മലപ്പുറം: 2026 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കേരള ഗ്രാമീണ്‍ ബാങ്ക് മികച്ച സാമ്പത്തിക പ്രകടനം കാഴ്ചവെച്ചതായി ബാങ്ക് ചെയര്‍പേഴ്‌സണ്‍ വിമല വിജയഭാസ്‌കര്‍. ബാങ്കിന്റെ മൊത്തം ബിസിനസ് 19.72 ശതമാനം വളര്‍ച്ചയോടെ 65,835 കോടിയിലെത്തി. നിക്ഷേപം 18.46 ശതമാനം വര്‍ധിച്ച് 32,489 കോടിയായപ്പോള്‍, വായ്‌പാ വിതരണം 20.98 ശതമാനം വളര്‍ച്ചയോടെ 33,346 കോടിയായി. റീട്ടെയില്‍ വായ്‌പകളും റാം ക്രെഡിറ്റ് പോര്‍ട്ട്‌ഫോളിയോയും മികച്ച വളര്‍ച്ച രേഖപ്പെടുത്തി.
ബാങ്കിന്റെ ലാഭക്ഷമതയില്‍ വലിയ മുന്നേറ്റമാണ് ഉണ്ടായത്. പ്രവര്‍ത്തന ലാഭം 119.33 ശതമാനം വര്‍ധിച്ച് 940 കോടിയായി. അറ്റാദായം 148.08 ശതമാനം ഉയര്‍ന്ന് 776 കോടിയിലെത്തി. ആസ്തി ഗുണനിലവാരത്തിലും ബാങ്ക് ശ്രദ്ധേയ നേട്ടം കൈവരിച്ചു. മൊത്തം എന്‍പിഎ 1.43 ശതമാനമായി കുറഞ്ഞപ്പോള്‍, നെറ്റ് എന്‍പിഎ പൂജ്യമായി നിലനിര്‍ത്തി. 100 ശതമാനം പ്രൊവിഷന്‍ കവറേജ് റേഷ്യോയും ബാങ്കിനുണ്ട്. മൂലധന പര്യാപ്തതാ അനുപാതം (സിഎആര്‍) 14.34 ശതമാനമായി തുടരുന്നതും ബാങ്കിന്റെ സാമ്പത്തിക കരുത്ത് വ്യക്തമാക്കുന്നതായി ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ മാനേജര്‍മാരായ ഹര്‍ക്കേശ്വര്‍ പ്രസാദ്, ഹരീഷ് ഗുണ്ടേക്കര്‍, ചീഫ് മാനേജര്‍മാരായ രാജീവ് ആര്‍., ജിതിന്‍ വി. എന്നിവരും പങ്കെടുത്തു.
















