എല്ലോറയില്‍ പന്ത്രണ്ട് ബുദ്ധഗുഹകളും പതിനേഴുഹിന്ദുഗുഹകളും അഞ്ച് ജൈനഗുഹകളും ഉള്‍പ്പെടുന്നു. വ്യത്യസ്ത മതവിശ്വാസങ്ങള്‍ ഒരേ മലനിരയില്‍ സമാധാനപരമായി സഹവര്‍ത്തിത്വം പുലര്‍ത്തിയിരുന്നുവെന്നത് ഭാരതത്തിന്റെ സാംസ്‌കാരിക വിശാലതയെ സൂചിപ്പിക്കുന്നു. മതപരമായ വൈവിധ്യം സംഘര്‍ഷത്തിലേക്കല്ല, സൃഷ്ടിപരമായ കലാസമ്പത്തിലേക്കാണ് നയിച്ചതെന്ന് എല്ലോറ ഗുഹകള്‍ തെളിയിക്കുന്നു
ഭാരതത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തില്‍ അതുല്യമായ സ്ഥാനമാലങ്കരിക്കുന്ന ചരിത്രസ്മാരകങ്ങളിലൊന്നാണ് എല്ലോറ ഗുഹകള്‍. മഹാരാഷ്‌ട്രയിലെ ഔറംഗാബാദ് (ഛത്രപതി സംഭാജി നഗര്‍) ജില്ലയിലെ ചരണാദ്രി മലനിരകളില്‍ സ്ഥിതി ചെയ്യുന്ന ഈ ഗുഹാസമുച്ചയം, ഭാരതീയ ശില്പകലയുടെ, മതചിന്തയുടെ, സാങ്കേതിക മികവിന്റെ, കലാപാരമ്പര്യത്തിന്റെ മഹത്തായ പ്രതീകമായി കണക്കാക്കപ്പെടുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചരിത്രപഠിതാക്കളെയും കലാസ്വാദകരെയും സഞ്ചാരികളെയും ഒരുപോലെ ആകര്‍ഷിക്കുന്ന എല്ലോറ ഗുഹകള്‍, മനുഷ്യന്റെ സൃഷ്ടിപരമായ കഴിവിന്റെ അപൂര്‍വ സാക്ഷ്യമാണ്. ചരിത്രത്തെ ഗ്രന്ഥങ്ങളില്‍ മാത്രം ഒതുക്കാതെ, പാറകളില്‍ കൊത്തിവച്ച മഹാകാവ്യമായി നിലനില്‍ക്കുന്നതാണ് എല്ലോറ. നൂറ്റാണ്ടുകള്‍ കടന്നുപോയിട്ടും ഈ ഗുഹകളുടെ ഭംഗിയും ശില്പസമ്പത്തും അതേ തനിമയോടെ നിലകൊള്ളുന്നു. ഓരോ ഗുഹയും ഓരോ ശില്പവും പുരാതന ഭാരതത്തിന്റെ ആത്മാവിനെയും കലാസങ്കല്പങ്ങളെയും കുറിച്ചുള്ള വിലപ്പെട്ട അടയാളങ്ങളാണ്.
ചരിത്രപശ്ചാത്തലം
എല്ലൂര്‍പുരം എന്ന വാക്ക് ലോപിച്ചാണ് എല്ലോറയായത്. ഏ.ഡി. 600-1000 കാലഘട്ടത്തിലാണ് എല്ലോറ ഗുഹകള്‍ നിര്‍മ്മിക്കപ്പെട്ടത്. രാഷ്‌ട്രകൂടര്‍, യാദവര്‍ തുടങ്ങിയ രാജവംശങ്ങളുടെ ഭരണകാലത്ത് ഈ ശിലാസൃഷ്ടികള്‍ വികസിച്ചു. അന്നത്തെ ഭരണാധികാരികള്‍ കലയ്‌ക്ക് നല്‍കിയ പ്രാധാന്യത്തിന്റെ തെളിവായി എല്ലോറ നിലകൊള്ളുന്നു. നൂറിലധികം ഗുഹകളുള്ളതില്‍ മുപ്പത്തിനാലില്‍ മാത്രമാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനമുള്ളത്. ഇവയില്‍ പന്ത്രണ്ട് ബുദ്ധഗുഹകളും (ഗുഹകള്‍ 1-12) പതിനേഴു ഹിന്ദുഗുഹകളും (ഗുഹകള്‍ 13-29) അഞ്ച് ജൈനഗുഹകളും (ഗുഹകള്‍ 30-34) ഉള്‍പ്പെടുന്നു. വ്യത്യസ്ത മതവിശ്വാസങ്ങള്‍ ഒരേ മലനിരയില്‍ സമാധാനപരമായി സഹവര്‍ത്തിത്വം പുലര്‍ത്തിയിരുന്നുവെന്നത് ഭാരതത്തിന്റെ സാംസ്‌കാരിക വിശാലതയെ സൂചിപ്പിക്കുന്നു.
മതപരമായ വൈവിധ്യം സംഘര്‍ഷത്തിലേക്കല്ല, സൃഷ്ടിപരമായ കലാസമ്പത്തിലേക്കാണ് നയിച്ചതെന്ന് എല്ലോറ ഗുഹകള്‍ തെളിയിക്കുന്നു. ഈ ഗുഹകള്‍ നിര്‍മ്മിച്ച ശില്പികളുടെയും കലാകാരന്മാരുടെയും പേരുകള്‍ ചരിത്രത്തില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ അവരുടെ പ്രതിഭയും കഠിനാധ്വാനവും ഓരോ ശില്പത്തിലും വ്യക്തമായി കാണാം. ലളിതമായ ഉപകരണങ്ങള്‍ മാത്രം ഉപയോഗിച്ച് ഇത്രയും വലിപ്പവും സൂക്ഷ്മതയുമുള്ള ശിലാസൃഷ്ടികള്‍ നിര്‍മിച്ചിരിക്കുന്നത് അത്ഭുതത്തോടെയാണ് ലോകം കാണുന്നത്.
ശില്‍പ്പകലയുടെ അപൂര്‍വത
എല്ലോറയുടെ വലിയ പ്രത്യേകത, അവ പാറ വെട്ടിമുറിച്ച് നിര്‍മ്മിച്ച ഏകശിലാസൃഷ്ടികളാണെന്നതാണ്. ഗുഹകളുടെ അകത്തളങ്ങളില്‍ കാണുന്ന ശില്പങ്ങളും അലങ്കാരങ്ങളും പുരാതന ഭാരതീയ കലയുടെ ഉന്നത നിലവാരം തെളിയിക്കുന്നു. ദേവതകളുടെ രൂപങ്ങള്‍, പുരാണകഥാസന്ദര്‍ഭങ്ങള്‍, നൃത്തരൂപങ്ങള്‍, സംഗീതരംഗങ്ങള്‍, യുദ്ധദൃശ്യങ്ങള്‍ എന്നിവ അതീവ സൂക്ഷ്മതയോടെ കൊത്തിയിരിക്കുന്നു. ഓരോ ശില്പത്തിലും ജീവന്‍ തുടിക്കുന്ന ഭാവങ്ങല്‍ പ്രകടമാകുന്നു. തൂണുകളുടെയും മണ്ഡപങ്ങളുടെയും രൂപകല്പനയില്‍ ഗണിതശാസ്ത്രപരമായ കൃത്യത കാണാം. പ്രകാശവും വായുസഞ്ചാരവും പരിഗണിച്ചാണ് ഗുഹകളുടെ ആന്തരിക വിന്യാസം. അതിനാല്‍ പുരാതന ഭാരതീയ ശില്പികള്‍ക്ക് എഞ്ചിനീയറിങ് മേഖലയിലും ആഗധമായ പാണ്ഡിത്യം ഉണ്ടായിരുന്നുവെന്ന് മനസ്സിലാക്കാം.
കൈലാസനാഥ ക്ഷേത്രം
എല്ലോറയിലെ ഏറ്റവും പ്രശസ്തവും അതുല്യവുമായ നിര്‍മ്മിതിയാണ് കൈലാസനാഥ ക്ഷേത്രം. ലോകത്തിലെ ഏറ്റവും വലിയ ഏകശിലാ ശില്പസൃഷ്ടികളിലൊന്നായി ഇത് അറിയപ്പെടുന്നു. സാധാരണ ക്ഷേത്രനിര്‍മാണരീതികളില്‍ നിന്ന് വ്യത്യസ്തമായി, മുകളില്‍ നിന്ന് താഴേക്കാണ് ഇത് കൊത്തിയെടുത്തത്. രാഷ്‌ട്രകൂട രാജാവായ കൃഷ്ണന്‍ ഒന്നാമന്റെ കാലത്താണ് ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതപ്പെടുന്നു. നമ്മുടെ 20 രൂപ നോട്ടില്‍ കൈലാസനാഥ ക്ഷേത്രത്തിന്റെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. ഭഗവാന്‍ ശിവന്റെ ആസ്ഥാനമായ കൈലാസപര്‍വതത്തെ പ്രതിനിധാനം ചെയ്യുന്ന തരത്തിലാണ് ഈ ക്ഷേത്രത്തിന്റെ രൂപകല്പന. ഏകദേശം രണ്ടുലക്ഷം ടണ്‍ പാറ നീക്കം ചെയ്താണ് ക്ഷേത്രം നിര്‍മ്മിച്ചതെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഭിത്തികളില്‍ രാമായണവും മഹാഭാരതവും ഉള്‍പ്പെടെയുള്ള പുരാണകഥകളുടെ ദൃശ്യങ്ങള്‍ കൊത്തിവെച്ചിട്ടുണ്ട്. രാവണന്‍ കൈലാസം ഉയര്‍ത്തുന്ന ദൃശ്യവും ശിവതാണ്ഡവരംഗങ്ങളും അതീവ ഭംഗിയോടെ അവതരിപ്പിച്ചിരിക്കുന്നു. ശില്പങ്ങളുടെ ഭാവസൗന്ദര്യവും കൃത്യതയും ഇന്നത്തെ സാങ്കേതിക വിദ്യകളെയും അത്ഭുതപ്പെടുത്തുന്ന തരത്തിലാണ്.
ക്ഷേത്ര മണ്ഡപങ്ങള്‍, ശിലാസ്തംഭങ്ങള്‍, ആനശില്പങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്ന് ഒരു ഭൗതികനിര്‍മ്മിതിയെക്കാള്‍ കൂടുതല്‍ ആത്മീയവും കലാപരവുമായ അനുഭവം സമ്മാനിക്കുന്നു. സന്ദര്‍ശകര്‍ക്ക് ഇത് വെറുമൊരു ചരിത്രസ്മാരകമല്ല, ഭാരതീയ കലാപാരമ്പര്യത്തിന്റെ മഹത്വം നേരില്‍ കാണാനുള്ള അവസരവുമാണ്.
ബുദ്ധഗുഹകളുടെ ആത്മീയശാന്തി
എല്ലോറയിലെ ആദ്യത്തെ പന്ത്രണ്ട് ഗുഹകള്‍ ബുദ്ധമതവുമായി ബന്ധപ്പെട്ടവയാണ്. ഇവയില്‍ വിഹാരങ്ങളും പ്രാര്‍ത്ഥനാമന്ദിരങ്ങളും ധ്യാനകേന്ദ്രങ്ങളും ഉള്‍പ്പെടുന്നു. ബുദ്ധസന്യാസിമാര്‍ താമസിക്കുകയും പഠനപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തുപോന്ന കേന്ദ്രങ്ങളായിരുന്നു ഇവ. ബുദ്ധന്റെ ബൃഹത്തായ പ്രതിമകളും ലളിതമായ ശില്പശൈലിയും ഈ ഗുഹകളുടെ പ്രധാന സവിശേഷതകളാണ്. ധ്യാനത്തിന് അനുയോജ്യമായ രീതിയിലാണ് ഇവയുടെ നിര്‍മ്മാണം. ചില ഗുഹകളില്‍ ഇരുനിലകളും മൂന്നുനിലകളും കാണാം.
വിശ്വകര്‍മ്മ ഗുഹ അഥവ ‘കാര്‍പെന്റേഴ്‌സ് കേവ്’ ബുദ്ധഗുഹകളില്‍ ഏറ്റവും ശ്രദ്ധേയമാണ്. മരംകൊണ്ട് നിര്‍മ്മിച്ചതുപോലെ തോന്നിക്കുന്ന ശില്പം ഈ ഗുഹയുടെ പ്രത്യേകതയാണ്. വലിയ ചൈത്യഗൃഹവും (പ്രാര്‍ത്ഥനാമുറി) ബുദ്ധപ്രതിമയും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. ബുദ്ധഗുഹകളുടെ ശാന്തമായ അന്തരീക്ഷം ഇന്നും ആത്മീയമായ അനുഭൂതി സമ്മാനിക്കുന്നു. കാലം മാറിയിട്ടും ധ്യാനത്തിന്റെ നിശ്ശബ്ദത ഈ ഗുഹകളില്‍ നിലനില്‍ക്കുന്നതായി അനുഭവപ്പെടുന്നു.

ജൈനഗുഹകളുടെ സൂക്ഷ്മസൗന്ദര്യം
എല്ലോറയിലെ അവസാനത്തെ അഞ്ച് ഗുഹകള്‍ ജൈനമതവുമായി ബന്ധപ്പെട്ടവയാണ്. മറ്റ് ഗുഹകളെ അപേക്ഷിച്ച് അലങ്കാരപ്രാധാന്യം കൂടുതലുള്ളവയാണ് ജൈനഗുഹകള്‍. തീര്‍ത്ഥങ്കരന്മാരുടെ പ്രതിമകള്‍, അലങ്കാരമണ്ഡപങ്ങള്‍ എന്നിവ അതീവ ശ്രദ്ധയോടെ നിര്‍മ്മിച്ചിരിക്കുന്നു. ചെറിയ ഭാഗങ്ങളില്‍ പോലും അസാധാരണമായ ശില്പകൗശലം കാണാം. ജൈനമതത്തിന്റെ പ്രത്യേകതകള്‍ ഈ ഗുഹകളുടെ രൂപകല്പനയില്‍ പ്രതിഫലിക്കുന്നു.
മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകം
എല്ലോറ ഗുഹകളുടെ സവിശേഷതകളിലൊന്നാണ് മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശം. ബുദ്ധ, ഹിന്ദു, ജൈന മതങ്ങളുമായി ബന്ധപ്പെട്ട ഗുഹകള്‍ ഒരേ സ്ഥലത്ത് നിലകൊള്ളുന്നത് ഭാരതത്തിന്റെ സഹിഷ്ണുതാപാരമ്പര്യത്തിന്റെ തെളിവാണ്. വ്യത്യസ്ത മതവിശ്വാസങ്ങള്‍ പരസ്പരം മാനിച്ചുകൊണ്ട് വളര്‍ന്നുവന്ന ഒരു സമൂഹത്തിന്റെ ചിത്രമാണ് എല്ലോറ അവതരിപ്പിക്കുന്നത്. ചില ശില്പരൂപങ്ങളിലും നിര്‍മ്മാണശൈലികളിലും ഈ പരസ്പരബന്ധം വ്യക്തമാണ്. ഇന്നത്തെ ലോകത്ത് മതവിഭജനങ്ങളും സംഘര്‍ഷങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, എല്ലോറ മനുഷ്യരാശിക്ക് സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശമാണ് നല്‍കുന്നത്.
അധിനിവേശത്തിന്റെ മുറിവുകള്‍
മധ്യകാലഘട്ടത്തിലെ അധിനിവേശങ്ങളും ആക്രമണങ്ങളും ഗുഹകള്‍ക്ക് സാരമായ നാശം വരുത്തിയിട്ടുണ്ട്. ശില്പങ്ങളുടെ മുഖഭാഗങ്ങളും കൈകളും തകര്‍ത്ത നിലയില്‍ കാണാം. നിരവധി ശില്പങ്ങളുടെ മൂക്കും കണ്ണുകളും വികൃതമാക്കിയിട്ടുണ്ട്. അംഗഭംഗം വരുത്തിയ ആനകളുടെ ശില്പങ്ങള്‍ കാഴ്ചക്കാരുടെ കണ്ണുകള്‍ ഈറന്‍ അണിയിക്കും. ക്ഷേത്രങ്ങളുടെ ആത്മീയപ്രാധാന്യത്തെയും കലാസൗന്ദര്യത്തെയും തകര്‍ക്കാനുള്ള ശ്രമങ്ങളായിരുന്നു ഇതിന്റെ പിന്നില്‍. ഭിത്തികളിലെ കൊത്തുപണികളിലും ദേവശില്പങ്ങളിലും ആക്രമണത്തിന്റെ മുറിവുകള്‍ അവശേഷിക്കുന്നു. എങ്കിലും, പാറയില്‍ കൊത്തിയെടുത്ത ഈ മഹാസൃഷ്ടികളെ പൂര്‍ണമായി ഇല്ലാതാക്കാന്‍ ആക്രമണകാരികള്‍ക്ക് കഴിഞ്ഞിട്ടില്ല. തകര്‍ന്ന ശില്പങ്ങള്‍ പോലും എല്ലോറയുടെ മഹത്വത്തെയും അതിജീവനശേഷിയെയും സാക്ഷ്യപ്പെടുത്തുന്നു.
ലോകപൈതൃക പട്ടികയില്‍
1983-ല്‍ എല്ലോറ ഗുഹകളെ ലോകപൈതൃകപട്ടികയില്‍ ഉള്‍പ്പെടുത്തി. ഈ അംഗീകാരം എല്ലോറയുടെ ചരിത്ര-സാംസ്‌കാരിക പ്രാധാന്യം ലോകത്തിന് മുന്നില്‍ കൂടുതല്‍ വ്യക്തമാക്കി. ഇന്ന് ഭാരതത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് എല്ലോറ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍, ഗവേഷകര്‍, ചരിത്രവിദ്യാര്‍ത്ഥികള്‍ എന്നിവരെല്ലാം ഇവിടെ എത്തുന്നു. പുരാവസ്തു വകുപ്പ്, ഗുഹകളുടെ സംരക്ഷണത്തിനായി വിവിധ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. മഴ, കാലാവസ്ഥാവ്യതിയാനം, മനുഷ്യരുടെ ഇടപെടല്‍ എന്നിവ മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ കുറയ്‌ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
ചരിത്രപഠനത്തിനും ശില്പകലാ ഗവേഷണത്തിനും എല്ലോറ വലിയ പ്രാധാന്യമുള്ള സ്ഥലമാണ്. ഭാരതീയ ശില്പകലയുടെ വികാസം പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഒരു തുറന്ന സര്‍വകലാശാലയാണ്. സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളും വിദേശ ഗവേഷകരും നിരന്തരം ഇവിടെ സന്ദര്‍ശനം നടത്തുന്നു. പുരാതന ഭാരതീയ സംസ്‌കാരത്തിന്റെ വിവിധ തലങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ എല്ലോറ സഹായിക്കും. വിനോദസഞ്ചാരമേഖലയിലും എല്ലോറയ്‌ക്ക് വലിയ സംഭാവനയുണ്ട്. മഹാരാഷ്‌ട്രയുടെ സമ്പദ്വ്യവസ്ഥയില്‍ ഈ പൈതൃകകേന്ദ്രം പ്രധാന പങ്കുവഹിക്കുന്നു. സമീപ പ്രദേശങ്ങളിലെ നിരവധി ആളുകള്‍ക്ക് തൊഴില്‍സാധ്യതകളും ഇതിലൂടെ ലഭിക്കുന്നുണ്ട്.
അനശ്വര സ്മാരകം
എല്ലോറ ഗുഹകള്‍ വെറും പാറക്കെട്ടുകളല്ല. അവ ഭാരതത്തിന്റെ സാംസ്‌കാരികബോധത്തിന്റെ, കലാസമ്പത്തിന്റെ, ആത്മീയചിന്തയുടെ, സാങ്കേതികമികവിന്റെ ജീവിച്ചിരിക്കുന്ന രേഖകളാണ്. നൂറ്റാണ്ടുകള്‍ക്കുമുമ്പ് മനുഷ്യന്റെ കൈകള്‍ സൃഷ്ടിച്ച ഈ അത്ഭുതങ്ങള്‍ ഇന്നും ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു. ചരിത്രത്തെ സ്‌നേഹിക്കുന്നവര്‍ക്കും കലാസൗന്ദര്യം ആസ്വദിക്കുന്നവര്‍ക്കും ആത്മീയത തേടുന്നവര്‍ക്കും ഒരുപോലെ അനുയോജ്യമായ ഇടമാണ് എല്ലോറ. ഓരോ ഗുഹയും ഒരോ കഥ പറയുന്നു; ഓരോ ശില്പവും ഒരോ കാലഘട്ടത്തെ ഓര്‍മ്മപ്പെടുത്തുന്നു.
കാലത്തിന്റെ ഒഴുക്കില്‍ പല സംസ്‌കാരങ്ങളും മറഞ്ഞുപോയെങ്കിലും, എല്ലോറ അതിന്റെ മഹത്വം കൈവിടാതെ ഭാരതീയ പൈതൃകത്തിന്റെ ശാശ്വതസ്മാരകമായി, ചരിത്രത്തിന്റെ അഭിമാനമായി നിലകൊള്ളും.
















