കൊച്ചി: എറണാകുളക്ക് ലേഡീസ് ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി യുവതിയെ കടന്നുപിടിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആലുവ കുഴിവേലിപ്പടിയില്‍ വാടകയ്‌ക്ക് താമസിക്കുന്ന ആലപ്പുഴ കാട്ടൂർ സ്വദേശി റോബിൻ ദാസാണ് (39) അറസ്റ്റിലായത്. പാലാരിവട്ടം മെട്രോസ്റ്റേഷന് സമീപത്തുള്ള ലേഡീസ് ഹോസ്റ്റലില്‍ താമസിക്കുന്ന യുവതിയേയാണ് പ്രതി കടന്നുപിടിച്ചത്.
മേയ് 12-ാം തീയതി പുലർച്ചെ 04.00 മണിയോടെ ഹോസ്റ്റലില്‍ അതിക്രമിച്ച് കയറിയ പ്രതി ഹോസ്റ്റല്‍ റൂമില്‍ ഉറങ്ങികിടന്ന യുവതിയെ ബലമായി കടന്നു പിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഉറക്കത്തില്‍ നിന്നുണർന്ന യുവതി ഒച്ചവച്ചതോടെ പ്രതി ഹോസ്റ്റലില്‍ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് യുവതി പോലീസില്‍ പരാതി നല്‍കി. ഹോസ്റ്റലിലെയും പരിസരപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പാലാരിവട്ടം പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
















