തിരുവനന്തപുരം: വികസിത രാഷ്‌ട്രത്തിലേക്കുള്ള യാത്രയിൽ സൈക്ലിംഗിന് വലിയ പങ്കുണ്ടെന്ന് കേന്ദ്ര കായികയുവജനകാര്യ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ. ഫിറ്റ് ഇന്ത്യ മൂവ്‌മെന്റിന്റെ ഭാഗമായി സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ തിരുവനന്തപുരത്ത് ചാക്ക ഐടിഐ മുതൽ ശംഖുമുഖം ബീച്ച് വരെ നടത്തിയ സൈക്ലിംഗ് പരിപാടിയായ ‘സൈക്ലിംഗ് ബൈ ദ സീ’യിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യമുള്ള പൗരന്മാരിലൂടെ മാത്രമേ ആരോഗ്യമുള്ള രാജ്യത്തെ വാർത്തെടുക്കാനാകൂ എന്നും ആരോഗ്യകരമായ ജീവിതത്തിന്റെ രഹസ്യമാണ് സൈക്ലിംഗ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരോഗ്യകരമായ ജീവിതശൈലി സാധ്യമാക്കുന്നതിലുപരി, മലിനീകരണം നിയന്ത്രിക്കാനും, ട്രാഫിക് പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും ഇന്ധനം ലാഭിക്കാനുമെല്ലാം സൈക്ലിംഗ് സഹായിക്കുന്നുവെന്നും ഡോ. മൻസുഖ് മാണ്ഡവ്യ സൂചിപ്പിച്ചു. സൈക്ലിംഗ് ശീലമാക്കാൻ എല്ലാവരോടും ആഹ്വാനം ചെയ്ത അദ്ദേഹം, ഫിറ്റ് ഇന്ത്യയുടെ ഭാഗമായി നടക്കുന്ന ‘സൺഡേസ് ഓൺ സൈക്കിൾ’ പരിപാടിയെക്കുറിച്ചും പരാമർശിച്ചു.
തുടക്കത്തിൽ 200 ഇടങ്ങളിലായി ആരംഭിച്ച ‘സൺഡേസ് ഓൺ സൈക്കിൾ’ പരിപാടി ഇപ്പോൾ 10,000 ഇടങ്ങളിലായി 2 ലക്ഷത്തോളം ജനങ്ങൾ പങ്കെടുക്കുന്ന പരിപാടിയായി വളർന്നിരിക്കുന്നു എന്ന് നിരീക്ഷിച്ച കേന്ദ്ര മന്ത്രി, പരിപാടിയുടെ ഭാഗമാകുന്ന കുട്ടികളെയും യുവാക്കളെയും അഭിനന്ദിച്ചു.
ആശാ വർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ എന്നിവരുൾപ്പെടുന്ന സ്ത്രീ സംഘത്തോടും, സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ കായികതാരങ്ങൾ, സൈക്ലിംഗ് വിദഗ്ധർ എന്നിവരോടുമൊപ്പം ഡോ. മൻസുഖ് മാണ്ഡവ്യ ചാക്ക ഐടിഐ മുതൽ ശംഖുമുഖം ബീച്ച് വരെ സൈക്കിൾ റാലിയിൽ പങ്കുചേർന്നു. തിരുവനന്തപുരം മേയർ വി.വി. രാജേഷ് അനുഗമിച്ചു. ഇരുന്നൂറോളം പേർ പങ്കെടുത്ത റാലി ചാക്കയിൽ വി. മുരളീധരൻ എംഎൽഎ, അർജുന അവാർഡ് ജേതാവ് പി.ആർ. ശ്രീജേഷ് എന്നിവർ ചേർന്ന് ഫ്‌ലാഗ് ഓഫ് ചെയ്തു. റാലിക്കു മുൻപായി പങ്കെടുക്കുന്നവർക്കായുള്ള സൂംബ പരിശീലനവും നടന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ് പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ഈ ഉദ്യമം സൈക്ലിംഗിലൂടെയും മറ്റ് ശാരീരികക്ഷമതാ പ്രവർത്തനങ്ങളിലൂടെയും സജീവവും ആരോഗ്യകരവുമായ ജീവിതശൈലി സ്വീകരിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
















