കണ്ണില്‍ ചിരിനിറച്ച് കണ്ണീര്‍ മറച്ച് മോഡ്രിച്ച് ലോകത്തോട് പ്രഖ്യാപിച്ചത് സമരവും ജീവിതവും കാലുകളിലാവാഹിച്ച ധീരനായ പോരാളിയുടെ പടിയിറക്കമായിരുന്നു. ടൊറന്റോയില്‍ പോര്‍ച്ചുഗലിനെതിരായ മത്സരത്തിന്റെ നാടകീയമായ അന്ത്യത്തില്‍ വാറിലെഴുതിയ ഓഫ്സൈഡ് വിധിയെ നിഷ്‌കളങ്കമായ ചിരിയോടെ നേരിട്ട നായകനെ ഫുട്ബോള്‍ ലോകം മറക്കില്ല. ക്രൊയേഷ്യ തോറ്റിട്ടും ജയിക്കുന്നവരുടെ ടീമാകുന്നത് ലൂക്കാ മോഡ്രിച്ചിന്റെ ആ ചങ്കുറപ്പിന്മേലാണ്.
2018ലെ റഷ്യന്‍ ലോകകപ്പിലാണ് അവന്റെ ചിറകടിയൊച്ച ലോകം കേട്ടത്. ഒരു ചെറിയ രാജ്യം. ഒട്ടും ചെറുതല്ലാത്ത മോഹങ്ങള്‍ … അവയ്‌ക്ക് ആകാശത്തോളം ചിറക് പകര്‍ന്ന് കുറച്ചു പോരാളികള്‍…. അരങ്ങു വാഴാന്‍ ഉറച്ച് കച്ചകെട്ടിയിറങ്ങിയ ചക്രവര്‍ത്തിമാര്‍ക്കിടയിലൂടെയാണ് അന്ന് അവര്‍ കടന്നുവന്നത്… ലൂക്കാ മോഡ്രിച്ചും കൂട്ടരും…. 1966ന് ശേഷം ഒരിക്കല്‍പോലും കിരീടത്തില്‍ മുത്തമിടാനാവാതെ പോയ ഇംഗ്ലീഷുകാരന്റെ മോഹങ്ങള്‍ക്കുമേല്‍ റഷ്യയിലെ ലുഷ്നിക്കിയില്‍ അന്ന് മോഡ്രിച്ച് ചിതയൊരുക്കി. ഡേവിഡ് ബെക്കാമിനും വെയ്ന്‍ റൂണിക്കും മൈക്കല്‍ ഓവനും കഴിയാത്തത് റഷ്യയില്‍ ഹാരി കെയ്ന്‍ നേടുമെന്നായിരുന്നു അന്ന് വാതുവയ്‌പുകാര്‍ വാശികെട്ടിയത്. എന്നാല്‍ ആ അമിത പ്രതീക്ഷകള്‍ ക്രൊയേഷ്യന്‍ തീക്കാറ്റില്‍ ചാരമായി.
മോഡ്രിച്ചും ക്രൊയേഷ്യയും പുത്തന്‍പിറവികളായിരുന്നില്ല. 1998 ലോകകപ്പില്‍ ടോപ് സ്‌കോറര്‍ ആയ ഡേവര്‍ സുകേര്‍ എന്ന മിന്നല്‍പ്പിണര്‍ തീര്‍ത്ത പൂര്‍വ സൗവര്‍ണകാലത്തിന്റെ കഥകളില്‍ നിന്നാണ് അവര്‍ വന്നത്. ലോകകപ്പ് ചരിത്രത്തിലാദ്യമായി ക്രൊയേഷ്യ റഷ്യയില്‍ കലാശക്കുതിപ്പിലേക്ക് പറന്നു. അട്ടിമറിയെന്ന് അന്തം വിട്ടവരോട് അന്ന് മോഡ്രിച്ച് ചൂണ്ടിക്കാട്ടിയത് അര്‍ജന്റൈന്‍ ആരാധകര്‍ ഒരിക്കലും മറക്കാത്ത ഒരു വിലാപകാവ്യമായിരുന്നു. റഷ്യയില്‍ ആദ്യ റൗണ്ടില്‍ ലയണല്‍ മെസ്സിയുടെ പടയെ എതിരില്ലാത്ത മൂന്ന് ഗോളിന് മുക്കിക്കൊന്നാണ് മോഡ്രിച്ചും കൂട്ടരും കുതിച്ചത്. ‘നിങ്ങള്‍ മെസി വീണത് കണ്ടു, ക്രൊയേഷ്യ വാണത് കണ്ടില്ല, അത് ഞങ്ങളുടെ തെറ്റല്ല,’ എന്നായിരുന്നു അന്നത്തെ കലാശപ്പോരിന് മുമ്പ് മോഡ്രിച്ച് മാധ്യമങ്ങളോട് പറഞ്ഞത്.
ആകാശവും ആവേശവും പെയ്തുതോരാത്ത ആ അവസാന പോരിന്റെ രാത്രിയില്‍ സുവര്‍ണകിരീടത്തിന്റെ പടിവാതില്‍ക്കല്‍ ദിദിയെ ദെഷാംപ്‌സിന്റെ ഫ്രാന്‍സിന് മുന്നില്‍ വീണുപോയിട്ടും മോഡ്രിച്ച് കരഞ്ഞില്ല. യുദ്ധത്തിന്റെയും ദുരിതത്തിന്റെയും കണ്ണീരുപ്പ് കലര്‍ന്ന ജീവിത പാതകള്‍ താണ്ടിയാണ് അവനെത്തിയത്. തോറ്റിട്ടും തോല്‍ക്കാതെ… തോല്‍വിയുടെ ആഴത്തില്‍നിന്ന് വിജയത്തിന്റെ പടികള്‍ പന്തുതട്ടിക്കയറിയവന്‍….. കാഴ്ചയില്‍ ദുര്‍ബലനെന്ന് തോന്നിക്കുമ്പോഴും കനലെരിഞ്ഞ കരളുമായി അവന്‍ കൂട്ടുകാര്‍ക്ക് പ്രാണനായി… അന്ന് ആ രാത്രി ലുഷ്‌നിക്കിയില്‍ മികച്ച താരത്തിനുള്ള സ്വര്‍ണപ്പന്തുമായി നില്‍ക്കെ മോഡ്രിച്ച് ചിരിക്കാന്‍ മറന്നുപോയിരുന്നു. ഫ്രഞ്ച് ആരവങ്ങള്‍ക്കൊപ്പം പെയ്തിറങ്ങിയ പെരുമഴയില്‍ ക്രൊയേഷ്യന്‍ കണ്ണീരു കലര്‍ന്നിരുന്നു. മോഡ്രിച്ചിന്റെ കണ്ണുകള്‍ പക്ഷേ, ആ കണ്ണീര്‍ മഴയിലും ജ്വലിച്ചുനിന്നു. ഒരു നാടിന്റെ ദുരന്തജീവിതങ്ങള്‍ക്കൊപ്പം നടന്നുകയറിയവന്റെ നിസംഗത… ആ കണ്ണില്‍ മഹാവിജയത്തിന്റെ ആഴവും അപാരതയുമുണ്ടായിരുന്നു.
പോയകുറി ഖത്തറിലെ ലുസൈലില്‍ മെസിയുടെ അര്‍ജന്റീനയ്‌ക്കുമുന്നില്‍ ഇടറി വീണാണ് മോഡ്രിച്ചും കൂട്ടരും മടങ്ങിയത്. ഒരു പകവീട്ടലിന്റെ ആവേശത്തോടെ അര്‍ജന്റൈന്‍ ആരാധകര്‍ ആര്‍ത്തുവിളിച്ചിട്ടും മുടിയിഴകള്‍ മാടിയൊതുക്കി മോഡ്രിച്ച് നിസംഗന്റെ ചിരിയില്‍ നിവര്‍ന്നുനിന്നു. ടൊറന്റോയിലെ മൈതാനത്ത് ക്രിസ്റ്റ്യാനോയുടെ വാഴ്ചയ്‌ക്കായി വാതുകെട്ടിവന്ന ഗ്യാലറികളെയും അവന്‍ അതേ ചിരിയാല്‍ മറികടന്നിരിക്കുന്നു. ചിതറിപ്പോയ ജീവിത കാമനകളെ ചിറകിനടിയില്‍ ചേര്‍ത്തണച്ച് ഒരു തലമുറയുടെ യാത്രയ്‌ക്ക് നായകത്വം നല്കിയവന്റെ ചിരി. കളി പിരിയുമ്പോള്‍ അവന്‍ കളമൊഴിയുന്നു …. തോല്‍വികള്‍ അയാളുടെ ജീവിതമായിരുന്നു …. പതിറ്റാണ്ടുകളുടെ അഭയാര്‍ത്ഥി ജീവിതത്തില്‍ നിന്ന് അഭിമാനത്തിലേക്ക് തന്റെ കൊച്ചുരാജ്യത്തെ നടത്തുകയായിരുന്നു മോഡ്രിച്ച് …. ഒരു ഗോള്‍ നേട്ടം, ഒരു ചെറു വിജയം …. അത് പോലും ക്രൊയേഷ്യ എന്ന പേരിന് മഹത്വം കൂട്ടുമെന്ന് കരുതിയ യഥാര്‍ത്ഥ പോരാളി…. വിജയങ്ങള്‍ ഭാഗ്യം കൊണ്ടെന്ന് പരിഹസിച്ചവരെ നാല്പത്തൊന്നാം വയസിലും മോഡ്രിച്ച് തോല്പിച്ചിരിക്കുന്നു. മടക്കം തോല്‍വിയിലും തല ഉയര്‍ത്തിത്തന്നെ.
















