Kerala

അപൂര്‍വ ഗ്രഹസംഗമം… ‘കോസ്മിക് കിസ്സി’ല്‍ വ്യാഴവും ശുക്രനും

Published by
സജികുമാര്‍ കുഴിമറ്റം

തിരുവല്ല: ദേവഗുരവായ ബൃഹസ്പതിയും അസുരഗുരുവായ ശുക്രനും വൈരമില്ലാതെ ഇന്നലെ സന്ധ്യയില്‍ പടിഞ്ഞാറന്‍ ആകാശത്ത് തൊട്ടുരുമ്മിയെത്തി. അസാധാരണ തിളക്കമുള്ള ഗ്രഹമാണ് ശുക്രന്‍. ഏറ്റവും വലുപ്പമേറിയ ഗ്രഹമാണ് വ്യാഴം. അതിനാല്‍ തെളിഞ്ഞ ആകാശത്ത് ഇവയെ തിരിച്ചറിയാന്‍ വിഷമമില്ല. ഇരുഗ്രഹങ്ങള്‍ക്കും അല്‍പം താഴെ മാറി ബുധനും ദൃശ്യമായിരുന്നു. എന്നാല്‍ മഴ കാരണം പല സ്ഥലത്തും ഈ അപൂര്‍വ ഗ്രഹസംഗമം ദൃശ്യമായില്ല എന്നത് വാനനിരീക്ഷകരേയും ജ്യോതിഷപ്രേമികളേയും നിരാശയിലാക്കി. വ്യാഴവും ശുക്രനും കര്‍ക്കടക രാശിയിലും ബുധന്‍ മിഥുന രാശിയിലുമാണ് ഇപ്പോഴുള്ളത്. ജൂണ്‍ ഒന്നിന് വ്യാഴം കര്‍ക്കടകത്തിലേക്ക് എത്തിയിരുന്നു. ജൂണ്‍ എട്ടിന് ശുക്രനും. ബുധന്‍ ജൂണ്‍ ഏഴിനാണ് മിഥുനത്തിലേക്കു മാറിയത്. മിഥുന രാശിയില്‍ പുനര്‍വസു (പുണര്‍തം) നക്ഷത്രവും സന്ധ്യാനേരം ദൃശ്യമായിരുന്നു.

വ്യാഴവും ശുക്രനും ഇന്നലെയാണ് ഏറ്റവും അടുത്തെത്തിയത്. കോസ്മിക് കിസ്സ് എന്നാണ് ശാസ്ത്ര ലോകം ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കുന്നത്. ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ ഇന്നലെ സന്ധ്യയില്‍ ഇരു ഗ്രഹങ്ങളും തമ്മിലുള്ള അകലം 1.6 ഡിഗ്രി മാത്രമായിരുന്നു. ഇനി 2085ല്‍ മാത്രമേ ഇതേപോലെ ഒരു ആകാശദൃശ്യത്തിന് അരങ്ങൊരുങ്ങൂ.

ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അസ്തമനത്തോട് തൊട്ടുചേര്‍ന്ന് വ്യാഴ-ശുക്ര സംഗമം സംഭവിക്കുന്നത്. നഗ്നനേത്രങ്ങളാല്‍ കാണാമെന്നതും മൊബൈലില്‍ പകര്‍ത്താമെന്നതും ആണ് ഇതിന്റെ പ്രത്യേകത.

അടുത്ത ഏതാനും ദിവസങ്ങള്‍ കൂടി ഇരുഗ്രഹങ്ങളേയും അടുത്ത് കാണാമെങ്കിലും തമ്മിലുള്ള ദൂരപരിധി ഓരോദിവസവും ഏറിക്കൊണ്ടിരിക്കും. ജൂണ്‍ 16, 17 തീയതികളില്‍ ഇരു ഗ്രഹങ്ങള്‍ക്കും അടുത്തായി അമാവാസി കഴിഞ്ഞ് ദൃശ്യമാകുന്ന ശശികല കൂടി ചേരുന്നതോടെ പശ്ചിമാംബരത്തിലെ സാന്ധ്യകാഴ്ച കാവ്യമനോഹരമാകും.