
ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍
കൊച്ചി: മത്സ്യങ്ങളെയും മറ്റു ജലജീവികളെയും ജീവനോടെ സുരക്ഷിതമായി കൊണ്ടുപോകുന്നതിനായി വികസിപ്പിച്ച പുതിയ സാങ്കേതിക വിദ്യയ്‌ക്ക് കൊച്ചിയിലെ സിഐഎഫ്ടിക്ക് പേറ്റന്റ്. നോണ്‍- സൈക്ലിക് റഫ്രിജറേഷന്‍ ഉപയോഗിച്ച് ജലജീവികളെ ജീവനോടെ കൊണ്ടുപോകുന്നതിന്‌ഹൈപ്പോതെര്‍മിക് അനസ്തേഷ്യ നല്‍കുന്നതിനുള്ള ഉപകരണത്തിനാണ് പേറ്റന്റ്. മത്സ്യങ്ങളെ ഗതാഗതത്തിന് മുമ്പ് രാസവസ്തുക്കള്‍ ഉപയോഗിക്കാതെ, നിയന്ത്രിത കുറഞ്ഞ താപനിലയിലൂടെ ശാന്തമാക്കുന്നതാണ് സാങ്കേതിക വിദ്യയുടെ പ്രധാന പ്രത്യേകത. ഓരോ ഇനത്തിനും അനുയോജ്യമായ രീതിയില്‍ വെള്ളത്തിന്റെ താപനില ക്രമേണ കുറയ്‌ക്കുന്നതിനാല്‍ അപ്രതീക്ഷിത തണുപ്പ് മൂലമുള്ള ആഘാതം ഒഴിവാക്കാനും ഗതാഗത സമയത്തെ ജീവന്‍ നിലനിര്‍ത്തല്‍ വര്‍ധിപ്പിക്കാനും കഴിയും.
നിയന്ത്രിതവും രാസരഹിതവും ഷോക്ക് രഹിതവുമായ തണുപ്പിക്കല്‍ സംവിധാനമാണ് ഈ കണ്ടുപിടിത്തത്തിന്റെ പ്രധാന പുതുമ. ജീവനുള്ള മത്സ്യങ്ങളുടെ ഗതാഗതത്തിനിടെ ഉണ്ടാകുന്ന സമ്മര്‍ദ്ദവും മരണനിരക്കും വലിയ നഷ്ടങ്ങള്‍ക്ക് കാരണമാകാറുണ്ട്.
ഗതാഗത നഷ്ടം കുറച്ച്, ഉപഭോക്താക്കള്‍ക്ക് മികച്ച ഗുണനിലവാരമുള്ള ജീവനുള്ള മത്സ്യം ലഭ്യമാക്കുന്നതിനാല്‍ ഈ കണ്ടുപിടിത്തത്തിന് മികച്ച വാണിജ്യ സാധ്യതയും വിലയിരുത്തപ്പെടുന്നു. ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍ എന്നിവരാണ് ഈ സാങ്കേതിക വിദ്യയുടെ വികസനത്തില്‍ പങ്കാളികളായത്.