തിരുവനന്തപുരം: പിഎസ്‌സിക്കെതിരെ ഉയരുന്നത് ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ വിശ്വാസ്യത തകര്‍ക്കുന്ന തരത്തിലുള്ള ഗുരുതര ആരോപണങ്ങള്‍. പ്ലാനിങ് ബോര്‍ഡിലെ ചീഫ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഓഫീസര്‍ തസ്തികയിലേക്കുള്ള പരീക്ഷയില്‍ ഉത്തരക്കടലാസുകള്‍ കൃത്യമായി മൂല്യനിര്‍ണയം നടത്തിയില്ലെന്ന പരാതിക്ക് പിന്നാലെ നിരവധി പരീക്ഷകളുടെ റാങ്ക് ലിസ്റ്റുകളെ സംബന്ധിച്ചും പരാതി ഉയരുന്നു.
ഫിഷറീസ് വകുപ്പിലെ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അടക്കമുള്ള തസ്തികകളിലേക്ക് നടന്ന പരീക്ഷകളില്‍ കുഫോസിലെ എസ്എഫ്‌ഐ നേതാക്കള്‍ക്ക് വലിയ തോതില്‍ മുന്‍ഗണന ലഭിച്ചു. 44 നിയമനങ്ങളില്‍ കുഫോസിലെ 38 വിദ്യാര്‍ത്ഥികള്‍ക്ക് നിയമനം ലഭിച്ചിരുന്നു. ചോദ്യപേപ്പര്‍ തയാറാക്കിയതിലും ഇന്റര്‍വ്യൂ ബോര്‍ഡിലും ഈ സര്‍വകലാശാലയുമായി ബന്ധപ്പെട്ടവരാണ് ഉണ്ടായിരുന്നത്. മറ്റ് സര്‍വകലാശാലകളിലെ ഉയര്‍ന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ ബോധപൂര്‍വം ഒഴിവാക്കിയതില്‍ വകുപ്പുതലത്തിന് പുറത്തുള്ള ഏജന്‍സി അന്വേഷണം വേണമെന്ന് ഫിഷറീസ് ഡയറക്ടര്‍ തന്നെ ശിപാര്‍ശ ചെയ്തിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
രാഷ്‌ട്രീയ സ്വാധീനമുള്ളവര്‍ക്ക് ഒന്നാം റാങ്ക് നല്‍കുന്നതിനായി റാങ്ക് ലിസ്റ്റ് ധൃതിപിടിച്ച് പ്രസിദ്ധീകരിച്ചതായും പരാതി ഉയരുന്നു. അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഡിവൈഎസ്പി (സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ്), ലോ കോളജ് അസി. പ്രൊഫസര്‍, കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെഎഎസ്), സര്‍വകലാശാല പിആര്‍ഒ എന്നിവയിലും കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെയും പരീക്ഷാ സബ് കമ്മിറ്റികളെ മറികടന്നും കടുത്ത ക്രമക്കേടുകള്‍ നടത്തിയതായും ആക്ഷേപം ഉയരുന്നു.
ബിരുദാനന്തര ബിരുദം അടിസ്ഥാന യോഗ്യതയായി വേണ്ട എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിലേക്കുള്ള റിസര്‍ച്ച് ഓഫീസര്‍ പരീക്ഷയിലും ഗുരുതര ക്രമക്കേടെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ചോദ്യങ്ങള്‍ക്ക് പ്ലസ്ടു നിലവാരം പോലുമുണ്ടായിരുന്നില്ല. ഭൂരിഭാഗം ചോദ്യങ്ങള്‍ക്കും ഓപ്ഷന്‍ ‘ബി’ ഉത്തരമായി വരുന്ന രീതിയില്‍, ഉത്തരസൂചിക തയാറാക്കിയെന്നുമാണ് പരാതി. പുനപരീക്ഷ ആവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ മുഖ്യമന്ത്രിയെ സമീപിച്ചിട്ടുണ്ട്.
പരീക്ഷകളെ സംബന്ധിച്ചും റാങ്ക് ലിസ്റ്റുകളെ സംബന്ധിച്ചും ഉദ്യോഗാര്‍ത്ഥികള്‍ നിരവധി പരാതികള്‍ പിഎസ്‌സിക്ക് നല്‍കാറുണ്ട്. നേരിട്ടും ഓണ്‍ ലൈനായും പരാതികള്‍ നല്‍കും. എന്നാല്‍ പലപ്പോഴും മറുപടി നല്‍കാറില്ല. പിഎസ്‌സി അംഗങ്ങളെ സംബന്ധിച്ചും ആരോപണം ഉയരുന്നുണ്ട്. പിഎസ്‌സി അംഗങ്ങളായതിനു ശേഷമുള്ള സാമ്പത്തിക സ്രോതസ് സംബന്ധിച്ച് അന്വേഷിക്കണമെന്ന് ഗവര്‍ണര്‍ക്ക് പരാതികള്‍ നല്‍കിയിട്ടുണ്ട്.
ഇതിനിടെ പ്ലാനിങ് ബോര്‍ഡിലെ ചീഫ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഓഫീസര്‍ തസ്തികയിലെ റാങ്ക് ലീസ്റ്റില്‍ പിഴവ് പറ്റിയെന്ന് പിഎസ്‌സിയുടെ ആഭ്യന്തര വിജിലന്‍സ് വിഭാഗം കണ്ടെത്തി. എന്നാല്‍ ഈ അന്വേഷണത്തില്‍ വസ്തുതകള്‍ പുറത്തുവരില്ലെന്നും പുറത്തുനിന്നുള്ള അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും ആവശ്യമുയരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലും മന്ത്രിമാരുടെ ഓഫീസിലും നിരവധി പരാതികളാണ് എത്തുന്നത്. അതിനാല്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.















