂലൈ 8 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്തോനേഷ്യയിലെ യോഗ്യകാർത്ത സന്ദർശന വേളയിൽ ഇന്ത്യ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള വികസിച്ചുകൊണ്ടിരിക്കുന്ന ബന്ധത്തിലെ സുപ്രധാന നാഴികക്കല്ലാണ് ഇത്.
2025 ലെ യോഗത്തിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോയും പ്രധാനമന്ത്രി മോദിയും നടത്തിയ ചർച്ചയെ തുടർന്നാണ് പുനരുദ്ധാരണത്തിനുള്ള നീക്കങ്ങൾ. ദക്ഷിണ ജാവയിലെ യോഗ്യകാർത്തയ്‌ക്കടുത്തുള്ള സ്ലെമാനിൽ സ്ഥിതി ചെയ്യുന്ന ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്ര സമുച്ചയമാണ് പ്രംബനൻ ക്ഷേത്രം. ഇത് 9-ാം നൂറ്റാണ്ടിൽ സഞ്ജയ രാജവംശം നിർമ്മിച്ചതാണ്. ശിവൻ, വിഷ്ണു, ബ്രഹ്മാവ് എന്നീ ഹിന്ദു ത്രിമൂർത്തികൾക്ക് സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം. നൂറ്റാണ്ടുകളായി ഉപേക്ഷിക്കപ്പെട്ട് കിടന്ന ക്ഷേത്രം , 19-ാം നൂറ്റാണ്ടിൽ വീണ്ടും കണ്ടെത്തുകയും പുനഃസ്ഥാപിക്കുകയും ചെയ്തു. 1991-ൽ ഇത് യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായി അംഗീകരിക്കപ്പെട്ടു.
രാമായണത്തിലെയും മറ്റ് ഹിന്ദു ഇതിഹാസങ്ങളിലെയും രംഗങ്ങൾ ചിത്രീകരിക്കുന്ന സങ്കീർണ്ണമായ കൊത്തുപണികളാൽ ഈ ക്ഷേത്രം അലങ്കരിച്ചിരിക്കുന്നു.
















