Kerala

തപസ്യ അക്ഷരോത്സവം: സത്യാനന്തര കാലത്തെ തുറന്നുകാട്ടി സാഹിത്യ ചര്‍ച്ച

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: അക്ഷരോത്സവത്തിന്റെ ഭാഗമായി നടന്ന സാഹിത്യ ചര്‍ച്ച സത്യാനന്തര കാലത്തെ തുറന്നുകാട്ടുന്ന വ്യത്യസ്തമായ അഭിപ്രായങ്ങള്‍ കൊണ്ട് ശ്രദ്ധേയമായി. ആധുനികതയും ഉത്തരാധുനികതയും പിന്നിട്ട് എത്തിയിരിക്കുന്ന സത്യാനന്തരകാലം യഥാര്‍ത്ഥത്തില്‍ എന്താണെന്നും, സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളെ എങ്ങനെയൊക്കെയാണ് ഈ ആശയം സ്വാധീനിക്കുന്നതെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ വ്യത്യസ്ത വീക്ഷണങ്ങളിലൂടെ വിലയിരുത്തിയപ്പോള്‍ അത് വര്‍ത്തമാനകാലത്തെ ആശയലോകം എങ്ങോട്ടാണ് സഞ്ചരിക്കുന്നതെന്ന് വെളിപ്പെടുത്തി.

ദൈവം മരിച്ചു കഴിഞ്ഞു എന്നാണ് ജര്‍മന്‍ ചിന്തകന്‍ നീഷേ പറഞ്ഞതെങ്കില്‍, സത്യം മരിച്ചു കഴിഞ്ഞു എന്നാണ് സത്യാനന്തര കാലത്തിന്റെ വക്താക്കള്‍ ഇപ്പോള്‍ പറയുന്നത്. താത്പര്യങ്ങളാണ് വലുത്, വസ്തുതകള്‍ മാറിനില്‍ക്കട്ടെ. ഈ ചിന്താഗതി സാമൂഹ്യ, രാഷ്‌ട്രീയ, സാംസ്‌കാരിക രംഗത്ത് പ്രതിസന്ധികള്‍ സൃഷ്ടിക്കുകയാണെന്ന് മോഡറേറ്ററായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ടി. എസ്. നീലാംബരന്‍ പറഞ്ഞത് ചര്‍ച്ചയ്‌ക്ക് ശരിയായ തുടക്കം കുറിച്ചു.

വൈവിധ്യങ്ങളെ ചേര്‍ത്തുപിടിക്കുകയും, സംവാദങ്ങളെ പ്രോത്സാഹിപ്പിക്കുകയുമാണ് വേണ്ടതെന്ന് ചിന്തകനും പ്രഭാഷകനും സാഹിത്യകാരനുമായ എ.പി. അഹമ്മദ് അഭിപ്രായപ്പെട്ടു. പാശ്ചാത്യ സാഹിത്യ ആശയങ്ങളും സങ്കേതങ്ങളും മലയാളത്തില്‍ എത്താന്‍ വളരെ വൈകും. എല്ലാ കാലത്തും ഇതാണ് അവസ്ഥ. സാഹിത്യത്തിലെയും സംസ്‌കാരത്തിലെയും പല ധാരണകളെയും സത്യാനന്തരകാലം തിരുത്തുകയാണ്. സത്യാനന്തര കാലത്തിന്റെ വരവ് ഫ്യൂച്ചര്‍ ഷോക്കും മറ്റും എഴുതിയ ആല്‍വിന്‍ ടോഫ്‌ലര്‍ പണ്ടേ തിരിച്ചറിഞ്ഞതാണ്. യഥാര്‍ത്ഥത്തില്‍ വിവരങ്ങളുടെ അമിതഭാരമാണ് സമൂഹത്തെ കുഴയ്‌ക്കുന്നത്. സത്യാനന്തര കാലത്തെയും ഭയപ്പെടേണ്ടതില്ല. ഭൂതകാലത്തിന്റെ നന്മകളെ വര്‍ത്തമാനകാലത്തോട് ചേര്‍ത്തുവയ്‌ക്കുകയാണ് വേണ്ടത്. അല്‍കെമിസ്റ്റ് എഴുതിയ പൗലോ കൊയ്‌ലോയോട് എന്താണ് ഈ പുസ്തകത്തിന്റെ വിജയ രഹസ്യം എന്നു ചോദിച്ചപ്പോള്‍ ഇത് ഭാരതത്തില്‍ നിന്ന് എടുത്തതാണെന്ന മറുപടിയാണ് നല്‍കിയത്. സെമിറ്റിക് മതങ്ങളില്‍ പ്രകൃതിക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയില്ല. ഈ കുറവ് നികത്താന്‍ ഇപ്പോള്‍ ചിലര്‍ ഗ്രീന്‍ ഇസ്ലാമിനെ കുറിച്ച് പറയുന്ന കാര്യം എ.പി. അഹമ്മദ് ചൂണ്ടിക്കാട്ടി.

ആലുവയില്‍ തപസ്യ കലാസാഹിത്യ വേദി സുവര്‍ണ ജയന്തി അക്ഷരോത്സവത്തിന്റെ ഭാഗമായി നടന്ന കവിയരങ്ങ്
ദേശമംഗലം രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

സത്യവും അസത്യവും തമ്മിലുള്ള കലക്കം ഉത്തരാധുനിക കാലത്തിന്റെ സവിശേഷത ആയിരുന്നതെങ്കില്‍, സത്യാനന്തരകാലത്ത് നുണകളാണ് സ്വീകരിക്കപ്പെടുന്നതെന്ന് പ്രമുഖ നിരൂപകനും ദല്‍ഹി സര്‍വകലാശാല മലയാള വിഭാഗം മേധാവിയുമായ ഡോ. പി. ശിവപ്രസാദ് അഭിപ്രായപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് ഹിലരി ക്ലിന്റണ്‍ പറഞ്ഞതിനേക്കാള്‍ നുണകള്‍ പറഞ്ഞതാണ് ട്രംപ് വിജയിക്കാന്‍ കാരണം. സത്യാനന്തര കാലത്ത് എത്ര വലിയ അസത്യവും ന്യായീകരിക്കപ്പെടുന്നു, ശിവപ്രസാദ് ചൂണ്ടിക്കാട്ടി.

വ്യക്തിസ്വാതന്ത്ര്യവും യുക്തിബോധവുമാണ് പാശ്ചാത്യ ചിന്ത ഉയര്‍ത്തിപ്പിടിച്ചതെന്നും, മധ്യകാലത്ത് കൃസ്തുമതത്തിന്റെ സ്വാധീനത്തില്‍ ഈ ചിന്തകള്‍ വിശ്വാസത്തിന് വഴിമാറിയെന്നും പ്രശസ്ത എഴുത്തുകാരിയും തപസ്യ സംസ്ഥാന ഉപാധ്യക്ഷയുമായ ഡോ. വി. സുജാത അഭിപ്രായപ്പെട്ടു. മൂല്യബോധത്തെ തകിടംമറിക്കുന്ന ജാക് ദറിദയാണ് ഉത്തരാധുനികതയുടെ യഥാര്‍ത്ഥ സൃഷ്ടാവ്. ഇതിന്റെ തുടര്‍ച്ചയാണ് സത്യാനന്തര കാലമെന്നും, മൂല്യബോധം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് സത്യാനന്തര കാലത്തെ നേരിടേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നരേറ്റീവുകളുടെ കാലം കഴിഞ്ഞതാണ് സത്യാനന്തര കാലത്തിന്റെ വക്താക്കളുടെ വിലാപത്തിന് കാരണമെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ ജി. അമൃതരാജ് അഭിപ്രായപ്പെട്ടു. സത്യാനന്തരകാലത്തെ ഭയപ്പെടേണ്ടതില്ല. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ട്. വിവരങ്ങളുടെ ശരി തെറ്റുകള്‍ മനസിലാക്കാന്‍ ഫാക്ട് ചെക്ക് എന്ന സംവിധാനമുണ്ട്. വെളിച്ചം വന്നപ്പോള്‍ കയര്‍ പാമ്പല്ലെന്ന് തിരിച്ചറിഞ്ഞിട്ടും അംഗീകരിക്കാത്തതാണ് പ്രശ്‌നം, അമൃതരാജ് പറഞ്ഞു.

സത്യാനന്തരകാലം സത്യമോ മിഥ്യയോ എന്ന ചര്‍ച്ചയില്‍ അധ്യക്ഷത വഹിച്ചത് തപസ്യ സംസ്ഥാന ജോ. ജനറല്‍ സെക്രട്ടറി സി.സി. സുരേഷാണ്. നമ്മുടെ ഭാഷ ഇപ്പോള്‍ നമ്മുടേതാകുന്നില്ല. മറ്റാരുടെയോ ഭാഷയിലാണ് നമ്മള്‍ സംസാരിക്കുന്നതെന്നും, നമ്മുടെ നിലങ്ങളില്‍ മറ്റുള്ളവര്‍ വിതച്ച ഭാഷയും ആശയങ്ങളും നമ്മള്‍ സ്വന്തമെന്ന് തെറ്റിദ്ധരിക്കുകയാണെന്ന് സുരേഷ് അഭിപ്രായപ്പെട്ടു.

 

Recent Posts