Kerala

ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച 48 പവന്‍ സ്വര്‍ണം കാണാതായി; കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ബാങ്കിന് മുന്നില്‍ സമരവുമായി കുടുംബം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊല്ലം: കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള കൊല്ലം പേരൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ലോക്കറില്‍ സൂക്ഷിച്ച 48 പവന്‍ സ്വര്‍ണം കാണാതായതില്‍ ബാങ്കിന് മുന്നില്‍ സമരവുമായി കുടുംബം. കഴിഞ്ഞ മാസം 27നുണ്ടായ സംഭവത്തില്‍ ഇതുവരെയും നടപടി ഉണ്ടായില്ല. സംഭവത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ബാങ്ക് അധികൃതരെ ഉപരോധിച്ചു.

2013 മുതലാണ് പേരൂര്‍ സ്വദേശിയായ ധന്യ സര്‍വീസ് സഹകരണ ബാങ്കിലെ ലോക്കറില്‍ സ്വര്‍ണം വച്ച് തുടങ്ങുന്നത്. 2024 ഡിസംബര്‍ 10നെത്തി ഒരു കൈച്ചെയ്ന്‍ മാത്രം എടുത്ത് മടങ്ങുകയായിരുന്നു. വീണ്ടും ഏപ്രില്‍ 27ന് ബാങ്കിലെത്തി നോക്കുമ്പോള്‍ ലോക്കറില്‍ സ്വര്‍ണമില്ല. 48 പവന്‍ നഷ്ടമായതായാണ് ധന്യയുടെ പരാതി.

യുവതി പോലീസിലും ബാങ്ക് അധികൃതര്‍ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെയും നടപടി ഉണ്ടായില്ല. ഇതേതുടര്‍ന്നാണ് കുട്ടികള്‍ അടങ്ങുന്ന കുടുംബത്തോടൊപ്പം ബാങ്കിന് മുന്നില്‍ സമരം ആരംഭിച്ചത്. പരാതി ലഭിച്ച സമയം തന്നെ പോലീസില്‍ വിവരം ധരിപ്പിച്ചു എന്നാണ് ബാങ്ക് ഭരണസമിതിയുടെ വിശദീകരണം.

എന്നാല്‍ സ്വര്‍ണം എവിടെ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ഇല്ല. സംഭവത്തില്‍ കിളികൊല്ലൂര്‍ പോലീസ് ബാങ്കിലെത്തി രേഖകള്‍ പരിശോധിച്ചു. പരാതില്‍ അന്വേഷണം തുടരുകയാണ്. നടപടി ഉണ്ടാകുന്നത് വരെ സമരം തുടരാനാണ് ധന്യയുടെയും കുടുംബത്തിന്റെയും തീരുമാനം.