Varadyam

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

Published by
കെ.എസ്. വര്‍ണം

മ്മുടെ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത സാധാരണക്കാരായ മനുഷ്യര്‍ക്കും അസാധാരണമായ ഉയരങ്ങള്‍ കീഴടക്കാന്‍ അവസരം ലഭിക്കുന്നു എന്നതാണ്. ജീവിതത്തിലെ കടുത്ത പ്രതിസന്ധികളെയും ദാരിദ്ര്യത്തെയും മറികടന്ന് പൊതുജീവിതത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകളുടെ പട്ടികയില്‍ ഇന്ന് ശ്രദ്ധേയമായ പേരാണ് കലിത മാജി. ഒരുകാലത്ത് വീട്ടുജോലി ചെയ്ത് കുടുംബം പോറ്റിയിരുന്ന കലിത മാജി ഇന്ന് ബംഗാള്‍ മന്ത്രിസഭയിലെ അംഗമാണ്, ഭവന വകുപ്പ് സഹമന്ത്രി. ഒന്നുമില്ലായ്‌മയില്‍ നിന്ന് മന്ത്രി സ്ഥാനത്തേക്കുള്ള അവരുടെ വളര്‍ച്ച വെറും ഒരു രാഷ്‌ട്രീയ വിജയത്തിന്റെ കഥയല്ല, കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ജീവിക്കുന്ന പ്രതീകമാണവര്‍.

ദാരിദ്ര്യം പിടിമുറുക്കിയ ജീവിതത്തില്‍ നിന്നുള്ള കലിതയുടെ വളര്‍ച്ച ഇന്ന് സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന ജനങ്ങള്‍ക്കും രാഷ്‌ട്രീയ രംഗത്ത് അവസരം ലഭിക്കുമെന്നത് ഒന്നുകൂടി ഉറപ്പിക്കുകയാണ്. സ്ത്രീകളെ അടിച്ചമര്‍ത്തി ഭരിച്ചിരുന്ന സംസ്ഥാനത്തു നിന്ന് ബിജെപി കണ്ടെടുത്ത മറ്റൊരു മാണിക്യം കൂടിയാണ് കലിതയെന്നും പറയാം.

ജീവനോപാധി എന്ന നിലയ്‌ക്കാണ് കലിത വീട്ടുജോലിക്ക് പോയിരുന്നത്. ഭര്‍ത്താവിന്റെ മാത്രം വരുമാനത്തില്‍ മുന്നോട്ട് പോകാന്‍ ആകില്ല എന്ന തിരിച്ചറിവില്‍. ജോലിക്കൊപ്പം തന്നെ സാമൂഹികപ്രശ്‌നങ്ങളെ അവര്‍ അടുത്തറിഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തുന്നതിനും അവര്‍ സമയം കണ്ടെത്തി. തൃണമൂല്‍ ഭരണത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഇല്ലെന്ന് നേരത്തെ അവര്‍ തിരിച്ചറിഞ്ഞു, ബിജെപിക്ക് ഒപ്പം നിന്നു. അതും എളുപ്പം ആയിരുന്നില്ല. തൃണമൂല്‍ ഗുണ്ടകള്‍ പലപ്പോഴും ഭീഷണിയുമായി എത്തി. ഇവര്‍ക്ക് മുന്നില്‍ മുട്ട് മടക്കാതെ കലിത നിലകൊണ്ടു.

ബംഗാളില്‍ പിന്നാക്കവിഭാഗങ്ങള്‍ ഇതുവരെ നേരിട്ടുകൊണ്ടിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന ആഗ്രഹമാണ് അവരെ രാഷ്‌ട്രീയത്തിലേക്ക് എത്തിച്ചത്. പ്രാദേശികതലത്തില്‍ ജനങ്ങളുമായി അടുത്ത ബന്ധം സ്ഥാപിച്ച അവര്‍ ഗ്രാമങ്ങളിലെ സ്ത്രീകളുടെയും തൊഴിലാളികളുടെയും പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ തുടങ്ങി.

തികച്ചും സാധാരണ ജീവിതം നയിച്ചിരുന്ന അവര്‍ക്ക് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ എളുപ്പത്തില്‍ മനസിലാക്കാനായി. ലാളിത്യവും ജനകീയ സമീപനവും അവരുടെ പ്രത്യേകതയായി മാറി.

ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കാനുള്ള കലിതയുടെ മനസും അര്‍പണബോധവും തിരിച്ചറിഞ്ഞ സംസ്ഥാന ബിജെപി നേതാക്കളായ സമീക് ഭട്ടാചാര്യയും സുവേന്ദു അധികാരിയും സര്‍ക്കാര്‍ രൂപീകരണ വേളയില്‍ കലിതയ്‌ക്ക് കൂടി അവസരം നല്‍കുകയായിരുന്നു. അത് അവരുടെ ജീവിതം തന്നെ മാറ്റിമറിച്ചു. ഇന്നവര്‍ സംസ്ഥാനത്തെ ജനപ്രിയ മന്ത്രിമാരില്‍ ഒരുവളാണ്; ഒസ്ഗ്രാമിന്റെ പ്രീയപ്പെട്ട കലിതാ ദീദി.

ജീവിതത്തോട് പൊരുതിയ സ്ത്രീ

പൂര്‍വ ബര്‍ധമാന്‍ ജില്ലയിലെ ഒസ്ഗ്രാം ഗ്രാമത്തിലെ സാധാരണ കുടുംബത്തിലാണ് കലിത മാജിയുടെ ജനനം. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി പരിതാപകാരമായിരുന്നു. വിദ്യാഭ്യാസത്തോടുള്ള ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ദാരിദ്ര്യം കാരണം പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഉന്നത പഠനത്തിനായില്ല. സഹപാഠികള്‍ പഠിക്കാന്‍ പോകുമ്പോള്‍ കുടുംബത്തിന് ഒരു നേരത്തെ ഭക്ഷണം ഉറപ്പാക്കാനായി വീടുകളില്‍ ജോലിക്ക് പോയി. കുടുംബം മുന്നോട്ട് കൊണ്ടുപോകുക എന്നത് മാത്രമായിരുന്നു ലക്ഷ്യം.

വിവാഹശേഷം വീട്ടുജോലി ആദ്യം ഉപേക്ഷിച്ചെങ്കിലും ഭര്‍ത്താവ് സുബ്രത മാജിയുടെ പ്ലംബിങ് ജോലിയില്‍ നിന്നുള്ള വരുമാനം മതിയാകാതെ വന്നപ്പോള്‍ കലിത വീണ്ടും പഴയ ജോലിയിലേക്ക് മടങ്ങി. രാവിലെ മുതല്‍ വൈകുന്നേരം വരെ വീടുകള്‍ കയറിയിറങ്ങി ജോലി ചെയ്ത് കുടുംബച്ചെലവുകള്‍ കണ്ടെത്തി. മാസം 2,500 മുതല്‍ 4,500 രൂപ വരെ ആയിരുന്നു രണ്ട് മാസം മുന്‍പ് വരെ അവരുടെ കുടുംബത്തിന്റെ വരുമാനം. ഒരിക്കലും അവര്‍ വിധിയെ പഴിച്ചില്ല. മകന്‍ പാര്‍ത്ഥന്റെ വിദ്യാഭ്യാസവും കുടുംബത്തിന്റെ ഭാവിയും മുന്നില്‍ കണ്ട് അധ്വാനിച്ചു. ജീവിതാനുഭവങ്ങളാണ് കലിത എന്ന സ്ത്രീയെ മുന്നോട്ട് നയിക്കാന്‍ പ്രേരിപ്പിച്ചത്. ജനങ്ങളുടെ ശബ്ദമാക്കാന്‍ പ്രേരണയായത്. ദാരിദ്ര്യത്തിന്റെ വേദനയും തൊഴിലാളികളുടെ ദുരിതവും സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളും ഇവയെല്ലാം തരണം ചെയ്ത കലിതയ്‌ക്കല്ലാതെ മറ്റാര്‍ക്ക് മനസിലാകാനാണ്.

രാഷ്‌ട്രീയത്തിലേക്കുള്ള ചുവടുവെപ്പ്

സമൂഹത്തിലെ അനീതികള്‍ കണ്ടും കേട്ടും ജീവിച്ച കലിതയ്‌ക്ക് ഒരു ഘട്ടത്തില്‍ മാറ്റത്തിന്റെ ഭാഗമാകണമെന്ന ആഗ്രഹം ശക്തമായി. അതിന് പറ്റിയ രാഷ്‌ട്രീയം ഏതാണെന്നും മനസിലാക്കി, 2014-ല്‍ ബിജെപിയില്‍ ചേര്‍ന്നു. രാഷ്‌ട്രീയത്തില്‍ വലിയ ബന്ധങ്ങളോ സാമ്പത്തിക ശക്തിയോ ഒന്നുമില്ലായിരുന്നു. ഉണ്ടായിരുന്നത് ജനങ്ങളോടുള്ള അടുപ്പവും സേവന മനോഭാവവും മാത്രം.

ഗ്രാമങ്ങളിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍, തൊഴിലാളികളുടെ അവകാശങ്ങള്‍, പിന്നാക്ക വിഭാഗങ്ങളുടെ ആവശ്യങ്ങള്‍ എന്നിവ അവര്‍ സ്ഥിരമായി ഉയര്‍ത്തിക്കാട്ടി. വീടുതോറും കയറിയിറങ്ങി ജനങ്ങളുമായി സംവദിച്ച അവര്‍ വളരെ വേഗത്തില്‍ ജനപ്രീതി നേടി.

രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങള്‍ എളുപ്പമായിരുന്നില്ല. പലതവണ ഭീഷണികളും സമ്മര്‍ദങ്ങളും നേരിട്ടു. എങ്കിലും താന്‍ വിശ്വസിച്ച ആശയങ്ങളില്‍ നിന്ന് ഒരിക്കലും പിന്നോട്ടുപോയില്ല. ധൈര്യവും ആത്മവിശ്വാസവും അവരുടെ രാഷ്‌ട്രീയ ജീവിതത്തിന്റെ മുഖമുദ്രയായി മാറി.

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിക്കാനുള്ള അവസരം ലഭിച്ചു. ഫലം അനുകൂലമായില്ല. എന്നാല്‍ പരാജയം അവരെ തളര്‍ത്തിയില്ല. കൂടുതല്‍ ശക്തിയോടെ ജനങ്ങള്‍ക്കിടയിലേക്ക് തിരിച്ചെത്താന്‍ അത് പ്രചോദനമാക്കി.

തെരഞ്ഞെടുപ്പിന് ശേഷം പോലും ജനസേവന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. വിജയത്തിനായി മാത്രം രാഷ്‌ട്രീയത്തില്‍ വന്നതല്ല, ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കാനാണ് താന്‍ എത്തിയതെന്ന് അവര്‍ തെളിയിച്ചു.

കലിതയുടെ ജനസേവനത്തിനോടുള്ള താത്പര്യം ചെറുതല്ലെന്നു മനസ്സിലാക്കിയ ബിജെപി നേതൃത്വം 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും അവസരം നല്‍കി. ജോലിക്കു പോകുന്ന വീട്ടില്‍നിന്ന് രണ്ട് മാസത്തെ അവധിയെടുത്തു. ഇനിയുമൊരു അവസരം എല്ലാവര്‍ക്കും ലഭിക്കുന്നതല്ല എന്ന തിരിച്ചറിവില്‍ പ്രവര്‍ത്തിച്ചു രാത്രിയും പകലുമില്ലാതെ, രണ്ട് മാസത്തോളം ഒസ്ഗ്രാമിലെ ഓരോ വീണ്ടും കയറി ഇറങ്ങി വോട്ട് അഭ്യര്‍ത്ഥിച്ചു. പലതവണ വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ട് ഉറപ്പാക്കി. മെയ് നാലിന് പുറത്തിറങ്ങിയ തെരഞ്ഞെടുപ്പ് ഫലത്തില്‍ തൃണമൂലിന്റെ ശ്യാമ പ്രസന്ന ലോഹറിനെ 12535 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി കലിത വിജയം നേടി. ശ്യാമ പ്രസന്ന 95157 വോട്ടുകള്‍ നേടിയപ്പോള്‍ കലിതയ്‌ക്ക് ലഭിച്ചത് 107692 വോട്ടുകളാണ്.

ഈ വിജയം കലിതയുടെ വ്യക്തിപരമായ നേട്ടം മാത്രമായിരുന്നില്ല. സമൂഹത്തിന്റെ താഴെത്തട്ടില്‍ നിന്നുള്ള സ്ത്രീകള്‍ക്കും രാഷ്‌ട്രീയ നേതൃത്വത്തിലേക്ക് ഉയരാന്‍ കഴിയുമെന്ന സന്ദേശം കൂടിയായിരുന്നു.

മന്ത്രിസ്ഥാനത്തിലേക്കുള്ള ഉയര്‍ച്ച

നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ കലിതക്ക് ലഭിച്ച വലിയ അംഗീകാരമായിരുന്നു മന്ത്രിസ്ഥാനം. കലിതയുടെ സേവനം ജനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനപ്രദമാകണം, ഒപ്പം അവരുടെ കഴിവിനുള്ള അംഗീകാരം കൂടി ആയാണ് സംസ്ഥാനത്തെ ആദ്യ ബിജെപി സര്‍ക്കാരില്‍ അവര്‍ക്ക് മന്ത്രി സ്ഥാനം നല്‍കിയത്.

ജൂണില്‍ അവര്‍ ബംഗാള്‍ ബിജെപി സര്‍ക്കാരില്‍ സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ദിവസങ്ങള്‍ക്ക് ശേഷം നടത്തിയ വകുപ്പ് വിഭജനത്തിലാണ് ഭവന നിര്‍മാണ വകുപ്പ് ലഭിച്ചത്.

സംസ്ഥാനത്തെ ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കും സ്ത്രീശാക്തീകരണം, ഗ്രാമവികസനം, സാമൂഹിക ക്ഷേമം എന്നിവയ്‌ക്കായി എന്നും പ്രവര്‍ത്തിക്കുമെന്നാണ് സത്യപ്രതിജ്ഞയ്‌ക്ക് ശേഷം കലിത ആദ്യം നല്‍കിയ പ്രതികരണം. ദിവസങ്ങള്‍ക്കുള്ളില്‍ അവര്‍ അത് തെളിയിച്ചു.

സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഉടന്‍ തന്നെ കലിത തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചത് ഗ്രാമീണ മേഖലകളിലെ അടിസ്ഥാന പ്രശ്‌നങ്ങളിലേക്കായിരുന്നു. അധികാരത്തിന്റെ ആഡംബരങ്ങളില്‍ മുഴുകാതെ, താന്‍ വളര്‍ന്നുവന്ന സാഹചര്യങ്ങള്‍ മറക്കാതെ അവര്‍ പ്രവര്‍ത്തനം ആരംഭിച്ചു. സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്ന സാധാരണക്കാരുടെ പരാതികള്‍ നേരിട്ട് കേള്‍ക്കുന്നതിനും അവയ്‌ക്ക് വേഗത്തില്‍ പരിഹാരം കണ്ടെത്തുന്നതിനും പ്രത്യേക സംവിധാനം ഒരുക്കാന്‍ നിര്‍ദേശം നല്‍കി.

ഗ്രാമീണ സ്ത്രീകളുടെ സ്വയംതൊഴില്‍ സംരംഭങ്ങള്‍ ശക്തിപ്പെടുത്തുക, പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ പഠനസഹായം ഉറപ്പാക്കുക, കുടിവെള്ളവും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുക എന്നീ വിഷയങ്ങള്‍ക്കാണ് കലിത ആദ്യം പരിഗണന നല്‍കിയത്.

സ്വന്തം ജീവിതത്തില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നതിന്റെ വേദന കലിത മാജിക്ക് എന്നും ഉണ്ടായിരുന്നു. ദാരിദ്ര്യം കാരണം സ്‌കൂള്‍ പഠനം പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വന്ന അനുഭവം അവര്‍ പല വേദികളിലും തുറന്നു പറഞ്ഞിട്ടുണ്ട്.

അതുകൊണ്ടുതന്നെ മന്ത്രിയായ ശേഷം വിദ്യാഭ്യാസ മേഖലയ്‌ക്ക് പ്രത്യേക പ്രാധാന്യം നല്‍കുമെന്ന് അവര്‍ പ്രഖ്യാപിച്ചു. താന്‍ നഷ്ടപ്പെടുത്തിയ അവസരങ്ങള്‍ ഇന്നത്തെ കുട്ടികള്‍ക്ക് നഷ്ടമാകരുത് എന്നാണ് അവരുടെ നിലപാട്. ഇതിനായി പിന്നാക്ക കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് പഠനം തുടരാന്‍ സ്‌കോളര്‍ഷിപ്പുകള്‍, സ്‌കൂള്‍ ഉപേക്ഷിക്കുന്ന കുട്ടികളുടെ എണ്ണം കുറയ്‌ക്കാനുള്ള പദ്ധതികള്‍, ഗ്രാമീണ വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം എന്നിവയ്‌ക്ക് മുന്‍ഗണന നല്‍കണമെന്ന ആശയം മുഖ്യമന്ത്രി സുവേന്ദു അധികാരി അടക്കമുള്ള ഉന്നത സംഘത്തെ അറിയിച്ചു, അംഗീകാരവും നേടിയെടുത്തു.

ജനങ്ങളുടെ സ്വന്തം കലിത ദീദി

മന്ത്രിയായ ശേഷവും കലിത മാജിയുടെ ജീവിതശൈലിയില്‍ വലിയ മാറ്റമുണ്ടായില്ലെന്നതാണ് ജനങ്ങള്‍ എടുത്തുപറയുന്നത്. സാധാരണക്കാരോട് സംസാരിക്കുന്ന രീതിയിലും പെരുമാറ്റത്തിലും ഇന്നും പഴയ കലിതയുടെ ലാളിത്യം നിലനില്‍ക്കുന്നു. അധികാരത്തിന്റെ അകലം സൃഷ്ടിക്കാതെ ജനങ്ങള്‍ക്കിടയില്‍ തന്നെ നിലകൊള്ളുന്ന നേതാവെന്ന പ്രതിച്ഛായയാണ് കലിതയ്‌ക്കുള്ളത്. ഒസ്ഗ്രാമിലെ പല കുടുംബങ്ങള്‍ക്കും ഇന്നും അവര്‍ ‘മന്ത്രി’ എന്നതിലുപരി ‘കലിത ദീദി’ തന്നെയാണ്.

ബംഗാളിലെ രാഷ്‌ട്രീയ ചരിത്രത്തില്‍ സാധാരണ തൊഴിലാളി കുടുംബത്തില്‍ നിന്ന് ഉയര്‍ന്ന് മന്ത്രിസ്ഥാനത്തിലെത്തിയ സ്ത്രീകളുടെ എണ്ണം വളരെ കുറവാണ്. ആ സാഹചര്യത്തില്‍ കലിതയുടെ വിജയം സ്ത്രീശാക്തീകരണത്തിന്റെ ശക്തമായ സന്ദേശമാണ്.

വീട്ടുജോലിക്കാരിയായും കൂലിത്തൊഴിലാളിയായും ജീവിതം നയിക്കുന്ന ലക്ഷക്കണക്കിന് സ്ത്രീകള്‍ക്ക് രാഷ്‌ട്രീയ രംഗത്തും ഭരണരംഗത്തും തങ്ങള്‍ക്കും അവസരമുണ്ടെന്ന് അവരുടെ ജീവിതം തെളിയിക്കുന്നു. സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ സ്വയംസഹായ സംഘങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും, ഗ്രാമീണ സ്ത്രീകള്‍ക്ക് തൊഴില്‍പരിശീലനം നല്‍കണമെന്നും കലിത ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു.

കലിത മാജിയുടെ വിജയത്തിന് പിന്നില്‍ കുടുംബത്തിന്റെ പിന്തുണയും നിര്‍ണായക ഘടകമായിരുന്നു. ഭര്‍ത്താവ് സുബ്രത മാജിയും മകന്‍ പാര്‍ത്ഥനും പ്രതിസന്ധി ഘട്ടങ്ങളില്‍ എല്ലായ്‌പ്പോഴും കൂടെയുണ്ടായിരുന്നു. ദാരിദ്ര്യവും സാമ്പത്തിക ബുദ്ധിമുട്ടുകളും നേരിട്ടപ്പോഴും കുടുംബം ഒരുമിച്ച് നിന്നതാണ് കലിതയ്‌ക്ക് മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസം നല്‍കിയത്. ഇന്ന് മന്ത്രി പദവിയിലെത്തിയ ശേഷവും കുടുംബത്തിന്റെ പിന്തുണയാണ് തന്റെ ഏറ്റവും വലിയ ശക്തിയെന്ന് അവര്‍ പലപ്പോഴും പറയാറുണ്ട്.

പ്രചോദനത്തിന്റെ പ്രതീകം

കലിതയുടെ ഉയര്‍ച്ച ഒരു വ്യക്തിയുടെ വിജയകഥ മാത്രമല്ല. സമൂഹത്തിന്റെ താഴെത്തട്ടിലുള്ള വിഭാഗങ്ങളില്‍ ബിജെപി നേടിയ സ്വാധീനത്തിന്റെ പ്രതീകമായും ഇതിനെ വിലയിരുത്തുന്നു. സാധാരണ കുടുംബങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കുന്ന അവസരത്തിന്റെ ഉദാഹരണമായാണ് കലിതയുടെ ഉയര്‍ച്ചയെ കാണുന്നത്.

മന്ത്രിസ്ഥാനത്തിലെത്തിയെങ്കിലും കലിത മാജിയുടെ സ്വപ്‌നങ്ങള്‍ അവിടെ അവസാനിക്കുന്നില്ല. ഗ്രാമീണ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുക, സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുക, വിദ്യാഭ്യാസവും തൊഴിലവസരങ്ങളും മെച്ചപ്പെടുത്തുക എന്നിവയാണ് അവരുടെ പ്രധാന ലക്ഷ്യങ്ങള്‍. ‘ഞാന്‍ വന്ന വഴി മറക്കില്ല. എന്റെ ജീവിതം മാറിയതുപോലെ മറ്റുള്ളവരുടെയും ജീവിതം മാറണം’ എന്നതാണ് അവരുടെ രാഷ്‌ട്രീയ ദര്‍ശനത്തിന്റെ കാതല്‍.

കലിത മാജിയുടെ ജീവിതം ഇന്നത്തെ യുവതലമുറയ്‌ക്കും പ്രത്യേകിച്ച് സ്ത്രീകള്‍ക്കും വലിയ പ്രചോദനമാണ്. സാമ്പത്തിക പിന്നാക്കാവസ്ഥയും വിദ്യാഭ്യാസ പരിമിതികളും വിജയത്തിന് തടസമല്ലെന്ന് അവര്‍ തെളിയിച്ചു. അധ്വാനവും ആത്മവിശ്വാസവും ജനസേവനത്തിനുള്ള പ്രതിബദ്ധതയും ഉണ്ടെങ്കില്‍ ഏത് ഉയരവും കീഴടക്കാമെന്ന് അവരുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.

വീട്ടുജോലിക്കാരിയില്‍ നിന്ന് മന്ത്രിസഭാ അംഗമായി ഉയര്‍ന്ന കലിത മാജിയുടെ ജീവിതം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തിയുടെ ജീവിക്കുന്ന ഉദാഹരണമാണ്. ദാരിദ്ര്യം, പരിമിതികള്‍, ഭീഷണികള്‍, പരാജയങ്ങള്‍ ഇവയെല്ലാം അതിജീവിച്ചാണ് അവര്‍ ഇന്ന് അധികാരത്തിന്റെ കേന്ദ്രത്തിലേക്ക് എത്തിയത്. അവരുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നത് ഒരു വലിയ സത്യമാണ്, ജനനം അല്ല, നിശ്ചയദാര്‍ഢ്യമാണ് മനുഷ്യന്റെ ഭാവി നിര്‍ണയിക്കുന്നത്. മറ്റുള്ളവരുടെ വീടുകളില്‍ ജോലി ചെയ്ത് കുടുംബം പോറ്റിയിരുന്ന ആ സ്ത്രീ ഇന്ന് ലക്ഷക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് നേതൃത്വം നല്‍കുകയാണ്.

Recent Posts