
ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ തന്റെ സ്ഥാനത്തുനിന്ന് പടിയിറങ്ങാനുള്ള തയ്യാറെടുപ്പിലാണെന്ന് റിപ്പോർട്ടുകൾ. ലേബർ പാർട്ടിയിലെ ആഭ്യന്തര സമ്മർദ്ദങ്ങളും ആൻഡി ബർണമിന്റെ ഉദയവുമാണ് സ്റ്റാർമറിന്റെ സ്ഥാനമൊഴിയലിന് വഴിയൊരുക്കുന്നത് . കഴിഞ്ഞ ആഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിൽ ആൻഡി ബർണാം നേടിയ മികച്ച വിജയം അദ്ദേഹത്തെ നേതൃത്വത്തിലേക്ക് ഉയർത്തിക്കൊണ്ടുവന്നിരിക്കുകയാണ്. സ്റ്റാർമർ തന്റെ രാജി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ നടത്തുമെന്നാണ് രാഷ്‌ട്രീയ വൃത്തങ്ങൾ നൽകുന്ന സൂചന.
2024-ലെ വൻ വിജയത്തിന് ശേഷം അധികാരത്തിലെത്തിയ സ്റ്റാർമറിന്റെ ഭരണകാലം നയപരമായ തിരിച്ചടികളാലും കുറഞ്ഞ ജനസമ്മതിയാലും നിറഞ്ഞുനിൽക്കുകയായിരുന്നു. മെയ് മാസത്തിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം അദ്ദേഹത്തിന്റെ സ്ഥാനത്തിന് വലിയ ഭീഷണിയായി മാറി. ലേബർ പാർട്ടിയിലെ എംപിമാരിൽ വലിയൊരു വിഭാഗം അദ്ദേഹം സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നു. മുൻ ആരോഗ്യ സെക്രട്ടറി ആൻഡി ബർണാം പാർലമെന്റിലെത്തിയതോടെയാണ് നേതൃമാറ്റം എന്ന ആവശ്യം ശക്തമായത്. അടുത്ത പൊതുതിരഞ്ഞെടുപ്പിൽ വിജയിക്കാൻ ബർണാം മാത്രമാണ് പോംവഴിയെന്ന് പാർട്ടി അംഗങ്ങൾ വിശ്വസിക്കുന്നു.
സ്റ്റാർമർ സ്ഥാനമൊഴിയുന്നതോടെ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഏഴാമതൊരു പ്രധാനമന്ത്രിയെയായിരിക്കും യുകെ കാണാൻ പോകുന്നത്. സ്റ്റാർമറിന്റെ വിടവാങ്ങലിന് ശേഷം ബർണാം പ്രധാനമന്ത്രിയാകുമോ അതോ ലേബർ പാർട്ടിയിൽ പുതിയൊരു നേതൃത്വ മത്സരം നടക്കുമോ എന്നത് കാത്തിരുന്നു കാണേണ്ടതാണ്. സാമ്പത്തിക മേഖലയിലുൾപ്പെടെയുള്ള ബർണമിന്റെ നിലപാടുകൾ നിക്ഷേപകർക്കിടയിലും പാർട്ടി പ്രവർത്തകർക്കിടയിലും വലിയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. രാഷ്‌ട്രീയ അസ്ഥിരത ഒഴിവാക്കി സുഗമമായ ഒരു അധികാര കൈമാറ്റം നടപ്പിലാക്കാനാണ് നിലവിൽ സ്റ്റാർമറിന്റെ അടുത്ത അനുയായികളുടെ ശ്രമം.