Kerala

വീര്യം കുറഞ്ഞ മദ്യം, വീര്യം കെട്ട നയം : സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സമസ്ത

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോഴിക്കോട്: വീര്യം കുറഞ്ഞ മദ്യം പ്രോത്സാഹിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുഖപത്രമായ ‘സുപ്രഭാതം’. ‘വീര്യം കുറഞ്ഞ മദ്യം, വീര്യം കെട്ട നയം’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലൂടെയാണ് സര്‍ക്കാര്‍ തീരുമാനത്തെ സംഘടന ചോദ്യം ചെയ്തിരിക്കുന്നത്. മുന്നണിക്കകത്തുപോലും ആവശ്യമായ ചര്‍ച്ചകള്‍ നടത്താതെയും, ഘടകകക്ഷികളെ വിശ്വാസത്തിലെടുക്കാതെയും ഇത്തരമൊരു നയം അടിച്ചേല്‍പ്പിക്കുന്നത് രാഷ്‌ട്രീയ വിവേകമല്ലെന്ന് മുഖപ്രസംഗം വിമര്‍ശിക്കുന്നു.

മദ്യവർജനത്തെക്കുറിച്ചുള്ള വാചാടോപങ്ങൾ നിരത്തുന്നതിൽ മുന്നണികളൊന്നും ഒരുമടിയും കാട്ടാറില്ല. എന്നാൽ അധികാരത്തിൽ മാറിവരുന്ന ഭരണകൂടങ്ങളുടെ പ്രവർത്തനങ്ങൾ പരിശോധിച്ചാൽ, മദ്യലഭ്യത കുറയ്‌ക്കുന്നതിനെക്കാൾ വിപണി നിലനിർത്തുകയും വിപുലീകരിക്കുകയും ചെയ്യുന്നതിലാണ് കൂടുതൽ താൽപര്യം പ്രകടമായിട്ടുള്ളത്. പ്രഖ്യാപനങ്ങളും പ്രവർത്തനങ്ങളും തമ്മിലുള്ള ഈ വൈരുധ്യം തന്നെയാണ് പൊതുസമൂഹത്തിൽ സംശയങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കുന്നത്. യു.ഡി.എഫ് സർക്കാർ സമഗ്ര മദ്യനയം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്‌ക്കുമെന്ന മുഖ്യമന്ത്രി വി.ഡി സതീശന്റെ ബജറ്റ് പ്രഖ്യാപനം സർക്കാരിന്റെ സമീപനം ഏത് ദിശയിലേക്കാണ് നീങ്ങുന്നതെന്നതിന്റെ സൂചനയായി വിലയിരുത്തപ്പെട്ടേക്കാം.

ലഹരി ഉപയോഗം കുറയ്‌ക്കുന്നതിനെക്കാൾ മദ്യവിപണിക്ക് പുതിയ സാധ്യതകൾ തുറന്നുകൊടുക്കുന്ന നയസൂചനയായാണ് ഇതിനെ പലരും കാണുന്നത്. അതുകൊണ്ടുതന്നെ ഈ തീരുമാനത്തെക്കുറിച്ചുള്ള ആശങ്കകൾ സർക്കാർ ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്. വീര്യം കുറഞ്ഞ മദ്യമെന്ന പേരിൽ ഇത്തരം ഉൽപ്പന്നങ്ങളെ കൂടുതൽ സുലഭമാക്കുന്നത് പുതിയ ഉപഭോക്താക്കളെ സൃഷ്ടിക്കുമെന്ന ഭയം അടിസ്ഥാനരഹിതമല്ല. മദ്യത്തിന്റെ വീര്യം കുറവാണെന്നത് അതിന്റെ സാമൂഹിക പ്രത്യാഘാതങ്ങൾ ഇല്ലാതാക്കുന്നില്ല. മറിച്ച് ‘സുരക്ഷിത മദ്യം’ എന്ന തെറ്റായ ധാരണ സൃഷ്ടിച്ച് മദ്യ ഉപയോഗത്തിലേക്ക് ജനങ്ങളെ ആകർഷിക്കാനുള്ള സാധ്യത കൂടുതലാണ്.

മദ്യനയത്തിലെ ഈ പരിഷ്‌കരണം ബെക്കാഡി സഹായിക്കാനാണെന്ന പ്രതിപക്ഷ ആരോപണം ഗൗരവത്തോടെ കാണണമെന്നും, ഫയല്‍ നീക്കത്തിലെ അസാധാരണ വേഗത ഈ സംശയങ്ങളെ ബലപ്പെടുത്തുന്നതായും സുപ്രഭാതം ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന നയങ്ങളും, നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളും തമ്മിലുള്ള ഈ വലിയ വൈരുധ്യമാണ് പൊതുസമൂഹത്തില്‍ സര്‍ക്കാരിനെതിരെ സംശയങ്ങള്‍ ഉയരാന്‍ കാരണമാകുന്നതെന്നും സുപ്രഭാതം ഓര്‍മ്മിപ്പിക്കുന്നു. മത‑സാമൂഹിക സംഘടനകളും രാഷ്‌ട്രീയ കക്ഷികളും ഉന്നയിക്കുന്ന വിമര്‍ശനങ്ങളെ അവഗണിക്കാതിരിക്കാനും, സുതാര്യമായ വിശദീകരണങ്ങളിലൂടെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാനും സര്‍ക്കാര്‍ തയ്യാറാകണമെന്ന ശക്തമായ താക്കീതോടെയാണ് മുഖപ്രസംഗം അവസാനിക്കുന്നത്.

Recent Posts