ഡാളസ്: ലോകകപ്പ് ഫുട്‌ബോള്‍ 2026ല്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തിനിറങ്ങിയ അര്‍ജന്റീന ജോര്‍ദാനെ 3-1ന് തോല്‍പ്പിച്ചു. ഇതോടെ ഗ്രൂപ്പ് ജെയില്‍ നിന്ന് ഒമ്പത് പോയിന്റുമായാണ് അര്‍ജന്റീന റൗണ്ട് ഓഫ് 32ലേക്ക് ഗ്രൂപ്പ് ജേതാക്കളായി മുന്നേറിയത്. വെള്ളിയാഴ്‌ച്ച കേപ് വെര്‍ദെയ്‌ക്കെതിരെയാണ് റൗണ്ട് ഓഫ് 32 പോരാട്ടം.
മെസി സൈഡ് ബെഞ്ചിലിരുത്തിയാണ് ലയണല്‍ സ്‌കലോനി അര്‍ജന്റീന ടീമിനെ ഇറക്കിയത്. ആദ്യ പകുതിയില്‍ 2-0ന്റെ ആധിപത്യം പുലര്‍ത്തി. 19-ാം മിനിറ്റില്‍ ലഭിച്ച ഫ്രീക്കിക്ക് വലയിലെത്തിച്ച് ലോ സെല്‍സോ ആദ്യ ഗോള്‍ നേടി. പിന്നീട് ജോര്‍ദാന്‍ താരങ്ങളുടെ ഫൗളിന്റെ പേരില്‍ ലഭിച്ച പെനാല്‍റ്റി 31-ാം മിനിറ്റില്‍ ലൗട്ടാരോ മാര്‍ട്ടിനെസ് തൊടുത്തു, പന്ത് വലയില്‍. മത്സരം രണ്ടാം പകുതിയിലേക്കെത്തിയതോടെ ജോര്‍ദാന്‍ ഒരു ഗോള്‍ മടക്കി. 55-ാം മിനിറ്റില്‍ നടത്തിയ കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ മൂസ അല്‍-ടമാരി ഗോള്‍ നേടി. 60-ാം മിനിറ്റില്‍ മെസി കളത്തിലിറങ്ങി. ലൗട്ടാരോയെ പിന്‍വലിച്ചാണ് മെസിയെ പകരക്കാരനായി ഇറക്കിയത്. 80-ാം മിനിറ്റില്‍ ലഭിച്ച ഫ്രീക്കിക്ക് വലയിലെത്തിച്ച് മെസി ഗോളും നേടി. പ്രാഥമിക റൗണ്ടില്‍ കളിച്ച എല്ലാ കളിയിലും താരം ഗോള്‍ നേടി.
















