ഭാരതത്തില്‍ നഗരവത്കരണം അതിവേഗം പുരോഗമിക്കുകയാണ്. 2050-ഓടെ രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം പേരും നഗരപ്രദേശങ്ങളിലായിരിക്കും വസിക്കുന്നതെന്ന് കണക്കാക്കപ്പെടുന്നു. നിലവില്‍, നഗര സമ്പദ്വ്യവസ്ഥയുടെ നിര്‍ണായക അടിത്തറയായി വര്‍ത്തിക്കുന്ന അനൗപചാരിക മേഖലയിലാണ് നഗര തൊഴിലാളികളില്‍ ഏകദേശം 66% പേരും ജോലി ചെയ്യുന്നത്. ഈ മേഖലയിലെ തൊഴിലാളികളില്‍ വഴിയോരക്കച്ചവടക്കാര്‍ സുപ്രധാന പങ്ക് വഹിക്കുന്നു. പഴങ്ങള്‍, പച്ചക്കറികള്‍, ചായ, ലഘുഭക്ഷണങ്ങള്‍, വസ്ത്രങ്ങള്‍, മറ്റ് നിത്യോപയോഗ സാധനങ്ങള്‍ എന്നിവ വില്‍ക്കുന്ന ദശലക്ഷക്കണക്കിന് കച്ചവടക്കാര്‍ നഗരവാസികളുടെ ജീവിതം കൂടുതല്‍ സുഗമമാക്കുന്നുണ്ട്. ഇവര്‍ നഗര സമ്പദ്വ്യവസ്ഥയ്‌ക്ക് ഗണ്യമായ സംഭാവനയും നല്‍കുന്നു.
കച്ചവടക്കാര്‍ നേരിട്ട പരമ്പരാഗത വെല്ലുവിളികള്‍
നഗര സമ്പദ്വ്യവസ്ഥയില്‍ തെരുവ് കച്ചവടക്കാര്‍ മികച്ച സംഭാവനകള്‍ നല്‍കുന്നുണ്ടെങ്കിലും, പരമ്പരാഗതമായി അവര്‍ക്ക് ഔദ്യോഗിക ബാങ്കിങ് സേവനങ്ങളും സ്ഥാപനപരമായ വായ്‌പകളും പരിമിതമായി മാത്രമേ ലഭ്യമായിരുന്നുള്ളൂ. അവരില്‍ ഭൂരിഭാഗത്തിനും രേഖപ്പെടുത്തപ്പെട്ട വായ്‌പാ ചരിത്രം ഇല്ലാത്തതിനാല്‍, ഉയര്‍ന്ന പലിശ ഈടാക്കുന്ന ബ്ലേഡ് പണമിടപാടുകാരില്‍ നിന്ന് പണം കടം വാങ്ങാന്‍ അവര്‍ നിര്‍ബന്ധിതരായി. തത്ഫലമായി, അവരുടെ വരുമാനത്തിന്റെ വലിയൊരു പങ്ക് ഈ വായ്‌പകള്‍ തിരിച്ചടയ്‌ക്കുന്നതിനായി മാറ്റിവെക്കേണ്ടി വന്നു. കോവിഡ് മഹാമാരിക്കാലത്തെ ലോക്ക്ഡൗണുകളും നിയന്ത്രണങ്ങളും അവരുടെ ബിസിനസുകളെ സാരമായി ബാധിക്കുകയും ഉപജീവനമാര്‍ഗ്ഗം പ്രതിസന്ധിയിലാക്കുകയും ചെയ്തു.
പിഎം സ്വനിധി: ചരിത്രപരമായ ചുവടുവെപ്പ്
ഈ വെല്ലുവിളികള്‍ക്ക് പരിഹാരമെന്ന നിലയിലാണ് 2020 ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ‘പ്രൈം മിനിസ്റ്റര്‍ സ്ട്രീറ്റ് വെന്‍ഡേഴ്‌സ് ആത്മനിര്‍ഭര്‍ നിധി’ (പിഎം സ്വനിധി) പദ്ധതി ആരംഭിച്ചത്. തെരുവ് കച്ചവടക്കാര്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ആദ്യത്തെ സമഗ്ര സൂക്ഷ്മ-വായ്‌പാ പദ്ധതിയാണിത്. അനൗപചാരിക പണമിടപാടുകാരെ ആശ്രയിക്കാതെ തന്നെ ലളിതവും അന്തസ്സുള്ളതുമായ ഔദ്യോഗിക ധനസഹായം ഈ പദ്ധതിയിലൂടെ ലഭ്യമായി. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വഴി 15,000 രൂപ, 25,000 രൂപ, 50,000 രൂപ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് ഈടുരഹിത പ്രവര്‍ത്തന മൂലധന വായ്‌പകള്‍ നല്‍കുന്നത്.
സാമ്പത്തിക അച്ചടക്കം പ്രോത്സാഹിപ്പിക്കുന്നതിനായി, കൃത്യസമയത്ത് വായ്‌പ തിരിച്ചടയ്‌ക്കുന്ന ഗുണഭോക്താക്കള്‍ക്ക് 7% പലിശ ഇളവും നല്‍കുന്നുണ്ട്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ, ഭാരതത്തിലുടനീളമുള്ള ഏകദേശം 76 ലക്ഷം (7.6 ദശലക്ഷം) വഴിയോരക്കച്ചവടക്കാര്‍ക്ക് ഈ പദ്ധതി പ്രയോജനം ചെയ്തു. മൂന്ന് വായ്‌പാ ചക്രങ്ങളിലൂടെ 17,800 കോടി രൂപയിലധികം വായ്‌പകള്‍ വിതരണം ചെയ്യാനും ഇതിലൂടെ സാധിച്ചു.
സമഗ്ര സര്‍ക്കാര്‍ സമീപനവും ക്രെഡിറ്റ് ചരിത്രവും
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, നഗര തദ്ദേശ സ്ഥാപനങ്ങള്‍, ബാങ്കിങ് സ്ഥാപനങ്ങള്‍ എന്നിവയുടെ ഏകോപിത ശ്രമങ്ങളിലൂന്നിയുള്ള ‘സമഗ്ര സര്‍ക്കാര്‍ സമീപനം’ ആണ് പദ്ധതിയുടെ വിജയത്തിന് പിന്നില്‍. ഈ സഹകരണ ചട്ടക്കൂട് രാജ്യമെമ്പാടും ശ്രദ്ധേയമായ ഗുണഫലങ്ങള്‍ കൈവരിക്കാന്‍ പദ്ധതിയെ പ്രാപ്തമാക്കി. ഇതിലൂടെ ദശലക്ഷക്കണക്കിന് വഴിയോരക്കച്ചവടക്കാരുടെ ബാങ്ക് അക്കൗണ്ടുകള്‍ സജീവമാകുകയും, അവരുടെ സാമ്പത്തിക ഇടപാടുകള്‍ രേഖപ്പെടുത്തപ്പെടാന്‍ തുടങ്ങുകയും ചെയ്തു.
ഡിജിറ്റല്‍ വിപ്ലവവും ശാക്തീകരണവും
ഡിജിറ്റല്‍ ശാക്തീകരണമാണ് പദ്ധതിയുടെ മറ്റൊരു പ്രധാന നേട്ടം. യുപിഐ, ക്യുആര്‍ കോഡ് അധിഷ്ഠിത ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ക്യാഷ്ബാക്ക് ആനുകൂല്യങ്ങള്‍ അവതരിപ്പിച്ചു. ഈ സംരംഭത്തിലൂടെ 55 ലക്ഷത്തിലധികം കച്ചവടക്കാരെ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞു.
‘സ്വനിധി സേ സമൃദ്ധി’: സാമൂഹിക സുരക്ഷാ വലയം
പ്രധാനമന്ത്രി സ്വനിധി പദ്ധതിയുടെ ദര്‍ശനം തെരുവ് കച്ചവടക്കാര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിലും അപ്പുറമാണ്. ‘സ്വനിധി സേ സമൃദ്ധി’ എന്ന സംരംഭത്തിലൂടെ ഗുണഭോക്താക്കളെയും അവരുടെ കുടുംബാംഗങ്ങളെയും കേന്ദ്ര സര്‍ക്കാരിന്റെ എട്ട് പ്രധാന ക്ഷേമ പദ്ധതികളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇതുവരെ 50 ലക്ഷത്തിലധികം തെരുവ് കച്ചവടക്കാരുടെ കുടുംബങ്ങളെ ഇതിനായി തിരിച്ചറിയുകയും 1.52 കോടിയിലധികം ക്ഷേമ ആനുകൂല്യങ്ങള്‍ അവര്‍ക്കായി അനുവദിക്കുകയും ചെയ്തിട്ടുണ്ട്. പെന്‍ഷന്‍, ഇന്‍ഷുറന്‍സ്, ആരോഗ്യ സംരക്ഷണം, സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതിലൂടെ, തെരുവ് കച്ചവടക്കാരുടെയും കുടുംബങ്ങളുടെയും സമഗ്ര സാമൂഹിക സംരക്ഷണ സംവിധാനമായി ഈ സംരംഭം മാറിയിരിക്കുന്നു.
വനിതാ ശാക്തീകരണത്തിലും ഈ പദ്ധതി വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്; ഗുണഭോക്താക്കളില്‍ ഏകദേശം 46% പേരും വനിതകളാണ്.
2023-ലും 2025-ലും നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത് ഏകദേശം 95% ഗുണഭോക്താക്കള്‍ക്കും ജീവിതത്തില്‍ ആദ്യമായാണ് ഔദ്യോഗിക വായ്‌പ ലഭിച്ചതെന്നാണ്; സാമ്പത്തിക ശാക്തീകരണത്തില്‍ ഇതൊരു പ്രധാന നാഴികക്കല്ലാണ്. കൂടാതെ, ഏകദേശം 30% ഗുണഭോക്താക്കള്‍ക്ക് പിന്നീട് മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്‌പ നേടാന്‍ കഴിഞ്ഞു. അവരുടെ വായ്‌പാ അര്‍ഹതയും സാമ്പത്തിക ആത്മവിശ്വാസവും വളര്‍ത്തിയെടുക്കാന്‍ പദ്ധതി സഹായിച്ചതിന്റെ പ്രതിഫലനമാണിത്. പദ്ധതിയുടെ വരുമാനത്തില്‍ ശരാശരി 20% വാര്‍ഷിക വര്‍ദ്ധനവുണ്ടായി. ഭവന സാഹചര്യങ്ങള്‍, പോഷകാഹാരം, ആരോഗ്യ സംരക്ഷണം, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയിലും പുരോഗതി ദൃശ്യമാണ്. 2023 നും 2025 നും മദ്ധ്യേ ഗുണഭോക്താക്കള്‍ക്കിടയിലെ യുപിഐ ഇടപാടുകള്‍ ഏകദേശം 45 ശതമാനത്തില്‍ നിന്ന് 83 ശതമാനമായി ഉയര്‍ന്നു.
പദ്ധതിയുടെ വിപുലീകരണവും ‘സ്വനിധി ക്രെഡിറ്റ് കാര്‍ഡും’
പദ്ധതിയുടെ വിപുലമായ സ്വാധീനം തിരിച്ചറിഞ്ഞ് കേന്ദ്ര മന്ത്രിസഭ 2025 ആഗസ്തില്‍, പുനഃക്രമീകരിച്ച രൂപത്തില്‍ 2030 മാര്‍ച്ച് വരെ ഇത് നീട്ടാന്‍ അംഗീകാരം നല്‍കി. പുതുക്കിയ പദ്ധതി പ്രകാരം വഴിയോരക്കച്ചവടക്കാര്‍ക്കുള്ള വായ്‌പാ പരിധി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ നഗര തദ്ദേശ സ്ഥാപനങ്ങള്‍ മാത്രമല്ല, സെന്‍സസ് ടൗണുകളും നഗരപ്രാന്ത പ്രദേശങ്ങളും കൂടി ഉള്‍പ്പെടുത്തി പദ്ധതിയുടെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു.
വികസിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക ആവശ്യങ്ങള്‍ക്കനുസരിച്ച് ഇവരുടെ സംരംഭങ്ങളെ ശക്തിപ്പെടുത്തുന്നതിനും നവീകരിക്കുന്നതിനും ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും കൂടുതല്‍ ഊന്നല്‍ നല്‍കുന്നു. ഈ ദിശയിലെ ഒരു പ്രധാന പുതിയ ചുവടുവെപ്പാണ് ‘സ്വനിധി ക്രെഡിറ്റ് കാര്‍ഡ്’. അടിയന്തര സാമ്പത്തിക-വ്യക്തിഗത ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഹ്രസ്വകാല പലിശരഹിത വായ്‌പകള്‍ ഈ കാര്‍ഡ് വഴി കച്ചവടക്കാര്‍ക്ക് ലഭിക്കുന്നു.
‘ആത്മനിര്‍ഭര്‍ ഭാരത്’, ‘വോക്കല്‍ ഫോര്‍ ലോക്കല്‍’ എന്നീ ദര്‍ശനങ്ങള്‍ അടിസ്ഥാന തലത്തില്‍ ഉള്‍ക്കൊള്ളുന്നതാണ് പ്രധാനമന്ത്രി സ്വനിധി പദ്ധതി. സമൂഹത്തിലെ ഏറ്റവും ദുര്‍ബല വിഭാഗങ്ങളിലേക്ക് സമഗ്ര വികസനത്തിന്റെ നേട്ടങ്ങള്‍ എത്തുന്നുണ്ടെന്ന് ഈ പദ്ധതിയുടെ വിജയം തെളിയിക്കുന്നു.
















