
ന്യൂഡൽഹി: അധ്യാപികയെ അറസ്റ്റ് ചെയ്തതിനെത്തുടർന്ന ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലെ കണ്ണികൾക്കായി അന്വേഷണം വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ച് സിബിഐ. ചോദ്യപേപ്പർ ചോർച്ചയിൽ കൂടുതൽ അധ്യാപകർക്ക് പങ്കുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചേക്കുമെന്ന് സൂചന.കേസിൽ അറസ്റ്റിലായ അധ്യാപിക മനീഷ സഞ്ജയ് ഹവിൽദാറിനെ ചോദ്യം ചെയ്തതിൽ നിന്നാണ് സിബിഐക്ക് നിർണായക വിവരങ്ങൾ ലഭിച്ചത്.
ചോദ്യപേപ്പർ ചോർച്ചയിലെ കണ്ണികൾ വിവിധ സംസ്ഥാനങ്ങളിൽ വ്യാപിച്ചുകിടക്കുകയാണെന്ന് അന്വേഷണസംഘം കണ്ടെത്തി. കോച്ചിങ് സെന്‍ററുകൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കാനാണ് സിബിഐ നീക്കം. മനീഷ സഞ്ജയ്, മനീഷ മണ്ഡൊരെ എന്നീ അധ്യാപകർ വിവിധ കേന്ദ്രങ്ങളിലേക്ക് ചോദ്യപേപ്പർ പകർപ്പ് അയച്ചുനൽകിയതായാണ് വിവരം. ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ, കേരളം എന്നീ സംസ്ഥാനങ്ങളിലേക്ക് അന്വേഷണസംഘം ഉടനെത്തും.കോച്ചിങ് സെന്‍ററുകൾ കേന്ദ്രീകരിച്ച് വൻ പണമിടപാടാണ് നടന്നതെന്നും സിബിഐ വൃത്തങ്ങൾ വ്യക്തമാക്കി.