India

ടാറ്റയുടെ ബെംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറിയെ തകര്‍ക്കാന്‍ നീക്കമോ? ഭൂഗര്‍ഭ ജലം മലിനമാക്കിയെന്ന് തമിഴ്നാട്; ഐ ഫോണ്‍ ഫാക്ടറിയെ വിട്ടൊഴിയാതെ പ്രശ്നങ്ങള്‍

ടാറ്റയുടെ ബെംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറിയെ തകര്‍ക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. തമിഴ്നാട്ടിലെ ഹൊസൂരിലുള്ള ടാറ്റയുടെ ഉടമസ്ഥതയിലുള്ള ഐ ഫോണ്‍ ഘടക നിര്‍മ്മാണ ഫാക്ടറിയാണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ബെംഗളൂരു: ബെംഗളൂരു: ടാറ്റയുടെ ബെംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറിയെ തകര്‍ക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. തമിഴ്നാട്ടിലെ ഹൊസൂരിലുള്ള ടാറ്റയുടെ ഉടമസ്ഥതയിലുള്ള ഐ ഫോണ്‍ ഘടക നിര്‍മ്മാണ ഫാക്ടറിയാണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത്. രണ്ടു വര്‍ഷം മുന്‍പ് ഫാക്ടറിയില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് ഐ ഫോണ്‍ ഉല്പാദനം ചൈനയിലേക്ക് പറിച്ചുനടാന്‍ വരെ ആപ്പിള്‍ ആലോചിക്കുന്നതിനിടയില്‍ സത്വരമായി ടാറ്റയും കേന്ദ്രസര്‍ക്കാരും കൈകോര്‍ത്തുപിടിച്ചാണ് ആ പ്രതിസന്ധിയില്‍ നിന്നും കരകയറിയത്.

വെറും സേവനരംഗത്ത് മാത്രം ഒതുങ്ങിയിരുന്ന ഇന്ത്യയെ ആധുനിക ഉല്‍പാദനമേഖലയിലേക്ക് കൈപിടിച്ച് നടത്താനുള്ള മോദി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് ഇത് തിരിച്ചടിയാവുകയാണ്. ഇന്ത്യയുടെ തൊഴിലില്ലായ്‌മയ്‌ക്ക് പരിഹാരം ഉല്‍പാദനമേഖലയെ ചലിപ്പിക്കുകയാണെന്ന് തിരിച്ചറിഞ്ഞാണ് മോദി ചൈനയ്‌ക്ക് ബദലായി ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ഹബ്ബായി ലോക രാഷ്‌ട്രങ്ങള്‍ക്ക് മുന്‍പില്‍ ഇന്ത്യയെ അവതരിപ്പിച്ചത്. ടാറ്റയുടെ ഹൊസൂര്‍ ഫാക്ടറിയില്‍ ഏകേദശം 70000 പേര്‍ക്ക് തൊഴില്‍ നല്‍കിയിട്ടുണ്ട്.

ചൈനയുടെ ചാരന്മാര്‍ ഇന്ത്യയില്‍?

ചൈനയുടെ നേതൃത്വത്തില്‍ ഇന്ത്യയിലെ ഐ ഫോണ്‍ നിര്‍മ്മാണം അട്ടിമറിക്കാന്‍ പല നീക്കങ്ങളും നടക്കുന്നതായി ചില റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ടാറ്റ ഐ ഫോണ്‍ ഫാക്ടറി മാത്രമല്ല, ഉല്പാദനമേഖലയിലെ മറ്റ് പല ഫാക്ടറികളും തകര്‍ക്കാന്‍ നീക്കം നടക്കുന്നുണ്ട്.

അതിന്റെ ഒരു ഉദാഹരണമായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുമായി ബന്ധമുള്ള യൂണിയനുകളും മറ്റും ചേര്‍ന്ന് ഗുര്‍ഗവോണില്‍ നടന്ന സമരം. കൂലി കൂട്ടിച്ചോദിച്ചാണ് പെട്ടെന്ന് ഒരു ദിവസം സമരം പൊട്ടിപ്പുറപ്പെട്ടത്. മാത്രമല്ല,പുറത്ത് നിന്നു വന്ന ചില സാമൂഹ്യവിരുദ്ധ ശക്തികള്‍ ഈ സമരത്തില്‍ നുഴഞ്ഞു കയറി അക്രമം അഴിച്ചുവിടുകയും ചെയ്തു. എന്നാല്‍ ശക്തമായ യോഗി സര്‍ക്കാര്‍ ഈ സമരക്കാരെ ജയിലിടച്ചും മറ്റും വേണ്ട വിധത്തില്‍ കൈകാര്യം ചെയ്തതിനാല്‍ സമരം ആളിപ്പടര്‍ന്നില്ല.

ചൈനയ്‌ക്ക് പുറത്തേക്ക് ഐഫോണ് ഉല്പാദനം വ്യാപിപ്പിക്കാനുള്ള ആപ്പിളിന്റെ ശ്രമങ്ങളില്‍ ടാറ്റ ഇലക്ട്രോണിക്സ് വലിയ പങ്കാണ് വഹിക്കുന്നത്. തായ് വാനിലെ ഫോക്സ്കോണിനുശേഷം ദക്ഷിണേഷ്യയില്‍ ആപ്പിളിന് ഏറ്റവും കൂടുതല്‍ ഉത്പന്നങ്ങള്‍ കൈമാറുന്നത് ടാറ്റയാണ്.

അംഗീകൃതമായ ഒരു ലബോറട്ടറി വഴി തങ്ങള്‍ ഒരു സ്വതന്ത്ര പരിശോധന നടത്തിയതായും, കമ്പനി എല്ലാ നിയന്ത്രണ മാനദണ്ഡങ്ങളും പൂര്‍ണ്ണമായി പാലിക്കുന്നുണ്ടെന്ന് ഈ പഠനത്തില്‍ കണ്ടെത്തിയതായും ടാറ്റാ ഇലക്ട്രോണിക്സ് റോയിട്ടേഴ്സിന് നല്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഉത്തരവാദിത്വമുള്ള ബിസിനസ് രീതികള്‍ക്കും പരിസ്ഥിതിയുടെയും പ്രാദേശിക സമൂഹങ്ങളുടെയും സംരക്ഷണത്തിനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ് എന്നും വ്യക്തമാക്കിയ ടാറ്റ, മലിനീകരണ നിയന്ത്രണ അധികാരികള്ക്ക് മറുപടി നല്കിയിട്ടുണ്ടെന്നും അറിയിച്ചിരുന്നു.

ടാറ്റയുടെ ഫാക്ടറിയില്‍ നിന്നുള്ള മലിനജലം സമീപത്തെ കൃഷിയിടങ്ങളിലെ ഭൂഗര്‍ഭ ജലം മലിനമാക്കിയെന്നാണ് തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോര്ഡ് ആരോപിക്കുന്നത്. ടാറ്റ തൃപ്തികരമായി വിശദീകരണം നല്കിയില്ലെങ്കില്‍ ഫാക്ടറി അടച്ചുപൂട്ടേണ്ടിവരുമെന്നും അവര് മുന്നറിയിപ്പ് നല്കുന്നു.

ഐഫോണിന്റെ ബാക്ക് പാനലുകളും മറ്റ് ഘടകഭാഗങ്ങളുമാണ് ഇവിടെ നിര്‍മ്മിക്കുന്നത്. ഫാക്ടറിയില്‍ നിന്നുള്ള മലിനജലം തങ്ങളുടെ ഭൂമിയെയും കിണറുകളെയും മലിനമാക്കുന്ന് എന്ന് കാണിച്ച്‌ പ്ലാന്‍റിനു സമീപമുള്ള കൃഷിഭൂമി ഉടമസ്ഥര്‍ മാസങ്ങളായി മലിനീകരണ നിയന്ത്രണബോര്ഡിനു പരാതി നല്കുന്നുണ്ടായിരുന്നു. കര്ഷകര്‍ നല്കിയ പരാതിയെത്തുടര്ന്ന് തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോര്ഡ് 2025 ഡിസംബര്‍ മുതല്‍ 2026 മേയ് വരെയുള്ള കാലയളവില്‍ ബോര്ഡ് അഞ്ചു തവണ ഫാക്ടറിയില്‍ പരിശോധന നടത്തി.

ടാറ്റ തങ്ങളുടെ ഫാക്ടറിക്കുള്ളിലെ മഴ വെള്ള സംഭരണിയിലേക്ക് മലിനജലം ഒഴുക്കിവിട്ടതായും ഈ സംഭരണി കവിഞ്ഞൊഴുകി സമീപത്തെ കൃഷിയിടങ്ങളിലെ കിണറുകളിലെ ഭൂഗര്‍ഭ ജലം മലിനമാക്കിയതായും കണ്ടെത്തിയിട്ടുണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കുറ്റപ്പെടുത്തുന്നു.

ഡിസംബര് 23ന് നല്കിയ കത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍‍‍ഡ് നല്കിയ നിര്ദേശങ്ങളില്‍ ടാറ്റ യാതൊരു വിധ തിരുത്തല്‍ നടപടികളും സ്വീകരിച്ചിട്ടില്ലെന്ന് നോട്ടീസില് പറയുന്നു.മലിനീകരണ നിയന്ത്രണ ബോര്ഡിന്റെ ഏറ്റവും പുതിയ നോട്ടീസില് നിയമങ്ങള് ലംഘിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില് ഫാക്ടറിയിലേക്കുള്ള വൈദ്യുതി ബന്ധം എന്തുകൊണ്ട് വിച്ഛേദിക്കരുത് എന്നും ഫാക്ടറി എന്തുകൊണ്ട് പൂട്ടിപ്പോകരുതെന്നും വിശദീകരിക്കാന് ടാറ്റയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ടാറ്റയുടെ ഐ ഫോണ്‍ ഫാക്ടറിയെ അട്ടിമറിക്കാന്‍ ശ്രമമോ?
ആപ്പിളിന്റെ ഇന്ത്യയിലെ വിതരണ ശൃംഖലയെ പ്രശ്നങ്ങള്‍ വിടാതെ പിന്തുടരുകയാണ്. ആ ശൃംഖലയിലെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ നോട്ടീസ്. 2024 സെപ്റ്റംബറില്‍ ടാറ്റയുടെ ഹൊസൂര്‍ പ്ലാന്‍റില്‍ തീപിടിത്തമുണ്ടായി. ഇതിന്റെ ഭാഗമായി ഐഫോണ്‍ ഘടകഭാഗങ്ങളുടെ ഉത്പാദനം കുറച്ചുകാലത്തേക്ക് തടസപ്പെട്ടിരുന്നു. 2023 സെപ്റ്റംബറില്‍ ആപ്പിളിന്റെ മുന്‍വിതരണക്കാരായ പെഗാട്രോണിന്റെ ഐഫോണ്‍ പ്ലാന്‍റിലുണ്ടായ തീപിടിത്തത്തെത്തുടര്‍ന്ന് ദിവസങ്ങളോളമാണ് ഉത്പാദനം നിര്ത്തിവയ്‌ക്കേണ്ടി വന്നത്.

വിവാഹിതരായ സ്ത്രീകളെ ഐ ഫോണ്‍ അസംബ്ലിക് ജോലിയില്‍ നിന്നും ഒഴിവാക്കുന്നു എന്നാരോപിച്ച് 2024ല്‍ റോയിട്ടേഴ്സ് ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത് ഫാക്ടറിക്ക് വലിയ കോട്ടമുണ്ടാക്കി. എന്നാല്‍ തങ്ങള്‍ എല്ലാ നിയമങ്ങളും പാലിച്ചാണ് പ്രവര്ത്തിക്കുന്നുവെന്ന് അന്ന് ടാറ്റ പ്രതികരിച്ചിരുന്നു.

ആഗോളതലത്തില്‍ ഇന്ത്യ ഐ ഫോണ്‍ നിര്‍മ്മാണത്തില്‍ കുതിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇങ്ങിനെ ഓരോ പ്രശ്നങ്ങള്‍ മനപൂര്‍വ്വം ചിലര്‍ ഉയര്‍ത്തിവിടാന്‍ ശ്രമിക്കുന്നത്. ഐഫോണ്‍ നിര്മാണത്തില്‍ 2022ല്‍ ഇന്ത്യയുടെ സ്ഥാനം വെറും ആറു ശതമാനം മാത്രമായിരുന്നു. അവിടെ നിന്നും 2026ല്‍ ഇത് 26 ശതമാനത്തിലെത്തുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന സമയത്താണ് പുതിയ പ്രശ്നം.

Recent Posts