
ചെന്നൈ: ഇസ്ലാം മതം സ്വീകരിക്കുന്ന വ്യക്തികൾക്ക് പിന്നാക്ക വിഭാഗം മുസ്ലീം എന്ന പദവിയിലോ സംവരണ ആനുകൂല്യങ്ങളിലോ അവകാശവാദം ഉന്നയിക്കാൻ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഹിന്ദുക്കളിലെ പിന്നാക്ക (BC), അതിപിന്നാക്ക (MBC), പട്ടികജാതി (SC) വിഭാഗങ്ങളിൽ നിന്ന് ഇസ്ലാം മതത്തിലേക്ക് മാറുന്നവർക്ക് ബിസിഎം സംവരണ സർട്ടിഫിക്കറ്റ് നൽകാൻ അനുമതി നൽകിയ തമിഴ്‌നാട് സർക്കാരിന്റെ 2024-ലെ വിവാദ ഉത്തരവ് ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി കോടതി റദ്ദാക്കി.
ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ, ജസ്റ്റിസ് പി.ബി. ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ചരിത്രപരമായ ഈ വിധി പുറപ്പെടുവിച്ചത്. “മതപരിവർത്തനം നടത്തുന്ന ഒരാൾ ഇസ്ലാം മതവിശ്വാസി മാത്രമാണ് . അതിനപ്പുറം ഇസ്ലാമിലെ പ്രത്യേക ജനവിഭാഗങ്ങളായ ലബ്ബെ, റാവുത്തർ, മരക്കായർ തുടങ്ങിയ ജാതി സ്വഭാവമുള്ള പദവികൾ അവർക്ക് ലഭിക്കില്ല. ഈ വിഭാഗങ്ങളെല്ലാം ജനനം കൊണ്ട് മാത്രം നിർണ്ണയിക്കപ്പെടുന്നവയാണ്,” എന്ന് കോടതി വ്യക്തമാക്കി.
തൂത്തുക്കുടി സ്വദേശിയായ സമീർ അഹമ്മദ് (മുൻപ് പരമശിവം) നൽകിയ ഹർജി പരിഗണിച്ചാണ് വിധി. 2015-ൽ ഇസ്ലാം മതം സ്വീകരിച്ച തനിക്ക് ‘മുസ്ലീം ലബ്ബെ’ എന്ന കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന ഹർജിക്കാരന്റെ ആവശ്യം പ്രാദേശിക തഹസിൽദാർ നിഷേധിച്ചിരുന്നു. ഇതിനെതിരെയാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. ഇതിനിടയിലാണ് ഡിഎംകെ (DMK) സർക്കാർ മതപരിവർത്തനം ചെയ്യുന്നവർക്ക് സംവരണം ഉറപ്പാക്കാൻ പ്രത്യേക ഉത്തരവ് (GO Ms. No. 31) ഇറക്കിയത്.
ഇസ്ലാം മതം സമത്വത്തെയും സാഹോദര്യത്തെയും കുറിച്ചാണ് സംസാരിക്കുന്നതെന്നും അവിടെ ഉയർന്ന ജാതിയെന്നോ താഴ്ന്ന ജാതിയെന്നോ ഉള്ള വേർതിരിവുകൾ ഇല്ലെന്നും ഖുറാനെയും പ്രവാചക വചനങ്ങളെയും ഉദ്ധരിച്ചുകൊണ്ട് കോടതി നിരീക്ഷിച്ചു. മതപരിവർത്തനത്തിനായി ഇസ്ലാം പൂർണ്ണമായ സാമൂഹിക സമത്വം വാഗ്ദാനം ചെയ്യുന്നുവെന്ന് പ്രചരിപ്പിക്കുകയും, പിന്നീട് സംവരണത്തിനായി ഇസ്ലാമിലും ശ്രേണികളുണ്ടെന്ന് വാദിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് ജഡ്ജിമാർ ചൂണ്ടിക്കാട്ടി. മുൻപ് 1951-ൽ ഇതേ വിഷയത്തിൽ മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ചതും സുപ്രീം കോടതി അംഗീകരിച്ചതുമായ വിധി മറികടക്കാൻ സർക്കാരിന്റെ ഒരു എക്സിക്യൂട്ടീവ് ഉത്തരവിന് കഴിയില്ലെന്നും ഹൈക്കോടതി ഓർമ്മിപ്പിച്ചു.