അയോദ്ധ്യ: ഭാരതീയ യുവത്വത്തിന്റെ ഉണര്‍വാണ് ലോകം അയോദ്ധ്യയില്‍ കണ്ടതെന്ന് സാധ്വി ഋതംഭര. രാമജന്മഭൂമി ക്ഷേത്ര സമുച്ചയത്തിന്റെ വടക്കുപടിഞ്ഞാറായി നിര്‍മാണം പൂര്‍ത്തിയായ മാ ദുര്‍ഗാക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ത്തി സംസാരിക്കുകയായിരുന്നു സാധ്വി. ആയിരക്കണക്കിന് സ്ത്രീകളുടെ സാന്നിധ്യത്തിലായിരുന്നു ആവേശകരമായ ചടങ്ങ്.
നൂറ്റാണ്ടുകളായി അവധിന്റെ ഹൃദയത്തില്‍ തറഞ്ഞിരുന്ന കാരിരുമ്പാണി പറിച്ചെറിയാനുള്ള തലമുറകളുടെ പോരാട്ടമാണ് അയോദ്ധ്യയില്‍ വിജയം കണ്ടതെന്ന് ഋതംഭര പറഞ്ഞു. അവരത് പിഴുതെടുത്ത് സരയുവിന്റെ ആഴങ്ങളിലേക്ക് വലിച്ചെറിഞ്ഞിരിക്കുന്നു. അപമാനഭാരം കൊണ്ട് തലകുനിഞ്ഞുപോയിരുന്ന സമൂഹം ആത്മാഭിമാനത്തോടെ ലോകത്തിന് മുന്നില്‍ നിവര്‍ന്നുനില്ക്കുന്നു. ഞങ്ങള്‍ കേവലം രാമ ഭക്തരല്ല, രാഘവന്റെ യോദ്ധാക്കളാണെന്ന് അവര്‍ ലോകത്തോട് പറഞ്ഞു.
ഭഗവാന്‍ രാമന്‍ സിംഹാസനസ്ഥനായിരിക്കുന്നു. ശക്തി പുനഃസ്ഥാപിക്കപ്പെട്ടു, നമ്മുടെ പൂര്‍വ്വികര്‍ 500 വര്‍ഷം തലപ്പാവോ പാദരക്ഷയോ ധരിക്കാതെ നടത്തിയ തപസ്സുണ്ട് ഈ നേട്ടത്തിന് പിന്നിലെന്ന് സാധ്വി ചൂണ്ടിക്കാട്ടി. പോരാട്ടത്തിന്റെ ഈ നാളുകളില്‍ നമ്മുടെ അമ്മമാര്‍ ആണ്‍മക്കളെ രാമജന്മഭൂമിയിലേക്ക് സമര്‍പ്പിച്ചു. സരയു അക്കാലം അവരുടെ രക്തത്താല്‍ ചുവന്നിരുന്നു. ഇന്ന്, ആ ധീരന്മാരുടെ സമര്‍പ്പണപതാകയാണ് ദുര്‍ഗാക്ഷേത്രത്തിന്റെ ആകാശത്ത് പറക്കുന്നത്. ഓരോ അമ്മമാരും ജഗദംബയുടെ സിന്ദൂരം പ്രസാദമായി എടുക്കുക. വീട്ടിലെത്തുമ്പോള്‍, നിങ്ങളുടെ കുട്ടികള്‍ നെറ്റിയിലെ സിന്ദൂരത്തിന്റെ മൂല്യം അറിയണം., ഋതംഭര ആഹ്വാനം ചെയ്തു.
സ്വാതന്ത്ര്യം എന്നത് അരാജകത്വത്തിനുള്ള അവസരമാണെന്ന് ചിലര്‍ കരുതുന്നു. ഭരിക്കുന്നത് കൊണ്ട് അച്ചടക്കമുണ്ടാവണമെന്നില്ല. ഭാരതം ഭാരതമായി തുടരണമെങ്കില്‍ നമ്മള്‍ അതിനായി ആഗ്രഹിക്കണം. നമ്മുടെ ഇച്ഛ പ്രബലമാണെങ്കില്‍ ഹിരണ്യകശിപുവിന്റെ വീട്ടിലും പ്രഹ്ലാദന്മാര്‍ പിറക്കും. എന്നാല്‍ നമ്മുടെ വ്രതം നന്നല്ലെങ്കില്‍ മഹാമുനി വിശ്രവസ്സിന്റെ ആശ്രമത്തിലും രാവണന്മാര്‍ പിറക്കും. അതുകൊണ്ട് അമ്മമാര്‍ ശക്തി തിരിച്ചറിഞ്ഞ് നമ്മുടെ തലമുറകളോടുള്ള ഉത്തരവാദിത്തം ഏറ്റെടുക്കണം. നമ്മുടെ പെണ്‍കുട്ടികള്‍ ദുര്‍ഗകളായി വളരണമെന്ന് പ്രതിജ്ഞയെടുക്കണം. അവര്‍ ലൗജിഹാദിന്റെ ഇരകളാകില്ലെന്ന് തീരുമാനിക്കണം.
ഗോമാതാക്കളുടെ രക്തം വീണ് ഭൂമീമാതാവ് വ്യാകുലയാകില്ലെന്ന് നമ്മള്‍ ഉറപ്പ് വരുത്തണം. ഒരിക്കല്‍ കൂടി നമ്മള്‍ കൗസല്യമാരും ദേവകിമാരുമാകണം. നമ്മള്‍ ജീവിച്ചാലും ഇല്ലെങ്കിലും ഭാരതം നിലനില്‍ക്കണമെന്ന് എപ്പോഴും ഓര്‍മ്മയില്‍ വയ്‌ക്കണം, സാധ്വി ഋതംഭര പറഞ്ഞു.
മഹിളാ സമന്വയം സംയോജക മീനാക്ഷി തായ് പേഷ്വാ, മഹാമണ്ഡലേശ്വര്‍ സാധ്വി മൈത്രി, കേന്ദ്ര പിന്നാക്ക കമ്മീഷന്‍ ദേശീയ അധ്യക്ഷ സാധ്വി നിരഞ്ജന്‍ ജ്യോതി, സാധ്വി പരിഷത്ത് ജനറല്‍ സെക്രട്ടറി സാധ്വി പ്രജ്ഞാ ഭാരതി എന്നിവരും സംസാരിച്ചു. ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ന്യാസ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് ആമുഖ ഭാഷണം നടത്തി.
















