
കൊച്ചി : പെരുമ്പാവൂരിൽ ഇതരസംസ്ഥാന തൊഴിലാളികൾ പരസ്യമായി ലഹരി ഉപയോഗിക്കുന്നതിനെ കുറിച്ച് സംസ്ഥാന പൊലീസിനെ അറിയിച്ച് നടൻ ഉണ്ണി മുകുന്ദൻ. ‘ പെരുമ്പാവൂർ സ്റ്റോറീസ് ‘ എന്ന ഇൻസ്റ്റഗ്രാം പേജിൽ വന്ന ദൃശ്യങ്ങളാണ് ഉണ്ണി മുകുന്ദൻ പൊലീസിന് അയച്ചത്.
ഉണ്ണി പങ്ക് വച്ച വീഡിയോയിൽ യുവാക്കൾ പരസ്യമായി ലഹരി മരുന്ന് കുത്തി വയ്‌ക്കുന്നതും , സിറിഞ്ചുമായി നടക്കുന്നതും കാണാം . ഈ വീഡിയോയാണ് ഉണ്ണി മുകുന്ദൻ പൊലീസിന് അയച്ച് നൽകിയത്. ഉടൻ തന്നെ നോട്ടഡ് എന്ന മറുപടിയും പൊലീസ് നൽകി. വൈകുന്നേരത്തോടെ ലഹരി ഉപയോഗിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇതിന്റെ സ്ക്രീൻഷോട്ടുകളും ഉണ്ണി മുകുന്ദൻ ഇൻസ്റ്റഗ്രാമിൽ പങ്ക് വച്ചു. ‘കേരള പൊലീസിന് നന്ദി’ എന്നു പറഞ്ഞാണ് ഉണ്ണി മുകുന്ദൻ യുവാക്കളെ അറസ്റ്റുചെയ്ത വിവരം പങ്കുവച്ചത്. താരത്തിന് അഭിനന്ദനം അറിയിച്ച് ഒട്ടേറെ പേരാണ് രംഗത്തെത്തിയത് . റിയൽ സ്റ്റാർ എന്നാണ് പലരും വിശേഷിപ്പിച്ചത്.