മട്ടാഞ്ചേരി: കൊച്ചി – ലക്ഷദ്വീപ് ജലവിമാനം (സീ പ്ലെയിന്‍) ബോട്ടില്‍ തട്ടിയതിനെത്തുടര്‍ന്ന് സര്‍വീസ് താത്കാലികമായി നിര്‍ത്തിവെച്ചു. ഇന്നലെ രാവിലെ കവരത്തി ബോട്ട് ജെട്ടിയിലേക്ക് അടുപ്പിക്കുന്നതിനിടെ ജലവിമാനത്തിന്റെ ചിറക് നിര്‍ത്തിയിട്ട എംഎഫ് യു ഫീന്‍ എന്ന യാത്രാ ബോട്ടില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാപ്രശ്‌നം മുന്‍നിര്‍ത്തി സര്‍വീസ് നിര്‍ത്തിവച്ചു. അപകടത്തില്‍ ആളപായമില്ല. വ്യോമയാന വിഭാഗം, വിമാന സര്‍വീസ് എന്നിവിടങ്ങളില്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയ ശേഷമേ സര്‍വീസ് പുനരാരംഭിക്കുകയുള്ളൂവെന്ന് വിമാന സര്‍വ്വീസ് കമ്പനി അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞദിവസം കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് തുടങ്ങിയ ജലവിമാന സര്‍വീസില്‍ തടസങ്ങള്‍ ഏറെയായിരുന്നു. മോശം കാലാവസ്ഥയും യാത്രക്കാര്‍ കുറഞ്ഞതും മൂലം സര്‍വീസ് കാര്യക്ഷമമായി നടത്താന്‍ കഴിഞ്ഞില്ല. ഉഡാന്‍ പദ്ധതി പ്രകാരം ഹെലികോപ്ടര്‍ സര്‍വീസ് മാതൃകയിലാണ് ജലവിമാന സര്‍വീസ് പ്രവര്‍ത്തനസജ്ജമായത്. 19 യാത്രക്കാര്‍ക്ക് സര്‍വീസ് നടത്താന്‍ കഴിയുന്ന ട്വിന്‍ മട്ടര്‍ വിഭാഗത്തി ലുള്ള ജലവിമാനം ആണ് അപകടത്തില്‍പ്പെട്ടത്. സ്‌കൈ ഹോപ്പ് ഏവിയേഷനാണ് സര്‍വീസ് നടത്തുന്നത്.











