തിരുവാതിര ഞാറ്റുവേലയില്‍
മഴനൂറത് വെയിലുനൂറതൂം
വിരലോളമൊടിച്ചു കുത്തിയാല്‍
മുളവന്നിടുമെന്നുപഴമൊഴി.
മുറിയാത്ത മഴയുമത്രയു
മുരുകുന്നൊരു വെയിലുതാനതും
പുതുമണ്ണിലുമീജലത്തിലും
പുതുജീവനമാം തുടിപ്പുകള്‍
നടുനാവില പൂവിലത്തളിര്‍
പടലാകെയൊടിച്ചു കുത്തണം
ചിലതങ്ങിനെ പാകിവെയ്‌ക്കണം
ചെടിതാളിവരേയ്‌ക്കുമിങ്ങനെ
കുരുവള്ളികള്‍ കാലുനാട്ടിയ
ങ്ങുയരാനൊരു കൊമ്പുകുത്തണം
നെടുനാമ്പു മരുന്നുസസ്യവും
നടുവാനൊരു നേരമുത്തമം.
തിരുവാതിര ഞാറ്റുവേലയാ
ണൊടിതാളി മരങ്ങളൊക്കയും
പതിന്നാലുദിനങ്ങള്‍ കൊണ്ടുതാന്‍
പുതുജീവിതമെന്നു നിശ്ചയം
മതികെട്ടുതകര്‍ത്തമകയിര
പ്പരുവെള്ളത്തിലടിഞ്ഞതൊക്കയും
തുടരന്നമുരുക്കളും തളിര്‍
വളരാനൊരൃതുത്തപസ്യയില്‍
തിരുവാതിര ഞാറ്റുവേലതന്‍
മഴയില്‍ വളമേറയുണ്ടതാം
പൊടിവെച്ചു തഴച്ചുവന്നിടും
ഇടവിട്ട് വെയില്‍മഴ സമം
നടുനീര്‍ത്തിയൂണര്‍ന്നുവേരുതന്‍
പൊടിവില്‍ജീവകരങ്ങളൂഴിയില്‍
പെരുതാകിന വന്‍മരംമുതല്‍
എളുതാകിന പുല്ലുവര്‍ഗവും
മഴതൂവിയിടയ്‌ക്കുനേര്‍നന
യ്‌ക്കിടയില്‍ പുതുനാമ്പെടുക്കലും
വെയിലിന്റെ തലോടലും കാര്‍
മുഖമില്ലാതെ ചിരിച്ച ഭൂമിയും
കൃഷിഭൂമിക പണ്ടുമിങ്ങനെ
കടല്‍താണ്ടി പറങ്കിവന്നതും
കൊടിവള്ളികടത്തിയെങ്കിലും
കഴിയാതെ പ്രിയ ഞാറ്റുവേലകള്‍
പറയുന്നത് പൊള്ളുതാനതോ
സ്തുതിമാനുടെ മാനവേദനോ
അറിയില്ലതിലേറെ സത്യമു-
ണ്ടതുതന്നെ തിരുവാതിരത്തിരി
തിരുവാതിര ഞാറ്റുവേലയി
ലൊരുനേരമമൃതുപെയ്തിടും
അതുകൊണ്ടുപഴമയില്‍ മഴ
ദിവസേന കുടിച്ചിരുന്നുപോല്‍
(ഇപ്പോള്‍ തിരുവാതിര ഞാറ്റുവേല ആണ്. ഇന്നലെയാണ് തിരുവാതിര ഞാറ്റുവേലയ്‌ക്ക് തുടക്കമായത്. തിരുവാതിരയില്‍ തിരിമുറിയാ മഴ എന്നാണ് പഴമക്കാര്‍ പറഞ്ഞിരുന്നത്. കേരളത്തില്‍ ഏറ്റവുംകൂടുതല്‍ മഴ ലഭിച്ചിരുന്ന കാലമായിരുന്നു തിരുവാതിര ഞാറ്റുവേല.)












