കൊച്ചി: ഒഴിഞ്ഞു കിടക്കുന്ന സ്വകാര്യപുരയിടങ്ങളിലെ കാടുവെട്ടിത്തെളിക്കാനോ അതിനു നിര്‍ദേശിക്കാനോ തദ്‌ദേശസ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതുസംബന്ധിച്ച് പരാതി ലഭിച്ചാല്‍, വേഗത്തില്‍ പരിഹരിക്കണം. ഭൂമിയുടെ ഉടമയെ തിരിച്ചറിഞ്ഞില്ല എന്നകാരണത്താല്‍ ഗ്രാമപഞ്ചായത്തിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. കാരണം, അത്തരം സ്ഥലങ്ങള്‍ പാമ്പുകളുടെ പ്രജനന കേന്ദ്രങ്ങളായി മാറിയേക്കാമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
1994 ലെ കേരള പഞ്ചായത്ത് രാജ് നിയമപ്രകാരമുള്ള പൊതു സുരക്ഷാ ബാധ്യതകള്‍ നിറവേറ്റാന്‍ പഞ്ചായത്തുകള്‍ക്ക് ബാധ്യതയുണ്ട്. പിന്നീട് ഉടമസ്ഥനെ തിരിച്ചറിഞ്ഞാല്‍ ചെലവുകള്‍ ഈടാക്കാം.
തന്റെ വീടിനോട് ചേര്‍ന്നുള്ള ഒഴിഞ്ഞുകിടക്കുന്ന വസ്തു വന്‍തോതില്‍ കാടുപിടിച്ച് വിഷപ്പാമ്പുകളുടെ ആവാസ കേന്ദ്രമായി മാറിയെന്നും ഇത് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി ആലപ്പുഴ സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
പഞ്ചായത്തില്‍ പരാതി നല്‍കിയെങ്കിലും ഭൂമിയടെ ഉടമയെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി അധികൃതര്‍ പരാതി അവഗണിക്കുകയായിരുന്നുവെന്ന് ഹര്‍ജിക്കാരന്‍ പറഞ്ഞു.’സ്‌കൂളില്‍ പോകുന്ന കുട്ടികളും മുതിര്‍ന്നവരും പോലും മിക്കവാറും പാമ്പുകടിയേറ്റു മരിക്കുന്നതിന്റെ ഹൃദയഭേദകമായ റിപ്പോര്‍ട്ടുകള്‍’ കൊണ്ട് പത്രങ്ങള്‍ നിറഞ്ഞിരിക്കുന്നു’വെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ അടിയന്തര നടപടി അനിവാര്യമാണെന്ന് കോടതി വിധിച്ചു.
ഉടമയെ തിരിച്ചറിഞ്ഞ് നോട്ടീസ് നല്‍കിയതിനുശേഷം മാത്രമേ നടപടിയെടുക്കാന്‍ കഴിയൂ എന്ന പഞ്ചായത്തിന്റെ നിലപാട് കോടതി തള്ളി.
















